കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോരുകറി, വാഴപ്പിണ്ടി തോരന്‍, ഓട്ടട, പ്രഥമൻ.. നാവിൽ വെള്ളമൂറും ഓണവിഭവങ്ങള്‍ ഇതാ ഇങ്ങനെ ഉണ്ടാക്കാം!

  • By Desk
Google Oneindia Malayalam News

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഉത്സവമാണല്ലോ ഓണം. നാട്ടിലായാലും മറുനാട്ടിലായാലും ഓണം ആഘോഷിക്കാത്ത മലയാളികളില്ല. ഓണത്തിന് ഏറ്റവും പ്രധാനപ്പെട്ടത് എന്താണ്. ഓണസദ്യ തന്നെ. ഓണസദ്യയ്ക്ക് ഒഴിച്ചുകൂടാനാകാത്ത ചില വിഭവങ്ങളുണ്ട്. എളുപ്പത്തിൽ ഉണ്ടാക്കുകയും ചെയ്യാം. അവ ഏതൊക്കെ എന്ന് നോക്കൂ...

ചേനത്തണ്ട് ചെറുപയര്‍തോരന്‍.

ചേനത്തണ്ട് ചെറുപയര്‍തോരന്‍.

നാടന്‍ ഓണവിഭവമാണിത്. തയ്യാറാക്കാനും എളുപ്പം.

ചേരുവകള്‍ -

ചേനത്തണ്ട് അരിഞ്ഞത് -1 കപ്പ്

ചെറുപയര്‍ - ഒരുകപ്പ്

തേങ്ങ ചിരകിയത് - ഒരുകപ്പ്

പച്ചമുളക് - നാലെണ്ണം

മഞ്ഞള്‍ -കാല്‍ ടീസ്പൂണ്‍

ജീരകം -കാല്‍ടീസ്പൂണ്‍

കടുക് - കാല്‍ടീസ്പൂണ്‍

കറിവേപ്പില - ഒരുതണ്ട്

വറ്റല്‍മുളക് - രണ്ടെണ്ണം

ഉപ്പ് - പാകത്തിന്

വെളിച്ചെണ്ണ - ഒരുസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ചെറുപയര്‍ വെളളത്തിലിട്ട് വെക്കുക. കുതിര്‍ന്നു കഴിയുമ്പോള്‍ വേവിച്ചെടുക്കണം. ചേനത്തണ്ട് ചെറുതായി തോരന് അരിയുന്ന പാകത്തില്‍ കൊത്തി അരിയണം.അടുത്തതായി ചീനച്ചട്ടിയില്‍ എണ്ണചൂടാക്കി കടുകുപൊട്ടി്ച്ച് വറ്റല്‍മുളകും കറിവേപ്പിലയും ചേര്‍ത്ത് താളിച്ചതിലേക്ക് അരിഞ്ഞുവെച്ചിരി്ക്കുന്ന ചേനത്തണ്ട് ചേര്‍ത്തിളക്കുക. രണ്ട് മിനിറ്റ് ഇളക്കിയതിനു ശേഷം കുറച്ചു നേരം ചെറുതീയില്‍ വേവാനായി അടച്ചുവെക്കണം. വെന്ത ചേനത്തണ്ട് സ്പൂണ്‍ കൊണ്ട് ഇളക്കി ഒതുക്കിവെച്ചതിനു ശേഷം മുകളിലേക്ക് ജീരകം, തേങ്ങ, പച്ചമുളക് വെളുത്തുളളി എന്നീ ചേരുവകള്‍ ചതച്ചിടുക, കൂട്ട് ഇളക്കരുത്. രണ്ട് മിനിറ്റിനു ശേഷം ഇതിലേക്ക് വേവിച്ചുവെച്ചിരിക്കുന്ന ചെറുപയര്‍ ചേര്‍ത്തിളക്കണം. വെളളം വറ്റിച്ച് തോര്‍ത്തിയെടുക്കുമ്പോള്‍ നാടന്‍ തോരന്‍ റെഡി.

ഓട്ടട

ഓട്ടട

പൊട്ടിയമണ്‍കലത്തിലും ഇരുമ്പുചീനച്ചട്ടിയിലും ഉണ്ടാക്കുന്ന പഴയകാലത്തെ ഓട്ടട പലഹാരം നാവില്‍ രുചിനിറക്കുന്നതായിരുന്നു. നാടന്‍രീതിയില്‍ രുചി ഏറേയുളള ഓട്ടട ഉണ്ടാക്കുന്ന രീതി പരിചയപ്പെടാം. .

