തടസ്സപ്പെട്ട ഭവന പദ്ധതികൾക്ക് ജീവൻ നൽകി ഐബിസി, 1.4 ലക്ഷത്തിലധികം പേർക്ക് ആശ്വാസം
പ്രതിസന്ധിയിലായ ഭവന പദ്ധതികളിൽ കുടുങ്ങിക്കിടന്ന 1.4 ലക്ഷത്തിലധികം വീട് വാങ്ങിയവർക്ക് ഇൻസോൾവൻസി അഥവാ പാപ്പരത്ത നിയമം (ഐബിസി) വഴി സ്വന്തം വീട് ലഭിക്കാനുള്ള വഴി തെളിയുന്നു. സാമ്പത്തികശേഷിയുള്ള മറ്റ് ഡെവലപ്പർമാർ ഈ പദ്ധതികൾ ഏറ്റെടുക്കുന്നതിലൂടെയാണ് ഇത് സാധ്യമാകുന്നത്.
വ്യവസായ മേഖലയിലെ കണക്കുകൾ പ്രകാരം ഇതുവരെ പാപ്പരത്ത നിയമപ്രകാരം സ്വീകരിച്ച 553 റിയൽ എസ്റ്റേറ്റ് കേസുകളിലായി ഏകദേശം 2.5 ലക്ഷം വീട് വാങ്ങിയവർ ഉൾപ്പെട്ടിട്ടുണ്ട്. ഇതിൽ 17 ശതമാനം കേസുകൾ മാത്രമാണ് ഇതുവരെ പരിഹരിക്കപ്പെട്ടത്. എന്നാൽ 221 കേസുകളിലായി 1.1 ലക്ഷം ആളുകൾ ഇപ്പോഴും കോടതി നടപടികൾ പൂർത്തിയാകുന്നതും കാത്തിരിക്കുകയാണ്. പരിഹരിക്കപ്പെട്ട പദ്ധതികളിൽ ഏകദേശം 84000 കോടി രൂപയുടെ നിക്ഷേപമാണുള്ളത്. എന്നാൽ 65000 കോടി രൂപയുടെ നിക്ഷേപം ഇപ്പോഴും ഇത്തരം പ്രതിസന്ധിയിലായ പദ്ധതികളിൽ കുടുങ്ങിക്കിടക്കുന്നു.
2018-ലാണ് വീട് വാങ്ങിയവരെ ഇൻസോൾവൻസി നിയമപ്രകാരം സാമ്പത്തിക വായ്പ നൽകിയവരുടെ പദവിയിൽ ഉൾപ്പെടുത്തിയത്. ഈ മാറ്റത്തോടെയാണ് തടസ്സപ്പെട്ടു കിടക്കുന്ന ഭവന പദ്ധതികൾ വീണ്ടെടുക്കാൻ ഈ നിയമം കൂടുതൽ ഉപയോഗിച്ചു തുടങ്ങിയത്.

പുതിയ മാറ്റങ്ങൾ
ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്സി ബോർഡ് ഓഫ് ഇന്ത്യ (IBBI) പദ്ധതികൾ പൂർണ്ണമായി നിർത്തിവെയ്ക്കുന്നതിന് പകരം അവ പൂർത്തിയാക്കുന്നതിന് മുൻഗണന നൽകുന്ന പുതിയ പരിഷ്കാരങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്. മുഴുവൻ കമ്പനിക്ക് പകരമായി ഓരോ പ്രോജക്റ്റുകൾ വീതമായി പാപ്പരത്ത നടപടികൾ സ്വീകരിക്കുക, ഒരു പ്രോജക്റ്റിലെ പണം മറ്റ് കാര്യങ്ങൾക്ക് ഉപയോഗിക്കാതെ അതിൽ തന്നെ നിലനിർത്തുക, അപേക്ഷാ നടപടികൾ ലളിതമാക്കുക, റെറ (RERA) അധികൃതരും ഇൻസോൾവൻസി കോടതികളും തമ്മിൽ കൂടുതൽ ഏകോപനം ഉറപ്പാക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.
എന്നാൽ കേസുകൾ നീണ്ടുപോകുന്നതും തുടർച്ചയായ അപ്പീലുകളും നടപടികൾ വൈകിപ്പിക്കുന്നുണ്ടെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ എൻസിഎൽടി അനുമതി നൽകുന്നതും യഥാർത്ഥ നിർമ്മാണം ആരംഭിക്കുന്നതും തമ്മിലുള്ള സമയതാമസം പ്രോജക്റ്റുകളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. നിർമ്മാണച്ചെലവും പലിശ നിരക്കുകളും ഉയർന്നിട്ടും വർഷങ്ങൾക്ക് മുമ്പ് നിശ്ചയിച്ച വിലയിൽ തന്നെ പുതിയ നിർമ്മാതാക്കൾക്ക് വീടുകൾ കൈമാറേണ്ടി വരുന്നു എന്നതാണ് ഇതിന് കാരണം.
