'ബംഗാൾ രണ്ടാം കർമ്മഭൂമി', 10 വർഷത്തിനുള്ളിൽ 1 ലക്ഷം കോടിയിലധികം നിക്ഷേപിക്കുമെന്ന് ഗൗതം അദാനി
പശ്ചിമ ബംഗാളിനായി വൻ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്‌സിൽ സംസാരിക്കവേയാണ് അടുത്ത 10 വർഷത്തിനുള്ളിൽ സംസ്ഥാനത്ത് 1 ലക്ഷം കോടി രൂപയിലധികം നിക്ഷേപിക്കുമെന്ന് ഗൗതം അദാനി വ്യക്തമാക്കിയത്. തുറമുഖങ്ങൾ, ലോജിസ്റ്റിക്സ്, ഊർജ്ജ ഉത്പാദനവും വിതരണവും, റോഡുകൾ, പാലങ്ങൾ, റോപ്‌വേകൾ, ഗ്രീൻ സിമന്റ്, ഡാറ്റാ സെന്ററുകൾ എന്നീ മേഖലകളിലാണ് അദാനി ഗ്രൂപ്പ് നിക്ഷേപം നടത്തുക.
ഗുജറാത്തിലെ മുന്ദ്ര തുറമുഖം ആരംഭിച്ചതിൽ നിന്ന് ഇങ്ങോട്ട് താൻ പിന്നിട്ട 30 വർഷം നീണ്ട യാത്ര ഓർത്തെടുത്ത അദാനി, ബംഗാൾ തന്റെ രണ്ടാം കർമ്മഭൂമി ആകാൻ പോകുകയാണെന്നും കൂട്ടിച്ചേർത്തു. ഗുജറാത്ത് മാതൃക അനുകരിക്കുകയല്ല വേണ്ടതെന്നും മറിച്ച് ബംഗാളിന്റെ തന്നെ ഏറ്റവും ശക്തമായ പതിപ്പായി സംസ്ഥാനം മാറണമെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യ മേഖലയ്ക്കായി അദാനി ആരോഗ്യ മന്ദിർ
കൊൽക്കത്തയിലെ ന്യൂ ടൗണിൽ 2000 ബെഡുകളോട് കൂടി 'അദാനി ആരോഗ്യ മന്ദിർ' എന്ന പേരിൽ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുമെന്ന പ്രഖ്യാപനവും ചടങ്ങിലുണ്ടായി. ഈ ആശുപത്രിയിലെ പകുതി ബെഡുകളും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്കായി മാറ്റിവെക്കുമെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി.
ബംഗാളിന്റെ സാംസ്കാരിക പാരമ്പര്യം സംരക്ഷിക്കുന്നതിനായി കുമാർതുലി ഘാട്ട് നവീകരണം, ബംഗാളി കലാകാരന്മാരെ ആഗോളതലത്തിൽ പരിചയപ്പെടുത്തുന്ന ദുർഗ്ഗാപൂജ പരിപാടികൾ, ചരിത്രപ്രസിദ്ധമായ റൈറ്റേഴ്സ് ബിൽഡിംഗിന്റെ സംരക്ഷണം എന്നിവയ്ക്കും അദാനി ഗ്രൂപ്പ് പിന്തുണ പ്രഖ്യാപിച്ചു.
"ആവശ്യത്തിന് മുൻപേ നിർമ്മാണം"
സാമ്പത്തിക മാറ്റങ്ങൾ വരുന്നതുവരെ കാത്തുനിൽക്കാതെ മുൻകൂട്ടി കണ്ട് പ്രവർത്തിക്കുകയെന്ന തന്റെ ആശയത്തിലൂന്നിയായിരുന്നു അദാനിയുടെ പ്രസംഗത്തിന്റെ ഏറിയ പങ്കും. എഐ ഡാറ്റാ സെന്ററുകളിൽ മുൻകൂട്ടി നടത്തിയ നിക്ഷേപങ്ങൾ, ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് ഇക്കണോമിക് കോറിഡോർ പ്രഖ്യാപനത്തിന് മുൻപ് ഇസ്രായേലിലെ ഹൈഫ തുറമുഖം സ്വന്തമാക്കിയത്, 15 ഇന്ത്യൻ തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന ലോജിസ്റ്റിക്സ് ശൃംഖല തുടങ്ങിയ ഉദാഹരണങ്ങൾ അദ്ദേഹം ചൂണ്ടിക്കാണിച്ചു.