ചേരുവകള്‍

കുത്തരി പൊടിച്ചുണ്ടാക്കിയ അരിപ്പൊടി

തേങ്ങ

ശര്‍ക്കര/പഞ്ചസാര

ഉപ്പ്

തയ്യാറാക്കുന്ന വിധം.

അരിമാവ് ഉപ്പുചേര്‍ത്ത് ഇളം ചൂടുവെളളത്തില്‍ കുഴച്ചെടുക്കണം. അധികംവെളളം ഒഴിക്കരുത്. വാഴയിലയില്‍ പരത്താന്‍ പാകത്തിനു വേണം കുഴക്കേണ്ടത്. തേങ്ങ പഞ്ചസാരയും അല്ലെങ്കില്‍ ശര്‍ക്കരയും ചേര്‍ത്തു വെക്കണം.ചീനച്ചട്ടിയോ ഉപയോഗിക്കാതെ വെച്ചിരിക്കുന്ന ചെറിയപൊട്ടലുളള മണ്‍ചട്ടിയോ അടുപ്പില്‍ വെച്ച് ചൂടാക്കണം. കുഴച്ചുവെച്ചിരിക്കുന്ന മാവ് വാഴയിലയില്‍ കട്ടികുറച്ച് പരത്തിയെടുക്കണം. ഇതിനു നടുവിലേക്ക് പഞ്ചസാരയോ ശര്‍ക്കരയോ തേങ്ങയുമായി ചേര്‍ത്തുതയ്യാറാക്കിയ കൂട്ട് വിതറി വാഴയില മടക്കണം. ഇത് ചൂടായ മണ്‍ചട്ടിയില്‍ വെച്ച് അടക്കുക. ചൂടു കൂടുന്നതിനനുസരിച്ച്് വാഴയില വാടുന്നതിന്റെ മണവും ശബ്ദവും വരുമ്പോള്‍ അടപ്പ് മാറ്റി വെളളം തളിച്ചു കൊടുക്കണം. ഇത്തരത്തില്‍ രണ്ട് വശവും പാകപ്പെടുത്തണം. അല്പം ഉപ്പുചേര്‍ത്ത് തളിച്ചാല്‍ വാഴയിലയില്‍ ഉപ്പ്‌ചേര്‍ന്നുണ്ടാകുന്ന നാടന്‍രുചി ഓട്ടടക്ക് ലഭിക്കും. പൊട്ടിയ മണ്‍കലത്തില്‍ ഉണ്ടാക്കുന്ന ഓട്ടടക്ക് കനലില്‍ചുട്ടെടുക്കുന്നതിന്റെ രുചിയാവും ഉണ്ടാവുക. വാഴയില ഏതാണ്ട് കരിയുന്ന പാകമെത്തുമ്പോള്‍ ഓട്ടട തയ്യാറാകും. ഈ ഓട്ടട ഒരിക്കല്‍ കഴിച്ചാല്‍ രുചി നാവില്‍ തങ്ങിനില്‍ക്കും എന്നതും പ്രത്യേകതയാണ്

കുമ്പളങ്ങ മോരുകറി

കുമ്പളങ്ങ മോരുകറി

ചേരുവകള്‍

കുമ്പളങ്ങ - രണ്ട് കപ്പ് (കഷ്ണങ്ങളാക്കിയത്)

തൈര് -അര ലിറ്റര്‍

തേങ്ങചിരകിയത്- അരക്കപ്പ്

പച്ചമുളക് -രണ്ടെണ്ണം

ചുവന്നുളളി -രണ്ട്

ജീരകം -രണ്ട്നുളള്

മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍

ഉലുവപ്പൊടി - കാല്‍ ടീസ്പൂണ്‍

കടുക്- കാല്‍ ടീസ്പൂണ്‍

വറ്റല്‍മുളക്- രണ്ടെണ്ണം

കറിവേപ്പില- മൂന്നു തണ്ട്്്.