അദാനി റിയൽറ്റി, ലോധ തുടങ്ങിയ സാമ്പത്തിക ഭദ്രതയുള്ള വൻകിട റിയൽ എസ്റ്റേറ്റ് നിർമ്മാതാക്കൾ പ്രതിസന്ധിയിലായ പദ്ധതികൾ ഏറ്റെടുക്കാൻ മുന്നോട്ടുവന്നിട്ടുണ്ട്. വർഷങ്ങളായി തടസ്സപ്പെട്ടുകിടന്ന പദ്ധതികൾ പൂർത്തിയാക്കാൻ ആവശ്യമായ പുതിയ ഫണ്ടും നിർമ്മാണശേഷിയും ഇതിലൂടെ സാധ്യമാകുന്നു.
2020 മുതൽ മുംബൈയിലെ ബാന്ദ്ര-കുർള കോംപ്ലക്സിൽ മുടങ്ങിക്കിടന്നിരുന്ന ടേക്ക് ടെൻ ബികെസി എന്ന ആഢംബര ഭവന പദ്ധതി അദാനി റിയൽറ്റി വീണ്ടെടുത്തത് ഇതിനൊരു മികച്ച ഉദാഹരണമാണ്. 176 എംഎച്ച്എഡിഎ കുടുംബങ്ങളും മറ്റ് നൂറുകണക്കിന് ഉപഭോക്താക്കളുമായിരുന്നു ഈ പ്രോജക്റ്റ് അനിശ്ചിതത്വത്തിലായതോടെ ദുരിതത്തിലായത്.
എൻസിഎൽടി വഴിയുള്ള പരിഹാരത്തിലൂടെ അദാനി റിയൽറ്റി ഈ പദ്ധതിക്കായി 1000 കോടിയിലധികം രൂപ വാഗ്ദാനം ചെയ്തു. ഇതിൽ 400 കോടിയിലധികം രൂപയുടെ പുതിയ നിക്ഷേപവും ഏകദേശം 1200 കോടി രൂപയുടെ നിർമ്മാണ സാമ്പത്തിക സഹായവും ഉൾപ്പെടുന്നു. തുടർന്ന് നിർമ്മാണം പൂർത്തിയാക്കി 903 ഉപഭോക്താക്കൾക്ക് വീടുകൾ കൈമാറാൻ കമ്പനിക്ക് സാധിച്ചു.
മറ്റൊരു ബികെസി പദ്ധതിയിൽ, എച്ച്ഡിഐഎൽ എന്ന കമ്പനി തകർന്നതിനെ തുടർന്ന് അനിശ്ചിതത്വത്തിലായ ഭാരത് നഗർ ചേരി പുനരധിവാസ പദ്ധതിയുടെ ചുമതലയും അദാനി റിയൽറ്റി ഏറ്റെടുത്തു. സാമ്പത്തിക പ്രതിസന്ധി കാരണം ചേരി നിവാസികൾക്ക് നൽകാനുള്ള തുകയും മുൻ കമ്പനി കുടിശ്ശികയാക്കിയിരുന്നു. എന്നാൽ ഇപ്പോൾ പദ്ധതിയുടെ നിർമ്മാണം പുനരാരംഭിച്ചിട്ടുണ്ട്. കൂടാതെ ആയിരത്തോളം കുടുംബങ്ങൾക്കായുള്ള പുനരധിവാസ വീടുകളുടെ നിർമ്മാണവും പുരോഗമിക്കുകയുമാണ്.
രാജ്യതലസ്ഥാനത്തും മറ്റ് ഡെവലപ്പർമാർ ഇതുപോലെ നിർമ്മാണം നിലച്ച പദ്ധതികൾ വീണ്ടെടുത്തിട്ടുണ്ട്. ഗുഡ്ഗാവിലെ ഹിൽസ്-77 പദ്ധതി പുനരാരംഭിച്ചതോടെ 724 കുടുംബങ്ങൾക്ക് വീടുകൾ കൈമാറാൻ സാധിച്ചു. കൂടാതെ മുൻ ഡെവലപ്പർ വീഴ്ച വരുത്തിയതിനെ തുടർന്ന് ഏകദേശം 1250 കോടി രൂപയുടെ അവകാശവാദങ്ങൾ നിലനിന്നിരുന്ന സെന്റർ കോർട്ട് പദ്ധതിക്കും പ്രശ്നപരിഹാരത്തിന് ശേഷം ഒക്യുപ്പൻസി സർട്ടിഫിക്കറ്റ് ലഭിച്ചു. ഇത് 300ലധികം ഉപഭോക്താക്കൾക്കാണ് തുണയായത്.