പരസ്പരം ബന്ധിപ്പിക്കപ്പെട്ട അടിസ്ഥാന സൌകര്യ ശൃംഖലകൾ എത്ര മാത്രം പ്രധാനപ്പെട്ടതാണെന്നതിന് ഉദാഹരണമായി ഗുജറാത്തിലെ മുന്ദ്ര തുറമുഖവും കച്ചിലെ ഖാവ്ദ പുനരുപയോഗ ഊർജ്ജ പാർക്കും അദാനി ചൂണ്ടിക്കാണിച്ചു. വലിപ്പം വളർച്ച നൽകുമെന്നും എന്നാൽ മികച്ച ശൃംഖലകളാണ് കൂടുതൽ ശക്തി നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്തുകൊണ്ട് ബംഗാൾ?
പതിറ്റാണ്ടുകളായി പടിഞ്ഞാറൻ, തെക്കൻ സംസ്ഥാനങ്ങളിൽ കേന്ദ്രീകരിച്ചിരുന്ന ഇന്ത്യയുടെ വളർച്ച ഇനി കിഴക്കൻ മേഖലകളിലേക്ക് നീങ്ങണമെന്ന് അദാനി പറഞ്ഞു. ധാതുസമ്പന്നമായ ഒഡീഷ, ഝാർഖണ്ഡ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളോട് ചേർന്നുള്ള ബംഗാളിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള ബന്ധം, ബംഗാൾ ഉൾക്കടൽ വഴി തെക്കുകിഴക്കൻ ഏഷ്യയിലേക്കും ഇന്തോ-പസഫിക് മേഖലയിലേക്കുമുള്ള വഴി എന്നിവ ചൂണ്ടിക്കാണിച്ച അദ്ദേഹം, രാജ്യത്തിന്റെ ഒരു തന്ത്രപ്രധാന കേന്ദ്രമാകാൻ ബംഗാളിന് കഴിയുമെന്ന് അഭിപ്രായപ്പെട്ടു.
ബംഗാളിന്റെ പാരമ്പര്യത്തിന് ആദരം
കൊൽക്കത്തയിലെ സാഹിത്യ-സാംസ്കാരിക പാരമ്പര്യത്തേയും, സ്വാമി വിവേകാനന്ദൻ, നേതാജി സുഭാഷ് ചന്ദ്രബോസ്, ജഗദീഷ് ചന്ദ്രബോസ് തുടങ്ങിയ ചരിത്രപുരുഷന്മാരെയും നൊബേൽ സമ്മാന ജേതാക്കളെയും ഓർമ്മിച്ചുകൊണ്ടാണ് അദാനി തന്റെ പ്രസംഗം ആരംഭിച്ചത്. അദാനി ഗ്രൂപ്പിന്റെ ടാസ്ക് ഫോഴ്സ് മേധാവി സുദീപ്തോ ഭട്ടാചാര്യയെക്കുറിച്ചും, ബംഗാളികൾക്ക് ഇൽസ മീനിനോടുള്ള ഇഷ്ടത്തെക്കുറിച്ചുമുള്ള ലളിതമായ തമാശ അദ്ദേഹം പങ്കുവെച്ചത് സദസ്സിൽ ചിരിയുണർത്തി. ഇന്ത്യ സാദ്ധ്യതകളിലേക്ക് ഉണർന്നുയരണമെന്ന രവീന്ദ്രനാഥ ടാഗോറിന്റെ പ്രാർത്ഥനാകവിതയുടെ ഹിന്ദി പരിഭാഷ ചൊല്ലിക്കൊണ്ടാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.


Click it and Unblock the Notifications