വെളിച്ചെണ്ണ - ഒരു ടേബിള്‍സ്പൂണ്‍

കടുക്

തയ്യാറാക്കുന്ന വിധം

മണ്‍കലത്തില്‍ വെളളം വെച്ച് ചൂടാകുമ്പോള്‍ കുമ്പളങ്ങ കഷ്ണങ്ങളാക്കിയതും പച്ചമുളക് അരിഞ്ഞതും മഞ്ഞള്‍പ്പൊടിയും ഒരുതണ്ട് കറിവേപ്പിലയും ചേര്‍ത്ത് അടച്ചു വെച്ചു വേവിക്കുക. തേങ്ങ, ജീരകം, ചെറിയഉളളി എന്നിവ അരച്ച്് വെക്കണം. ഇതിനു മുകളിലേക്ക് ഉലുവപ്പൊടി ഇടുക. അരച്ചെടുത്ത കൂട്ട് കുമ്പളങ്ങവെന്തതിലേക്ക് ചേര്‍ത്തിളക്കണം. കൂട്ട് തിളക്കുമ്പോള്‍ അടുപ്പിലെ തീ താഴ്ത്തി നേര്‍പ്പിച്ച തൈര് ചേര്‍ത്തിളക്കണം. മോര് ചേര്‍ത്തുകഴിഞ്ഞാല്‍ താമസിക്കാതെ തീ അണക്കണം. മേര് തിളച്ചാല്‍ പിരിഞ്ഞ് കറിയുടെ രുചി പോകാന്‍ സാധ്യതയുണ്ട്. ഇനി വെളിച്ചെണ്ണ ചൂടാക്കി കടുകുപൊട്ടിച്ച ശേഷം വറ്റല്‍മുളക് മുറിച്ചിട്ട് താളിച്ച് മോരുകറിയിലേക്ക് ചേര്‍ക്കണം.

വാഴപ്പിണ്ടി ചെറുപയര്‍തോരന്‍

വാഴപ്പിണ്ടി ചെറുപയര്‍തോരന്‍

ചേരുവകള്‍ -

വാഴപ്പിണ്ടി ചെറുതാക്കി അരിഞ്ഞത്- ഒരു കപ്പ്

ചെറുപയര്‍ -ഒരുകപ്പ്

തേങ്ങ ചിരവിയത്- ഒരുകപ്പ്

ജീരകം -കാല്‍ ടീസ്പ്പൂണ്‍

വെളുത്തുളളി -ഒരു അല്ലി

പച്ചമുളക് - രണ്ടെണ്ണം.

മുളക് പൊടി -അര ടീസ്പൂണ്‍.

കറിവേപ്പില - രണ്ട് തണ്ട്

വറ്റല്‍മുളക് - രണ്ടെണ്ണം.

കടുക് -കാല്‍ ടീ സ്പൂണ്‍

വാഴപ്പിണ്ടി ചെറുതായി അരിയണം. അരിയുമ്പോള്‍ പിണ്ടിയുടെ നാര് കൈകൊണ്ട് ചുറ്റിക്കളയാം. ചെറുപയര്‍, തോരന്‍ പാകത്തിന് വേവിക്കണം. തേങ്ങ, പച്ചമുളകും, ജീരകവും, വെളുത്തുളളിയും ചേര്‍ത്ത്്് ചതച്ചെടുക്കണം. അടുത്തതായി ചീനച്ചട്ടി ചൂടാക്കി എണ്ണയൊഴി്ച്ച് കടുകുപൊട്ടിച്ച് കറിവേപ്പിലയും, വറ്റല്‍മുളകും ചേര്‍ത്ത് താളിക്കുക. ഇതിലേക്ക് അരിഞ്ഞുവെച്ചിരിക്കുന്ന വാഴപ്പിണ്ടിയും ഉപ്പും ചേര്‍ക്കുക. മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ചേര്‍ത്ത്്് രണ്ട് മിനിറ്റ് ഇളക്കി അടച്ചു വെക്കണം. വെന്തുവരുമ്പോള്‍ ചെറുപയര്‍ ചേര്‍ത്തിളക്കി ഒതുക്കിവെക്കണം. അരച്ചുവെച്ചിരിക്കുന്ന തേങ്ങക്കൂട്ട് ഇതിനു മുകളിലേക്കിടണം... ചേര്‍ത്തിളക്കാതെ വേണം ഇതു ചെയ്യാന്‍. അല്പസമയം കഴിഞ്ഞ് അടപ്പുമാറ്റി എല്ലാചേരുവകളും ചേര്‍ത്ത് നന്നായി ഇളക്കി തോര്‍ത്തിയെടുക്കുക. പോഷകമൂല്യം ഏറെയുളള വാഴപ്പിണ്ടി ചെറുപയര്‍തോരന്‍ തയ്യാര്‍.

English summary
Delicious Onam sadhya dishes that Malayalis celebrate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X