2035ഓടെ പശ്ചിമ ബംഗാളിൽ 1 ലക്ഷം കോടി രൂപയ്ക്ക് മേലെ നിക്ഷേപം, വമ്പൻ പ്രഖ്യാപനവുമായി അദാനി ഗ്രൂപ്പ്

കൊൽക്കത്ത: ന്യൂ ടൗണിലുള്ള ബംഗാൾ സിലിക്കൺ വാലി ടെക് ഹബ്ബിൽ അദാനി ആരോഗ്യ മന്ദിറിന് തറക്കല്ലിട്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. സംസ്ഥാനത്തെ ആരോഗ്യരംഗത്ത് അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചിട്ടുള്ള ഏറ്റവും വലിയ സ്വകാര്യ നിക്ഷേപങ്ങളിലൊന്നാണിത്.

അദാനി ഫൗണ്ടേഷൻ നടപ്പിലാക്കുന്ന ഈ പദ്ധതി 51.75 ഏക്കറിലാണ് നിർമ്മിക്കുന്നത്. 4000 കോടി രൂപയിലധികമാണ് പദ്ധതിക്കായി പ്രതീക്ഷിക്കുന്ന ചിലവ്. ആരോഗ്യ മന്ദിർ പ്രവർത്തനം ആരംഭിക്കുന്നതോടെ പ്രതിവർഷം രണ്ട് ലക്ഷത്തിലധികം പേർക്ക് കിടത്തിച്ചികിത്സ നൽകുന്നതിനൊപ്പം 20 ലക്ഷത്തിലധികം ഒപി രോഗികൾക്കും ഇവിടെ ചികിത്സ ലഭ്യമാകും. കൂടാതെ സംസ്ഥാനത്തെ ആരോഗ്യ മേഖലയിൽ ഏകദേശം 10000ത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും.

അദാനി ആരോഗ്യ മന്ദിർ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു ലോകോത്തര മെഡിക്കൽ സ്ഥാപനമാണെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി ചടങ്ങിൽ സംസാരിക്കവെ വ്യക്തമാക്കി. ഇവിടുത്തെ 2000 ബെഡുകളിൽ പകുതിയും കേന്ദ്ര-സംസ്ഥാന ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾക്ക് കീഴിലുളള സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായി മാറ്റിവെക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ ആശുപത്രി കാമ്പസിൽ ഒരു മെഡിക്കൽ കോളേജ്, നഴ്സിംഗ് കോളേജ്, അനുബന്ധ ആരോഗ്യ പരിശീലന സ്ഥാപനങ്ങൾ എന്നിവയും ഉണ്ടായിരിക്കും. മെഡിക്കൽ കോളേജിൽ പ്രതിവർഷം 150 ബിരുദ വിദ്യാർത്ഥികൾക്കും 100ലധികം ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കും, 40ലധികം സൂപ്പർ സ്പെഷ്യലിസ്റ്റുകൾക്കും പ്രവേശനം ലഭിക്കും.

Adani

ആദ്യ ഘട്ടത്തിൽ, ക്യാൻസർ ചികിത്സയിലായിരിക്കും ഈ മൾട്ടി-സ്പെഷ്യാലിറ്റി ആശുപത്രി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ജെനോമിക്സ്, പ്രിസിഷൻ മെഡിസിൻ, ബയോമെഡിക്കൽ ഇൻഫോർമാറ്റിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവ ഉൾപ്പെടുന്ന ഗവേഷണ മേഖലകളുടെ പിന്തുണയും ഉണ്ടാകും. അമേരിക്കയിലെ മായോ ക്ലിനിക് ഗ്ലോബൽ കൺസൾട്ടിംഗ്, സിംഗപ്പൂരിലെ സിംഗ്‌ഹെൽത്ത് എന്നിവയുമായുളള പങ്കാളിത്തത്തോടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സാ-അക്കാദമിക് വൈദഗ്ധ്യം അദാനി ഫൗണ്ടേഷൻ ഉറപ്പാക്കും.