വ്യവസായ ലോകത്തെ പ്രതികരണങ്ങൾ
മറ്റ് മേഖലകളെ അപേക്ഷിച്ച് റിയൽ എസ്റ്റേറ്റ് രംഗത്തെ ഇൻസോൾവൻസി പ്രശ്നങ്ങൾ പരിഹരിക്കാൻ കൂടുതൽ സമയമെടുക്കുമെന്ന് സിബിആർഇ ഇന്ത്യ ലാന്റ് ആൻഡ് ക്യാപിറ്റൽ മാർക്കറ്റ്സ് മാനേജിംഗ് ഡയറക്ടർ നിഖിൽ ഭാട്ടിയ ചൂണ്ടിക്കാണിക്കുന്നു. വീട് വാങ്ങിയവർ, വായ്പ നൽകിയവർ, ഭൂവുടമകൾ എന്നിവരുടെ വിവിധ ആവശ്യങ്ങൾ ഉൾപ്പെടുന്നതും വർഷങ്ങളെടുക്കുന്നതുമായ പദ്ധതികളുടെ സങ്കീർണ്ണതയാണ് ഇതിന് കാരണം. അതിനാൽ ദീർഘകാല നിക്ഷേപവും ക്ഷമയോടെയുള്ള മൂലധനവുമാണ് ഇതിനാവശ്യം. എന്നാൽ, അടുത്തകാലത്തായി വിപണിയിലുണ്ടായ വർധിച്ച ആവശ്യക്കാരും മികച്ച വിലയും തടസ്സപ്പെട്ടു കിടന്ന ഇത്തരം പദ്ധതികൾ പൂർത്തിയാക്കാൻ കൂടുതൽ സഹായകരമാകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നൈറ്റ് ഫ്രാങ്ക് സീനിയർ എക്സിക്യൂട്ടീവ് ഡയറക്ടറും ഇന്റർനാഷണൽ പാർട്ണറുമായ ഗുലാം സിയയുടെ നിരീക്ഷണത്തിൽ, ഇൻസോൾവൻസി നടപടികൾക്കായി സ്വീകരിച്ച കേസുകളിൽ 22 ശതമാനവും റിയൽ എസ്റ്റേറ്റ് മേഖലയിൽ നിന്നുള്ളതാണ്. ഈ രംഗത്ത് രണ്ടാമത്തെ വലിയ വിഹിതമാണിത്. ഇതിലൂടെ പരിഹരിക്കപ്പെടുന്ന പദ്ധതികളിൽ നിന്ന് അവയുടെ നിശ്ചിത മൂല്യത്തിന്റെ 95 ശതമാനത്തോളം തിരികെ ലഭിക്കുന്നുണ്ട്.
അദാനി, റിലയൻസ്, ജെഎസ്ഡബ്ല്യു, പ്രസ്റ്റീജ് തുടങ്ങിയ വൻകിട നിർമ്മാതാക്കൾ പ്രതിസന്ധിയിലായ പദ്ധതികളും ഭൂമിയും സ്വന്തമാക്കാൻ ഇൻസോൾവൻസി നിയമം കൂടുതൽ ഉപയോഗിക്കുന്നുണ്ട്. ആവശ്യമായ സാമ്പത്തിക സഹായവും നിർമ്മാണ മികവും നൽകി പദ്ധതികൾ പൂർത്തിയാക്കാൻ ഇവർക്ക് സാധിക്കുന്നു. ഇത് വർഷങ്ങളായി വീടുകൾക്കായി കാത്തിരുന്ന ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.
തടസ്സപ്പെട്ട പദ്ധതികളിൽ കുടുങ്ങിയ ഉപഭോക്താക്കൾക്ക് എൻസിഎൽടി വഴിയുള്ള നടപടികൾ ഒരു വലിയ അനുഗ്രഹമാണെന്ന് റിയൽ എസ്റ്റേറ്റ് വിദഗ്ദ്ധൻ വിശാൽ ഭാർഗവ പറയുന്നു. പൂർണ്ണമായും കുറ്റമറ്റ പദ്ധതികളൊന്ന് പറയാനാകില്ലെങ്കിൽപ്പോലും ഉപഭോക്താക്കളുടെ ആത്മവിശ്വാസം തിരികെ കൊണ്ടുവരാൻ ഇതിന് സാധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് അദാനി, ലോധ തുടങ്ങിയ മുൻനിര നിർമ്മാതാക്കൾ ഇത്തരം പദ്ധതികൾ ഏറ്റെടുത്ത് നിർമ്മാണം പൂർത്തിയാക്കി വീടുകൾ കൈമാറുമ്പോൾ ഇത് നീണ്ടുനിൽക്കുന്ന നിയമപോരാട്ടങ്ങളെക്കാൾ കൂടുതൽ ഫലപ്രദമാണെന്ന് തെളിയുന്നു.
വാണിജ്യ റിയൽ എസ്റ്റേറ്റ് മേഖലയ്ക്കും വളരാൻ ഇൻസോൾവൻസി നിയമം സഹായിച്ചിട്ടുണ്ട്. മുംബൈയിലെ ഹോട്ടൽ ഹൊറൈസൺ ഓബറോയ് റിയൽറ്റിയും കൺസോർഷ്യവും ഏറ്റെടുത്തതും, വി ഹോട്ടൽസ് മക്രോടെക് ഡെവലപ്പേഴ്സ് ഏറ്റെടുത്തതും ഈ നിയമം വഴിയാണ്.


Click it and Unblock the Notifications
