സൗദിയില്‍ നിക്ഷേപകര്‍ക്ക് സുവര്‍ണാവസരം: ആരോഗ്യ-വിദ്യാഭ്യാസ മേഖലകളും പൂര്‍ണമായി സ്വകാര്യ മേഖലയിലേക്ക് മാറ്റുന്നു
റിയാദ്: ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കുമെന്ന് സൗദി ഇന്‍വെസ്റ്റ് അതോറിറ്റി വ്യക്തമാക്കി. ഇതോടെ വിദേശ കമ്പനികള്‍ക്ക് സൗദിയില്‍ സ്വന്തമായി വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും ആരംഭിക്കാന്‍ അവസരമൊരുങ്ങി. നേരത്തേ സൗദി പൗരന്മാരുമായി ചേര്‍ന്ന് മാത്രമേ ഇത്തരം സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. സ്വകാര്യ ഉടമസ്ഥത കൂടുതല്‍ രംഗങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
പ്രൈമറി സ്കൂളുകള്‍ മുതലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 100 ശതമാനം സ്വകാര്യ ഉടമസ്ഥാവകാശം അനുവദിക്കുന്നത് സൗദിയില്‍ ഇതാദ്യമായാണെന്ന് ജനറല്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി ഗവര്‍ണര്‍ ഇബ്രാഹീം അല്‍ ഉമര്‍ പറഞ്ഞു.
ആരോഗ്യമേഖലയിലെ സേവനങ്ങള്‍ പൂര്‍ണമായും സ്വകാര്യമേഖലയിലേക്ക് മാറ്റുകയാണ്. സര്‍ക്കാര്‍ ഒരു നിയന്ത്രണ ഏജന്‍സി മാത്രമായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ അടുത്ത അഞ്ച് വര്‍ഷത്തിനിടയില്‍ 180 ബില്യണ്‍ ഡോളറിന്റെ നിക്ഷേപ സാധ്യതയാണ് സൗദിയില്‍ സൃഷ്ടിക്കപ്പെടുന്നത്. എന്നാല്‍ പുതിയ തീരുമാനം എന്നു മുതല്‍ നടപ്പില്‍ വരുമെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.
നിലവില്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രികള്‍, രണ്ട് ലക്ഷത്തോളം ഫാര്‍മസികള്‍ എന്നിവ സ്വകാര്യ മേഖലയ്ക്ക് വില്‍ക്കുന്ന കാര്യവും സര്‍ക്കാര്‍ ആലോചിച്ചുവരികയാണ്. കിംഗ് ഫൈസല്‍ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍ വില്‍ക്കുന്നതിനുള്ള നടപടികള്‍ ഇതിനകം ആരംഭിച്ചുകഴിഞ്ഞതായി സാമ്പത്തിക-ആസൂത്രണ മന്ത്രാലയം ഉപമന്ത്രി മുഹമ്മദ് അത്തുവൈരിജി അറിയിച്ചു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്കൂള്‍ കെട്ടിടങ്ങള്‍ സ്വകാര്യ മേഖലയിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി സാമ്പത്തിക ഉപേഷ്ടാവായി എച്ച്.എസ്.ബി.സിയെ ചുമതലപ്പെടുത്തിക്കഴിഞ്ഞു.
അന്താരാഷ്ട്ര തലത്തില്‍ എണ്ണ വിലയുടെ കാര്യത്തില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വത്തെ തുടര്‍ന്ന് മറ്റു സാമ്പത്തിക മേഖലകളിലേക്ക് കൂടി ശ്രദ്ധയൂന്നാന്‍ സൗദി നേരത്തേ തന്നെ തീരുമാനമെടുത്തിരുന്നു. ഇതിന്റെ ഭാഗമായി 2015 മുതല്‍ ചില്ലറ-മൊത്ത വ്യാപാര മേഖലകള്‍ സ്വകാര്യ നിക്ഷേപകര്‍ക്കായി തുറന്നുകൊടുക്കുകയുണ്ടായി. എഞ്ചിനീയറിംഗ് സ്ഥാപനങ്ങള്‍, സേവനങ്ങള്‍ എന്നീ മേഖലകളിലും സ്വകാര്യം നിക്ഷേപം അനുവദിക്കുമെന്ന് സൗദി സര്‍ക്കാര്‍ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.