കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അത്രമേൽ നിറഞ്ഞ ചിരി ആദ്യമായി കണ്ടത് അന്നൊരു ഓണക്കാലത്തായിരുന്നു...' അമ്മയില്ലാത്ത ഓണം...

  • By അങ്കിത കുറുപ്പ്
Google Oneindia Malayalam News

അതായിരുന്നു ഞങ്ങൾ മൂന്ന് പേരുടേയും ആദ്യത്തേയും അവസാനത്തേയും സന്തോഷത്തിന്റെ ഓണം....

ഓണത്തിന്റെ ഐതിഹ്യം പോലെ തന്നെ ചിലർക്കെങ്കിലും അവിശ്വസനീയമെന്ന് തോന്നാവുന്ന ഓർമകളാണ് എന്റെ ഓണം. കാലപ്പഴക്കം കൊണ്ട് നിറം മങ്ങിയ സ്റ്റീൽ പാത്രത്തിൽ സ്നേഹം ചാലിച്ച് അമ്മ വിളമ്പി തന്ന രണ്ട് കൂട്ടം കറികളായിരുന്നു അന്നത്തെ ഓണ സദ്യ. ഇന്ന് 24 കൂട്ടംകറികൾ കൂട്ടി ഓൺലൈനിൽ നിന്ന് കിട്ടുന്ന ഓണ സദ്യയെക്കാൾ ഓർമയുടെ മാധുര്യമുണ്ടായിരുന്നു അതിന്. എല്ലാത്തിനുമുപരി സ്വയം പര്യാപ്തമായ ഒരു വീട്ടമ്മയുടെ വിയർപ്പ് കൂടിയുണ്ടായിരുന്നു ആ ചെറു സദ്യയുടെ പിറകിൽ. വിഷരഹിതമായ പച്ചക്കറികൾ ഉത്പാദിപ്പിക്കണമെന്ന് സർക്കാർ പറയുന്നതിനും കാലങ്ങൾക്ക് മുമ്പെ വീട്ടിലെ ചെറു പച്ചക്കറി തോട്ടത്തിലൂടെ ആ കരുതൽ അമ്മ ഒരുക്കിയിരുന്നു. അവിടെ അമ്മ അന്ന് സ്വയം വിത്തെറിഞ്ഞ് വിളയിച്ചെടുത്ത പച്ചക്കറികളിൽ നിന്നാണ് അന്നത്തെ ഓണം സമൃദമായത്.

കടയിൽ നിന്ന് വാങ്ങാവുന്ന പച്ചക്കറികൾ മാസങ്ങളോളം അധ്വാനിച്ച് അമ്മയുണ്ടാക്കുന്നത് കണ്ടപ്പോൾ പലപ്പോഴും വിലക്കിയിരുന്നെങ്കിലും പിന്നീടാണ് മണ്ണിന്റേയും ആ മനസ്സിന്റേയും കലർപ്പില്ലാത്ത സത്യം തിരിച്ചറിയാൻ സാധിച്ചത്. വെണ്ട മുതൽ കാന്തരിമുളക് വരെ ആ ചെറു തോട്ടത്തിൽ ആവോളമുണ്ടായിരുന്നു. നോക്കിയാൽ കാണാൻ സാധിക്കാത്തത്ര ആഴത്തിലുളള കിണറ്റിൽ നിന്ന് വെള്ളം കോരിയാണ് രണ്ട് നേരവും പച്ചക്കറികൾക്ക് നനച്ചിരുന്നത്. എനിക്ക് തന്ന കരുതലിനോളം തന്നെ അമ്മ മണ്ണിൽ നട്ട ഓരോ കായ്കറികൾക്കും കൊടുത്തിരുന്നു. ഓരോ പുതിയ പൂവ് വിരിയുമ്പോഴുമുണ്ടാകുന്ന അമ്മയുടെ സന്തോഷം ഇന്നും എന്റെ കണ്ണുകളിൽ നിറഞ്ഞ് നിൽക്കുന്നുണ്ട്. അത്രമേൽ നിറഞ്ഞ ചിരി ഞാൻ ആദ്യമായി കണ്ടത് അന്നൊരു ഓണക്കാലത്തായിരുന്നു.

onam

ശാരീരികമായ അവശതകൾ ഏറെ ഉണ്ടായിരുന്നപ്പോൾ പോലും അമ്മയറിയാതെ ഒരില പോലും പൊഴിയാറില്ലായിരുന്നു. ശരീരിക അസ്വസ്ഥതകൾ അമ്മയെ പിടിമുറുക്കിയപ്പോൾ അച്ഛൻ സ്വയം ആ സ്വപ്നം ഏറ്റെടുക്കുകയായിരുന്നു. എന്നാൽ അമ്മയുടെ അസാന്നിധ്യം ഓരോ ചെടികളിലും കണാൻ കഴിഞ്ഞിരുന്നു. ആ അസാന്നിധ്യത്തിൽ പൂക്കാനും കായ്ക്കാനും മാത്രമായി അവ മാറുകയായിരുന്നു. ആ ചിരിയും ഓണക്കാലവും അടുക്കളത്തോട്ടത്തിലെ വെണ്ടയ്ക്കും ചീരക്കും എന്നത് പോലെ എനിക്കും നഷ്ടപ്പെടുകയായിരുന്നു.

ഓണക്കോടി ഉടുത്ത് അമ്മ പകർന്നു തന്ന വിഭവങ്ങളുടെ രുചികളൊക്കെയും ഇപ്പോഴും ഹൃദയത്തിൽ മായാതെ കിടക്കുന്നുണ്ട്. അതിശയിപ്പിക്കുന്ന വേഗത്തിലാണ് കാലങ്ങൾ കടന്നു പോയത്. മഴയും വെയിലും കാലം തെറ്റി വന്ന പേമാരിയും പച്ചക്കറി തോട്ടത്തെ പൂർണ്ണമായും ഇല്ലാത്താക്കി. അസുഖം അമ്മയേയും അടർത്തി എടുത്തിരുന്നു. പിന്നീട് ഒരിക്കലും എനിക്കും അച്ഛനും അത്തരമൊരു ഓണക്കാലമുണ്ടായിട്ടേയില്ല. അടുക്കളയ്ക്കപ്പുറത്ത് അമ്മ വിയർപ്പൊഴുക്കി ഉണ്ടാക്കി എടുത്ത തോട്ടം ഇന്ന് തരിശായി കിടക്കുകയാണ്. അമ്മ എന്ന സ്നേഹത്തിനോടൊപ്പം മണ്ണും നിശ്ചലമായ അവസ്ഥയിലാണ്. അടുത്ത ഓണത്തിനെങ്കിലും സാധ്യമാകുന്ന എല്ലാ പച്ചക്കറികളും ആ മണ്ണിൽ നട്ടു വളർത്തണം. അമ്മ തുടങ്ങിവെച്ചത് അടുത്ത ഓണത്തിനെങ്കിലും പൂക്കളായി ചിരിച്ച് നിൽക്കണം. പ്രജകളെ കാണാൻ വരുന്ന തമ്പുരാന് ആ കായ്കകളും പൂക്കളു വിരുന്നൊരുക്കണം.

English summary
Ankitha Kurup writes about Onam Memories with mother
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X