കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തര്‍ അമീറിനെ പുറത്താക്കാന്‍ സൗദി ശ്രമം; ആ മോഹം പൂവണിയുമോ?

ഖത്തര്‍ അമീറിനെ പുറത്താക്കാന്‍ സൗദി ശ്രമം; ആ മോഹം പൂവണിയുമോ?

  • By Desk
Google Oneindia Malayalam News

ദോഹ: ഖത്തര്‍ ഭരണാധികാരി ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയെ താഴെയിറക്കാന്‍ സൗദി അറേബ്യയ്ക്ക് മോഹം. നേരത്തേ ഇത് രഹസ്യമായിരുന്നുവെങ്കിലും ബലിപെരുന്നാളിനോടനുബന്ധിച്ചാണ് ഈ ആഗ്രഹം പരസ്യമാക്കിയത്. സൗദി അമേരിക്കന്‍ പബ്ലിക് റിലേഷന്‍ അഫയേഴ്‌സ് കമ്മിറ്റി പ്രസിഡന്റ് സല്‍മാന്‍ അല്‍ അന്‍സാരിയാണ് തന്റെ ട്വിറ്റര്‍ സന്ദേശത്തിലൂടെ ഈ മോഹം പ്രകടിപ്പിച്ചത്. ഭീകരവിരുദ്ധ സഖ്യം ശെയ്ഖ് അബ്ദുല്ല ബിന്‍ ആല്‍ഥാനിയെ ഖത്തറിന്റെ നിയമാനുസൃത ഭരണാധികാരിയായി പ്രഖ്യാപിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വിറ്റര്‍ സന്ദേശം.

ഖത്തറിനെതിരായ സൗദി, യു എ ഇ, ബഹ്‌റൈന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം മൂന്നു മാസം പിന്നിടുന്ന ഘട്ടത്തിലായിരുന്നു സൗദി നേതാവിന്റെ ഈ ആഗ്രഹപ്രകടനം. നിരവധി സൗദികള്‍ ഇതിന് പിന്തുണയുമായി എത്തുകയും ചെയ്തു.

ആരാണ് ശെയ്ഖ് അബ്ദുല്ല?

ആരാണ് ശെയ്ഖ് അബ്ദുല്ല?

ഖത്തര്‍ ഭരിക്കുന്ന അല്‍ഥാനി കുടുംബത്തിലെ മുതിര്‍ന്ന അംഗമാണ് ശെയ്ഖ് അബ്ദുല്ല. അദ്ദേഹത്തിന്റെ പിതാമഹന്‍ ശെയ്ഖ് അബ്ദുല്ല ബിന്‍ ജാസിം അല്‍ഥാനി ഖത്തറിന്റെ മൂന്നാമത്തെയും പിതാവ് ശെയ്ഖ് അലി നാലാമത്തെയും ഭരണാധികാരിയായിരുന്നു. സഹോദരന്‍ ശെയ്ഖ് അഹ്മദായിരുന്നു പിന്നീട് ഭരണം നടത്തിയത്. 1972ല്‍ നിലവിലെ അമീര്‍ ശെയ്ഖ് തമീം അല്‍ഥാനിയുടെ പിതാമഹന്‍ ശെയ്ഖ് ഖലീഫ അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കി അധികാരം പിടിച്ചെടുക്കുകയായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ മകനും നിലവിലെ അമീറിന്റെ പിതാവുമായ ശെയ്ഖ് ഹമദ് അല്‍ഥാനി ഭരണമേറ്റെടുത്തു. സൗദിയില്‍ സ്വത്തുക്കളുള്ള ശെയ്ഖ് അബ്ദുല്ല സൗദി സ്ത്രീയെയാണ് വിവാഹം ചെയ്തത്. സല്‍മാന്‍ രാജാവിന്റെ കൂടെയായിരുന്നു അദ്ദേഹത്തിന്റെ ഇത്തവണത്തെ പെരുന്നാളാഘോഷം.

ഹജ്ജ് വിഷയത്തില്‍ മധ്യസ്ഥം

ഹജ്ജ് വിഷയത്തില്‍ മധ്യസ്ഥം

കഴിഞ്ഞ മാസം വരെ അറബ് ലോകത്ത് അധികമൊന്നും കേട്ടിട്ടില്ലാത്ത പേരായിരുന്നു ശെയ്ഖ് അബ്ദുല്ല അല്‍ഥാനിയുടേത്. എന്നാല്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും തുടര്‍ന്ന് സല്‍മാന്‍ രാജാവുമായും നടത്തിയ ചര്‍ച്ചയാണ് ഇദ്ദേഹത്തെ പൊതുജനമധ്യത്തില്‍ ചര്‍ച്ചാവിഷയമാക്കിയത്. ഖത്തറിനെതിരേ അറബ് രാജ്യങ്ങള്‍ പ്രഖ്യാപിച്ച ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ ഖത്തറില്‍ നിന്നുള്ളവര്‍ക്ക് ഹജ്ജ് തീര്‍ഥാടനത്തിനായി സൗദിയിലെത്താന്‍ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സൗദി കിരീടാവകാശിയുമായി നടത്തിയ ചര്‍ച്ചയില്‍ സല്‍വ അതിര്‍ത്തി വഴി ഖത്തരി തീര്‍ഥാടകര്‍ക്ക് സൗദിയിലേക്ക് പ്രവേശിക്കാന്‍ അനുമതി ലഭിക്കുകയായിരുന്നു.

