കുടുകുടെ ചിരിപ്പിക്കാന്‍ അല്‍ത്താഫും സംഘവും: മന്ദാകിനി 24 ന് തിയേറ്ററുകളിലേക്ക്
വിനോദ് ലീല ആദ്യമായി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന മന്ദാകിനി മെയ് 24 ന് തിയേറ്ററുകളിലേക്ക്. അല്‍ത്താഫ് സലീം, അനാർക്കലി മരയ്ക്കാർ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത് ഷിജു എം ഭാസ്‌കറും ശാലുവും ചേർന്നാണ്. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നതും ഷിജു എം ഭാസ്‌കറാണ്.

മന്ദാകിനിയുടെ ട്രെയിലറിനും ടീസറിനും സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. ഒരു നാട്ടിന്‍പുറവും അവിടെ നടക്കുന്ന കല്യാണ വിശേഷങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മലയാള സിനിമയുടെ സുവർകാലത്ത് മറ്റൊരു ഹിറ്റ് കൂടെ അണിയറയില്‍ ഒരുങ്ങുന്നുവെന്നാണ് ചിത്രത്തിന്റെ ട്രെയിലർ കണ്ട പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
അഭിനയവും സംവിധാനവും ഒരുമിച്ച് കൊണ്ടുപോകുന്ന അല്‍ത്താഫിന് ഒപ്പം മലയാള ചലച്ചിത്ര ലോകത്തെ പ്രമുഖരായ നാല് സംവിധായകർ കൂടി മന്ദാകിനിയില്‍ അഭിനയിക്കുന്നു എന്നതാണ് ശ്രദ്ധേയം. ലാല്‍ ജോസ്, ജൂഡ് ആന്റണി ജോസഫ്, ജിയോ ബേബി, അജയ് വാസുദേവ് എന്നിവരാണ് മന്ദാകിനിയിലെ അഭിനയിക്കുന്ന മറ്റ് സംവിധായകർ.ജാഫര്‍ ഇടുക്കി, സരിത കുക്കു, ഗണപതി, വിനീത് തട്ടില്‍, അശ്വതി ശ്രീകാന്ത്, കുട്ടി അഖില്‍, അഖില നാഥ്, അല എസ് നൈന, ഗിന്നസ് വിനോദ്, രശ്മി അനില്‍ എന്നിവരോടൊപ്പം ബബിത ബഷീര്‍, പ്രതീഷ് ജേക്കബ്, അമ്പിളി സുനില്‍, അഖില്‍ ഷാ, അജിംഷ തുടങ്ങിയവരും മന്ദാകിനിയില്‍ അഭിനയിക്കുന്നു.
സ്‌പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താനാണ് കോമഡി എന്റര്‍ടെയിനർ ജോണറിലുള്ള ചിത്രം നിര്‍മ്മിക്കുന്നത്. ബിപിന്‍ അശോക് സംഗീത മേഖലയും കൈകാര്യം ചെയ്യുന്നു. എഡിറ്ററായി ഷെറിലും കലാസംവിധായകനായി സുനില്‍ കുമാരനും പ്രവർത്തിക്കുന്നു.
ബിനു നായരാണ് മന്ദാകിനിയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. വസ്ത്രാലങ്കാരം ബബിഷ കെ രാജേന്ദ്രന്‍, മേക്കപ്പ് മനു മോഹന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷിഹാബ് വെണ്ണല, പ്രൊജക്ട് ഡിസൈനര്‍ സൗമ്യത വര്‍മ്മ, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഏബിള്‍ കൗസ്തുഭം, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് വിനോദ് വേണുഗോപാല്‍, പ്രൊഡക്ഷന്‍ മാനേജര്‍ ആന്റണി തോമസ്, മനോജ് സ്റ്റില്‍സ് ഷൈന്‍ ചെട്ടികുളങ്ങര, പോസ്റ്റര്‍ ഡിസൈന്‍ ഓള്‍ഡ് മങ്ക്‌സ്, പിആര്‍ഒ എ എസ് ദിനേശ്, ശബരി.
2015 ൽ പുറത്തിറങ്ങിയ പ്രേമം എന്ന അല്‍ഫോണ്‍സ് പുത്രന്‍ - നിവിന്‍ പോളി ചിത്രത്തില്‍ അഭിനയിച്ചുകൊണ്ട് മലയാള ചലച്ചിത്ര രംഗത്തേക്ക് എത്തിയ താരമാണ് അൽത്താഫ് സലിം. 2017 ൽ നിവിന്‍ പോളിയെ നായകനാക്കി ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമ അണിയിച്ചൊരുക്കി അല്‍ത്താവ് സ്വതന്ത്ര സംവിധായകനാവുകയും ചെയ്തു. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവയുടെ രചനയിലും അല്‍ത്താഫ് പങ്കാളിയായിരുന്നു. ഫഹദ് ഫാസിലിനെ നായകനാക്കി 'ഓടും കുതിര ചാടും കുതിര' എന്ന ചിത്രവും അല്‍ത്താഫ് സംവിധാനം ചെയ്യുന്നുണ്ട്. ഈ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.












Click it and Unblock the Notifications