പ്രവർത്തനം പൂർണ്ണമായും പുനരുപയോഗ ഊർജ്ജത്തിൽ, ചരിത്രം കുറിച്ച് അദാനി പോർട്സിന്റെ ധമ്ര തുറമുഖം
പൂർണമായും പുനരുപയോഗ ഊർജ്ജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വൻകിട സ്വകാര്യ മൾട്ടി-കാർഗോ തുറമുഖമായി അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോണിന്റെ ഉടമസ്ഥതയിലുളള ഒഡീഷയിലെ ധമ്ര പോർട്ട്.
പ്രതിവർഷം 4.8 കോടി ടണ്ണിലധികം ചരക്ക് കൈകാര്യം ചെയ്യുന്ന ധമ്ര തുറമുഖം നിലവിൽ പ്രതിമാസം 90 ലക്ഷത്തിലധികം യൂണിറ്റ് വൈദ്യുതിയും പരിസ്ഥിതി സൗഹൃദ മാർഗ്ഗങ്ങളിലൂടെയാണ് കണ്ടെത്തുന്നത്. ഇതുവഴി പ്രതിവർഷം 108 ഗിഗാവാട്ട് അവറിലധികം പുനരുപയോഗ ഊർജ്ജം ഈ തുറമുഖം ഉപയോഗിക്കുന്നു.
2026 ഓഗസ്റ്റിൽ പ്രാബല്യത്തിൽ വന്ന ഈ മാറ്റം അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോണിന്റെ നെറ്റ്-സീറോ ലക്ഷ്യങ്ങളുടെ ഭാഗമാണ്. പുറത്തുനിന്ന് വാങ്ങുന്ന വൈദ്യുതി മൂലമുണ്ടാകുന്ന കാർബൺ പുറന്തള്ളൽ കുറയ്ക്കാനും കൂടുതൽ ഊർജ്ജം ആവശ്യമായി വരുന്ന തുറമുഖ പ്രവർത്തനങ്ങളെ പരിസ്ഥിതി സൗഹൃദമാക്കാനും ഈ നീക്കം സഹായിക്കുമെന്ന് കമ്പനി വ്യക്തമാക്കുന്നു.
സ്വന്തമായി ഉത്പാദിപ്പിക്കുന്ന പുനരുപയോഗ ഊർജ്ജം, തേഡ്-പാർട്ടി പവർ ആക്സസ്, ഒഡീഷയിലെ റെഗുലേറ്ററി സംവിധാനം വഴി ലഭ്യമാക്കുന്ന ഗ്രീൻ എനർജി എന്നിവ പ്രയോജനപ്പെടുത്തിയാണ് ഈ മാറ്റം സാധ്യമാക്കിയത്.

ധമ്ര തുറമുഖത്തിന് ആവശ്യമായ പുനരുപയോഗ ഊർജ്ജത്തിന്റെ കാൽ ഭാഗം മുതൽ മൂന്നിലൊന്ന് ഭാഗം വരെ ലഭിക്കുന്നത് ഗുജറാത്തിലെ ഖാവ്ദയിലുള്ള അദാനി പോർട്സിന്റെ സ്വന്തം ഹൈബ്രിഡ് പവർ പ്ലാന്റിൽ നിന്നാണ്. 10 മുതൽ 15 ശതമാനം വരെ വൈദ്യുതി തേഡ്-പാർട്ടി കരാറുകൾ വഴിയും, ബാക്കി ഭാഗം ഒഡീഷയിലെ വൈദ്യുതി വിതരണ കമ്പനിയുമായുള്ള ഗ്രീൻ കൺസ്യൂമർ കരാർ വഴിയുമാണ് കണ്ടെത്തുന്നത്.
ഈ മാറ്റത്തോടെ ചരക്ക് കൈകാര്യം ചെയ്യൽ, സംഭരണം, റെയിൽ പ്രവർത്തനങ്ങൾ, മറ്റ് പ്രധാന അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുൾപ്പെടെ ധമ്ര തുറമുഖത്തിന്റെ മുഴുവൻ പ്രവർത്തനങ്ങളും ഇപ്പോൾ പൂർണ്ണമായും ഹരിത ഊർജ്ജത്തിലാണ് പ്രവർത്തിക്കുന്നത്.
ധമ്ര തുറമുഖത്തെക്കുറിച്ച്
ഹാൽദിയക്കും പാരദീപിനുമിടയിൽ ഒഡീഷയുടെ തീരപ്രദേശത്താണ് ആഴക്കടൽ തുറമുഖമായ ധമ്ര സ്ഥിതി ചെയ്യുന്നത്. വർഷത്തിൽ 6 കോടി ടൺ ചരക്ക് കൈകാര്യം ചെയ്യാൻ ശേഷിയുള്ള ഈ തുറമുഖം 2026 മാർച്ച് വരെയുള്ള സാമ്പത്തിക വർഷത്തിൽ 4.88 കോടി ടൺ ചരക്ക് കൈമാറ്റമാണ് നടത്തിയിട്ടുളളത്.
ആറ് ഡ്രൈ-കാർഗോ ബർത്തുകൾ, റാപ്പിഡ്-ലോഡിംഗ് സൈലോകൾ, വാഗൺ ടിപ്പ്ലറുകൾ, ട്രാക്ക് ഹോപ്പറുകൾ, യാന്ത്രിക സംഭരണ ശാലകൾ, ജെട്ടി സൗകര്യങ്ങൾ എന്നിവയ്‌ക്കൊപ്പം ഒഡീഷ, ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ ധാതു സമ്പന്നമായ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന റെയിൽ-റോഡ് സൗകര്യങ്ങളും തുറമുഖത്തുണ്ട്. ഈ പുതിയ മാറ്റത്തോടെ പുനരുപയോഗ ഊർജ്ജത്തിലേക്ക് പൂർണമായും മാറുന്ന ഇന്ത്യയിലെ വമ്പൻ വ്യവസായ-ലോജിസ്റ്റിക്സ് സ്ഥാപനങ്ങളുടെ പട്ടികയിൽ ധമ്ര തുറമുഖവും ഇടംനേടിയിരിക്കുകയാണ്.


Click it and Unblock the Notifications