പുതിയ ട്വിറ്റര്‍ എക്കൗണ്ട് തുടങ്ങി

പുതിയ ട്വിറ്റര്‍ എക്കൗണ്ട് തുടങ്ങി


ഹജ്ജ് മധ്യസ്ഥവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കു ശേഷം ശെയ്ഖ് അബ്ദുല്ല പുതിയൊരു ട്വിറ്റര്‍ അക്കൗണ്ട് ആരംഭിച്ചിരുന്നു. മധ്യസ്ഥവുമായി ബന്ധപ്പെട്ട് ഇദ്ദേഹം നല്‍കിയ ട്വിറ്റര്‍ സന്ദേശത്തിന് മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ട് ലക്ഷത്തിലേറെ ഫോളോവേഴ്സിനെ ലഭിച്ചു. 40,000 തവണ ഇത് റീട്വീറ്റ് ചെയ്യപ്പെടുകയുമുണ്ടായി. ഖത്തരികള്‍ക്ക് വേണ്ടിയായിരുന്നു തന്റെ ശ്രമമെന്ന് പറഞ്ഞ അദ്ദേഹം സൗദി രാജാവിനെയും മകനെയും വാനോളം പുകഴ്ത്തുകയും ചെയ്തിരുന്നു. ഖത്തരികള്‍ക്കിടയില്‍ ജനസമ്മതി നേടാനുള്ള തന്ത്രമായിരുന്നു ഈ ട്വിറ്റര്‍ സന്ദേശമെന്നാണ് വിലയിരുത്തപ്പെട്ടത്. ഇദ്ദേഹത്തെ മഹത്വവല്‍ക്കരിച്ച് ഖത്തറിനു വെളിയിലുള്ള അറബ് മാധ്യമങ്ങളില്‍ നിരവധി വാര്‍ത്തകളും ലേഖനങ്ങളും പ്രത്യക്ഷപ്പെടുകയുമുണ്ടായി.

സൗദി നീക്കത്തെ പരിഹസിച്ച് ഖത്തര്‍

സൗദി നീക്കത്തെ പരിഹസിച്ച് ഖത്തര്‍

എന്നാല്‍ സൗദി ഭരണാധികാരിയുമായി അബ്ദുല്ല രാജാവ് നടത്തിയത് അദ്ദേഹത്തിന്റെ സൗദിയിലെ സ്വത്തുക്കളുമായി ബന്ധപ്പെട്ട വിഷയങ്ങളായിരിക്കാനാണ് സാധ്യതയെന്നായിരുന്നു ഇതിനെ പരിഹസിച്ചുകൊണ്ടുള്ള ഖത്തര്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ ആല്‍ഥാനിയുടെ പ്രതികരണം.

സൗദി പബ്ലിക് റിലേഷന്‍ നേതാവിന്റെ പുതിയ ട്വിറ്റര്‍ സന്ദേശത്തോട് ഖത്തര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍ തീര്‍ക്കാന്‍ അത്യാവശ്യം പ്രതിസന്ധികള്‍ നിലനില്‍ക്കെ, പുതിയ സംഭവവികാസങ്ങള്‍ അനാവശ്യമാണെന്നായിരുന്നു വിദേശകാര്യമന്ത്രിയുടെ ട്വീറ്റ്.

ശെയ്ഖ് തമീമിന്റെ ജനസമ്മതി കൂടി

ശെയ്ഖ് തമീമിന്റെ ജനസമ്മതി കൂടി

അറബ് ഉപരോധത്തെ തുടര്‍ന്ന് ധീരമായ നിലപാട് സ്വീകരിച്ച ഖത്തര്‍ അമീറിന്റെ ജനപിന്തുണ വര്‍ധിച്ചതായാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. ചെറിയ പ്രയാസങ്ങളുണ്ടായെങ്കിലും ഉപരോധം തീര്‍ത്ത ശക്തമായ വെല്ലുവിളികള്‍ തന്ത്രപരമായ നീക്കങ്ങളിലൂടെ പ്രതിരോധിക്കുന്നതില്‍ ഖത്തര്‍ അമീര്‍ വിജയിച്ചതായാണ് ജനങ്ങളുടെ പൊതു വിലയിരുത്തല്‍.

അമീറിനെ മാറ്റാനുള്ള സല്‍മാന്‍ അന്‍സാരിയുടെ ട്വീറ്റിന് ഖത്തറികളില്‍ നിന്നുണ്ടായ ശക്തമായ പ്രതികരണങ്ങള്‍ തന്നെ അദ്ദേഹത്തിന്റെ ജനസമ്മതിക്കുള്ള തെളിവാണ്. സ്ത്രീകളുടെതടക്കം മനുഷ്യാവകാശങ്ങള്‍ ഹനിക്കുന്ന സൗദിയിലാണ് ആദ്യം ഭരണമാറ്റം വേണ്ടതെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട ട്വിറ്റര്‍ കമന്റുകളിലൊന്ന്. ശെയ്ഖ് അബ്ദുല്ലയെ അത്ര വലിയ ഇഷ്ടമാണെങ്കില്‍ സൗദികള്‍ അദ്ദേഹത്തെ രാജാവായി വാഴിച്ചോട്ടെ എന്ന് മറ്റൊരാള്‍ അഭിപ്രായപ്പെട്ടു. ഖത്തര്‍ മറ്റു രാഷ്ട്രങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നുവെന്നാണ് ഉപരോധത്തിന് കാരണമായി സൗദി പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ ഖത്തറിന്റെ ആഭ്യന്തര കാര്യത്തില്‍ ഇടപെടാനുള്ള ശ്രമമല്ലേ സൗദി നടത്തുന്നത് എന്നതായിരുന്നു മറ്റൊരു പ്രതികരണം.

English summary
The head of a big Saudi lobbying group shocked many people this week by openly calling for regime change in Qatar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X