2047ഓടെ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുന്ന പശ്ചിമ ബംഗാളിനെ ഒരു ഏകീകൃത ആരോഗ്യ നഗരമാക്കി മാറ്റുന്നതിനുള്ള ചുവടുവെപ്പാണ് അദാനി ആരോഗ്യ മന്ദിർ പദ്ധതിയെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി വിശേഷിപ്പിച്ചു.

ആരോഗ്യ മേഖലയ്ക്ക് പുറമെ തുറമുഖങ്ങൾ, ലോജിസ്റ്റിക്സ്, വൈദ്യുതി ഉത്പാദനവും വിതരണവും, റോഡുകൾ, പാലങ്ങൾ, ഗ്രീൻ സിമന്റ്, ഹൈപ്പർസ്‌കെയിൽ ഡാറ്റാ സെന്ററുകൾ എന്നീ മേഖലകളിലായി 2035ഓടെ പശ്ചിമ ബംഗാളിൽ 1 ലക്ഷം കോടി രൂപയ്ക്ക് മേലെ നിക്ഷേപം നടത്തുമെന്ന് ഗൗതം അദാനി പ്രഖ്യാപിച്ചു. പടിഞ്ഞാറൻ ഇന്ത്യയിൽ അദാനി ഗ്രൂപ്പിന്റെ ആദ്യ പ്രധാന വ്യവസായ കേന്ദ്രമായി മാറിയ ഗുജറാത്തിലെ മുന്ദ്രയുമായി ഇതിനെ ഉപമിച്ച അദാനി, കിഴക്കൻ ഇന്ത്യയിൽ തങ്ങളുടെ വളർന്നുവരുന്ന കർമ്മഭൂമിയായി പശ്ചിമ ബംഗാളിനെ വിശേഷിപ്പിച്ചു.

പാരമ്പര്യ-സാംസ്കാരിക പ്രതിബദ്ധതകൾ

വ്യവസായ-ആരോഗ്യ മേഖലകളിലെ വികസനങ്ങൾക്ക് പുറമെ, പശ്ചിമ ബംഗാൾ സർക്കാരുമായി അദാനി ഗ്രൂപ്പ് രണ്ട് ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു. ഒന്ന് ചരിത്രപ്രസിദ്ധമായ റൈറ്റേഴ്സ് ബിൽഡിംഗിന്റെ പുനരുദ്ധാരണത്തിനായും മറ്റൊന്ന് അദാനി പൂജ പ്രിവ്യൂ എന്ന സംരംഭത്തിലൂടെ കൊൽക്കത്തയിലെ ദുർഗ്ഗാ പൂജയെ ആഗോളതലത്തിൽ അവതരിപ്പിക്കുന്നതിന് വേണ്ടിയുമാണ്. കൂടാതെ കൊൽക്കത്തയിലെ വിഗ്രഹ നിർമ്മാണ കലാകാരന്മാരുടെ പ്രധാന കേന്ദ്രമായ കുമാർതുലി ഘാട്ടിന്റെ നവീകരണത്തിനുള്ള പിന്തുണയും അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചു.

തന്റെ പ്രസംഗത്തിൽ രബീന്ദ്രനാഥ ടാഗോർ, സ്വാമി വിവേകാനന്ദൻ, നേതാജി സുഭാഷ് ചന്ദ്രബോസ്, ജഗദീഷ് ചന്ദ്രബോസ് തുടങ്ങിയ പ്രമുഖരുമായി ചേർന്ന് നിൽക്കുന്ന ബംഗാളിന്റെ പാരമ്പര്യത്തെ അദാനി അനുസ്മരിച്ചു. മികച്ച ആശയങ്ങളും സ്ഥാപനങ്ങളും മഹത്തായ വ്യക്തിത്വങ്ങളെയും സൃഷ്ടിക്കാനുള്ള പശ്ചിമ ബംഗാളിന്റെ കഴിവ് ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ മികച്ച പങ്ക് വഹിക്കുന്നത് തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma