ആധുനിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പുരാതന ജ്ഞാനം പ്രയോജനപ്പെടുത്തണം: ഡോ. പ്രീതി അദാനി
പുരാതന ജ്ഞാനം വര്‍ത്തമാനകാല പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാനും, ജീവിതം മെച്ചപ്പെടുത്താന്‍ സഹായിക്കാനും ഉതകുന്നതാകണമെന്ന് അദാനി ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. പ്രീതി അദാനി. വാരണാസിയില്‍ നടന്ന 'ആധുനിക വെല്ലുവിളികള്‍ക്ക് പുരാതന ജ്ഞാനം' എന്ന വിഷയത്തിലുള്ള ലോക സിമ്പോസിയത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍.
'പുരാതനമായതുകൊണ്ട് മാത്രം ഒരു ജ്ഞാനം മൂല്യവത്തായിത്തീരുന്നില്ല. ആധുനിക കാലത്തെ പ്രശ്‌നങ്ങളുമായി അതിനുള്ള പ്രസക്തി കണ്ടെത്തുമ്പോഴാണ് അത് മൂല്യവത്തായി മാറുന്നത്,' അവര്‍ പറഞ്ഞു. ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തിലുള്ള അറിവുകള്‍ സംരക്ഷിക്കപ്പെടണമെന്നും, ദുരിതങ്ങള്‍, അസമത്വം, സംഘര്‍ഷങ്ങള്‍ എന്നിവ പരിഹരിക്കുന്നതിനായി അവ പ്രയോഗിക്കപ്പെടണമെന്നും അവര്‍ പറഞ്ഞു. 'ലോകത്തെ മാറ്റാനുള്ള ശക്തി അറിവ് നമുക്ക് നല്‍കുന്നു. എന്നാല്‍ ആ മാറ്റം നന്മയിലേക്കാണെന്ന് ഉറപ്പുവരുത്തുന്നത് ജ്ഞാനമാണ്,' അവര്‍ കൂട്ടിച്ചേര്‍ത്തു.

അസാധാരണമായ അറിവും സാങ്കേതികവിദ്യയും സമ്പത്തും ഉണ്ടായിരുന്നിട്ടും, ദുരിതങ്ങളും അസമത്വങ്ങളും സംഘര്‍ഷങ്ങളും ഇന്നും നിലനില്‍ക്കുന്നുണ്ടെന്ന് പ്രീതി അദാനി ചൂണ്ടിക്കാട്ടി. ഇതിനെ അടിസ്ഥാനമാക്കി അവര്‍ മൂന്ന് ഉത്തരവാദിത്തങ്ങളെക്കുറിച്ച് സംസാരിച്ചു.
നമ്മുടെ സംസ്‌കാരത്തിലെ ജ്ഞാനം എങ്ങനെ സംരക്ഷിക്കാം? ജീവിതം മെച്ചപ്പെടുത്താനും ദുരിതങ്ങള്‍ ലഘൂകരിക്കാനും ഈ ജ്ഞാനം എങ്ങനെ പ്രയോഗിക്കാം? ഭാവി തലമുറകള്‍ക്കായി വികസനവും സുസ്ഥിരതയും എങ്ങനെ ഒരേസമയം ഉറപ്പാക്കാം? എന്നിവയാണ് അത്.
ഗ്രീക്ക് തത്ത്വചിന്തകനായ അരിസ്റ്റോട്ടിലിന്റെ മനുഷ്യന്റെ സമഗ്ര വികാസം എന്ന ആശയത്തെയും, ദുരിതങ്ങളെ നേരിടുന്നതിനെക്കുറിച്ചുള്ള ബുദ്ധന്റെ ഉപദേശങ്ങളെയും, ധാര്‍മ്മിക കടമകള്‍ക്കും സാമൂഹിക ബന്ധങ്ങള്‍ക്കും ഊന്നല്‍ നല്‍കുന്ന കണ്‍ഫ്യൂഷ്യന്‍ തത്ത്വചിന്തയെയും അവര്‍ ഇതിനായി ഉദാഹരിച്ചു. ലോകം ഒരു കുടുംബമാണ് എന്നര്‍ത്ഥം വരുന്ന 'വസുധൈവ കുടുംബകം' എന്ന ഇന്ത്യന്‍ സങ്കല്‍പ്പവുമായി അവര്‍ ഇതിനെ ബന്ധിപ്പിച്ചു. മനുഷ്യന്റെ കഴിവുകള്‍ വളരുന്തോറും ഉത്തരവാദിത്തബോധവും വളരണമെന്ന പൊതുവായ തിരിച്ചറിവ് ഈ പാരമ്പര്യങ്ങളിലെല്ലാം അന്തര്‍ലീനമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
യോഗ, ചെറുധാന്യങ്ങള്‍ എന്നിവ ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടി, പാരമ്പര്യങ്ങള്‍ ഭൂതകാലത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കേണ്ടവയല്ലെന്നും, അവയ്ക്ക് ഇന്നത്തെ ലോകവുമായി സംവദിക്കാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു. പണ്ട് പരമ്പരാഗത ഇന്ത്യന്‍ ഭക്ഷണക്രമത്തിന്റെ പ്രധാന ഭാഗമായിരുന്ന ചെറുധാന്യങ്ങള്‍, ഇന്ന് പോഷകാഹാരം, ഭക്ഷ്യസുരക്ഷ, കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാനുള്ള ശേഷി എന്നിവയെക്കുറിച്ചുള്ള ആഗോള ചര്‍ച്ചകളില്‍ ഇടംപിടിച്ചിരിക്കുന്നു.
ഭാരത് നോളജ് ഗ്രാഫ്
ഭാരത് നോളജ് ഗ്രാഫിനെ കുറിച്ച് പരാമര്‍ശിച്ച പ്രീതി, ഇതിനായി അദാനി ഗ്രൂപ്പ് 10 ദശലക്ഷം ഡോളറിലധികം തുക നീക്കിവച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി. ഇന്ത്യയുടെ സാംസ്‌കാരികവും നാഗരികവുമായ അറിവുകളെ സമഗ്രവും വിവിധ വിഷയങ്ങളെ ഉള്‍ക്കൊള്ളുന്നതുമായ പഠനങ്ങള്‍ക്ക് ലഭ്യമാക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. നിലവില്‍ 14 ഡോക്ടറല്‍ ഗവേഷകര്‍ക്ക് ഇത് പിന്തുണ നല്‍കുന്നു.
'നമ്മുടെ സംസ്‌കാരത്തെ സംരക്ഷിക്കുക എന്നത് നമ്മുടെ സ്വത്വത്തെ സംരക്ഷിക്കുന്നതിന് തുല്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു,' അവര്‍ പറഞ്ഞു. ഗ്രന്ഥങ്ങളും ലിഖിതങ്ങളും ഡിജിറ്റല്‍ രൂപത്തിലാക്കുന്നതില്‍ മാത്രമായി ഈ ഉദ്യമം ഒതുങ്ങിനില്‍ക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, ഇത്തരം സിമ്പോസിയങ്ങള്‍ പോലുള്ള വേദികളിലും പാരമ്പര്യങ്ങളെക്കുറിച്ച് പഠിക്കുകയും, അവയെ ചോദ്യം ചെയ്യുകയും, വ്യാഖ്യാനിക്കുകയും ചെയ്യുമ്പോഴാണ് അവ സജീവമായി നിലനില്‍ക്കുന്നത്.
സേവനവും മൂന്ന് പതിറ്റാണ്ടുകളായുള്ള സാമൂഹിക പ്രവര്‍ത്തനവും
ഒരു ഡോക്ടര്‍ എന്ന നിലയിലും, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി സാമൂഹിക വികസന രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തി എന്ന നിലയിലും താന്‍ പുരോഗതിയെ മാനുഷികമായ മാനദണ്ഡങ്ങളിലൂടെയാണ് അളക്കുന്നത് എന്ന് അവര്‍ വ്യക്തമാക്കി. ഒരു ആശുപത്രിയുടെ യഥാര്‍ത്ഥ വിജയം, അവിടെ ചികിത്സ തേടിയെത്തുന്ന രോഗികള്‍ക്ക് പ്രതീക്ഷ ലഭിക്കുന്നുണ്ടോ എന്നതിലാണ്. അതുപോലെ ഒരു വിദ്യാലയത്തിന്റെ വിജയം, ആദ്യ തലമുറയില്‍ പഠിക്കാന്‍ എത്തുന്ന ഒരു വിദ്യാര്‍ത്ഥിക്ക്, തന്റെ ജനനസാഹചര്യങ്ങളല്ല തന്റെ ഭാവി തീരുമാനിക്കുന്നത് എന്ന് വിശ്വസിക്കാന്‍ കഴിയുന്നുണ്ടോ എന്നതിലാണ്.
1996-ല്‍ സ്ഥാപിതമായ 'അദാനി ഫൗണ്ടേഷന്‍', അദാനി ഗ്രൂപ്പിന്റെ സാമൂഹിക വികസന വിഭാഗമാണ്. 22 സംസ്ഥാനങ്ങളിലായി 7,000-ത്തിലധികം ഗ്രാമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫൗണ്ടേഷന്‍, 13 ദശലക്ഷത്തിലധികം ആളുകളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ദൂരെ നിന്ന് എന്തെങ്കിലും നല്‍കുക എന്നതല്ല, മറിച്ച് ആളുകളുടെ വാക്കുകള്‍ കേള്‍ക്കുക, അവരോടൊപ്പം നില്‍ക്കുക, അവരുടെ ഭാവി രൂപപ്പെടുത്താന്‍ അവരെ പ്രാപ്തരാക്കുക എന്നതാണ് സേവനം എന്നും പ്രീതി പറഞ്ഞു.
ഗൗതം അദാനിക്ക് 60 വയസായപ്പോള്‍ സേവനം തന്നെയാണ് സാധന അഥവാ ലക്ഷ്യപ്രാപ്തിക്കുള്ള മാര്‍ഗ്ഗം എന്ന വിശ്വാസത്താല്‍ പ്രചോദിതരായി കുടുംബം 6 ബില്യണ്‍ ഡോളറിലധികം തുക ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവച്ചതായും അവര്‍ അറിയിച്ചു. ഇത്തരമൊരു വാഗ്ദാനത്തെ വിലയിരുത്തേണ്ടത് 'അത് പ്രഖ്യാപിക്കപ്പെട്ട രീതിയിലല്ല, മറിച്ച് അത് സൃഷ്ടിക്കാന്‍ സഹായിക്കുന്ന അവസരങ്ങള്‍, അന്തസ്സ്, നിലനില്‍ക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയിലൂടെയാണ്,' എന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
ധര്‍മ്മവും സുസ്ഥിര സംരംഭകത്വവും
ഊര്‍ജ്ജ പരിവര്‍ത്തനത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി അദാനി ഗ്രൂപ്പ് 100 ബില്യണ്‍ ഡോളറിലധികം നിക്ഷേപിക്കുമെന്ന് പ്രതിജ്ഞയെടുത്തിട്ടുണ്ടെന്ന് ഡോ. പ്രീതി അദാനി പറഞ്ഞു. ഗുജറാത്തിലെ ഖാവ്ദയില്‍ ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊര്‍ജ്ജ പാര്‍ക്കും അവര്‍ സ്ഥാപിച്ചു. സുസ്ഥിരത എന്നത് വാര്‍ഷിക റിപ്പോര്‍ട്ടിലെ ഒരു അധ്യായമായി മാത്രം ഒതുങ്ങിനില്‍ക്കാന്‍ പാടില്ലെന്നും അത് പ്രായോഗികതലത്തില്‍ നടപ്പിലാക്കണമെന്നും അവര്‍ പറഞ്ഞു.
വ്യക്തിപരമായ താല്‍പ്പര്യത്തേക്കാള്‍ കടമയ്ക്ക് മുന്‍ഗണന നല്‍കുന്ന ധര്‍മ്മം എന്ന പുരാതന ജ്ഞാനം, ആധുനിക സംരംഭകത്വത്തിന് വളരെയധികം പ്രസക്തമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. പാരമ്പര്യത്തെക്കുറിച്ചുള്ള ആശയത്തെക്കുറിച്ച് സംസാരിക്കവെ, അത് അടുത്ത തലമുറയ്ക്കായി നമ്മള്‍ ബാക്കിവെക്കുന്ന ഭൗതികമായ കാര്യങ്ങള്‍ മാത്രമല്ല, മറിച്ച് അടുത്ത തലമുറയ്ക്കുള്ളില്‍ നമ്മള്‍ എന്താണ് അവശേഷിപ്പിക്കുന്നത്' എന്നത് കൂടിയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
സഹാനുഭൂതി, കരുണ, ഉത്തരവാദിത്തം, വിനയം, സേവനസന്നദ്ധത എന്നിവയാണവ. 'സമ്പത്ത് അനന്തരാവകാശമായി ലഭിക്കാം, എന്നാല്‍ മൂല്യങ്ങള്‍ ജീവിതത്തിലൂടെ പ്രാവര്‍ത്തികമാക്കേണ്ടവയാണ്,' അവര്‍ പറഞ്ഞു. 'ഭൂതകാലത്തിന്റെ ജ്ഞാനം ഭാവിയിലെ പുരോഗതിക്ക് ഒരു മനസ്സാക്ഷിയായി മാറട്ടെ' എന്ന് ആശംസിച്ചുകൊണ്ട് അവര്‍ പ്രസംഗം അവസാനിപ്പിച്ചു. സദസ്സിന് ദീപാവലി ആശംസകളും അവര്‍ നേര്‍ന്നു.
ബഹുധ്രുവ ലോകത്തെക്കുറിച്ച് ജെഫ്രി സാക്‌സ്
ഒരു ബഹുധ്രുവ ലോകത്തിന്റെ തിരിച്ചുവരവ് എന്ന വിഷയത്തില്‍ നടത്തിയ പ്രസംഗത്തില്‍, ആഗോള സാമ്പത്തിക ശക്തിയുടെ സന്തുലിതാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും അതില്‍ ഇന്ത്യ വഹിക്കുന്ന വര്‍ദ്ധിച്ചുവരുന്ന പങ്കിനെക്കുറിച്ചും പ്രൊഫസര്‍ ജെഫ്രി ഡി. സാക്‌സ് വിശകലനം ചെയ്തു. യുഎന്‍ സസ്‌റ്റൈനബിള്‍ ഡെവലപ്മെന്റ് സൊല്യൂഷന്‍സ് നെറ്റ്വര്‍ക്കിന്റെ പ്രസിഡന്റും കൊളംബിയ സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ സസ്‌റ്റൈനബിള്‍ ഡെവലപ്മെന്റിന്റെ ഡയറക്ടറുമാണ് സാക്‌സ്.
ആഗോള ഉല്‍പ്പാദനത്തില്‍ ഇന്ത്യയുടെ വിഹിതം 2000-ല്‍ 5.2 ശതമാനമായിരുന്നത് 2026-ല്‍ 8.5 ശതമാനമായി ഉയരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2050-ഓടെ ഇത് 13.1 ശതമാനമായും, 2100-ഓടെ 15.1 ശതമാനമായും ഉയരുമെന്ന് അദ്ദേഹം പ്രവചിച്ചു. ഏഷ്യയിലേക്കും ആഫ്രിക്കയിലേക്കും സാമ്പത്തിക ശക്തിയുടെ സന്തുലിതാവസ്ഥ മാറിക്കൊണ്ടിരിക്കുകയാണെന്നും, അതേസമയം അമേരിക്ക, കാനഡ, യൂറോപ്പ് എന്നിവയുടെ സംയുക്ത വിഹിതം 2100-ഓടെ 13.7 ശതമാനമായി കുറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലും ആഗോളതലത്തിലും സുസ്ഥിര വികസനത്തിനായി അദാനി ഗ്രൂപ്പും അദാനി ഫൗണ്ടേഷനും നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ വ്യാപ്തിയെ സാക്‌സ് എടുത്തുപറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിലും സാമ്പത്തിക വളര്‍ച്ചയിലും വഹിക്കുന്ന പങ്കിനെ മുന്‍നിര്‍ത്തി, ഇന്ത്യയിലെ മാറ്റത്തിന്റെയും പുരോഗതിയുടെയും പ്രധാന ചാലകശക്തികളിലൊന്നായി അദ്ദേഹം അദാനി ഗ്രൂപ്പിനെ വിശേഷിപ്പിച്ചു.
ബിസിനസ് രംഗത്ത് ഒരു കുടുംബപ്പേര് മുന്നോട്ട് കൊണ്ടുപോകുന്നതിലെ ഉത്തരവാദിത്തത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സംരംഭങ്ങളെയും, ഓഹരിയുടമകള്‍ക്ക് ലഭിക്കുന്ന ലാഭത്തിന് മുന്‍ഗണന നല്‍കുന്ന കോര്‍പ്പറേഷനുകളെയും താരതമ്യം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. കുടുംബപ്പേര് വഹിക്കുന്ന ബിസിനസുകള്‍ ആ കുടുംബത്തിന്റെ പാരമ്പര്യവും, സമൂഹത്തിന് തിരികെ എന്താണ് നല്‍കാന്‍ കഴിയുക എന്ന് ചിന്തിക്കേണ്ട ബാധ്യതയും കൂടി പേറുന്നുണ്ട്.
കൃത്രിമ ബുദ്ധിയും പ്രാചീന ജ്ഞാനവും
ഇന്ത്യന്‍ സംസ്‌കാരത്തിന്റെ നിലനില്‍ക്കുന്ന കരുത്തിനെക്കുറിച്ചും, അതിന്റെ ജ്ഞാനസമ്പത്തിനെ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതില്‍ സാങ്കേതികവിദ്യ നല്‍കുന്ന അവസരങ്ങളെക്കുറിച്ചും കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം സെക്രട്ടറി വിവേക് അഗര്‍വാള്‍ സംസാരിച്ചു. 'പ്രാചീന ഗ്രന്ഥങ്ങള്‍ വായിച്ചറിയാനും അവയിലെ ജ്ഞാനത്തെക്കുറിച്ച് ആഴത്തില്‍ മനസ്സിലാക്കാനും, അതുവഴി ഇന്ത്യയുടെ സാംസ്‌കാരിക ജ്ഞാനസമ്പത്തിനെ വരുംതലമുറകള്‍ക്ക് കൂടുതല്‍ പ്രാപ്യവും പ്രസക്തവുമാക്കാനും കൃത്രിമ ബുദ്ധിക്ക് സഹായിക്കാനാകും,' അദ്ദേഹം പറഞ്ഞു.
കൊളംബിയ സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ സസ്‌റ്റൈനബിള്‍ ഡെവലപ്മെന്റ് വിഭാഗത്തിലെ സീനിയര്‍ റിസര്‍ച്ച് സ്‌കോളര്‍ ഡോ. നിരുപം ബാജ്പേയിയുടെ പ്രസംഗത്തോടെയാണ് ഈ സെഷന്‍ ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസകള്‍ അറിയിച്ച അദ്ദേഹം, ആശയങ്ങളുടെയും ആത്മീയ പാരമ്പര്യങ്ങളുടെയും സംഗമസ്ഥാനമെന്ന നിലയില്‍ വാരണാസി വഹിച്ച ചരിത്രപരമായ പങ്കിനെക്കുറിച്ച് സംസാരിച്ചു.
ഗ്രീസില്‍ ആരംഭിച്ച ഒരു അന്താരാഷ്ട്ര പരമ്പരയുടെ ഭാഗമാണ് വാരണാസിയില്‍ നടന്ന ഈ പരിപാടി. ഇതിനു മുന്‍പായി 2022-ല്‍ ഏഥന്‍സിലും 2023-ല്‍ സ്റ്റാഗിറയിലും ഇത്തരം സമ്മേളനങ്ങള്‍ നടന്നിരുന്നു. തുടര്‍ന്ന് 2024-ല്‍ ചൈനയിലെ ഖുഫുവിലും ബീജിംഗിലും സമാനമായ സമ്മേളനങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു.
#WATCH | Varanasi, Uttar Pradesh: Dr Priti Adani, Chairperson of the Adani Foundation, gives an address at the World Symposium on Ancient Wisdom for Modern Challenges.She says, "... Our Prime Minister Narendra Modi chose this holy city as his parliamentary constituency. Under his visionary leadership, Varanasi has become a confluence of cultures and a symbol of India's growing global presence. We have seen the late Japanese Prime Minister Shinzo Abe experience the holy chants in this city. We have seen the French President Emmanuel Macron take a boat ride along the riverside... Ancient wisdom does not have to remain... It becomes valuable when we discover its relevance to modern-day problems..." (Source: Adani Group)
— ANI (@ANI) November 2, 2026


Click it and Unblock the Notifications
