'മയ്യഴിയില്‍ നിന്ന് മരുഭൂമിയിലേക്ക്' പ്രകാശിപ്പിച്ചത് അഭിമാന മുഹൂര്‍ത്തം: ഡോ. എംകെ മുനീര്‍

ഷാര്‍ജ: മന്‍സൂര്‍ പള്ളൂരിന്റെ 'മയ്യഴിയില്‍ നിന്ന് മരുഭൂമിയിലേക്ക്' എന്ന പുസ്തകം പ്രകാശിപ്പിക്കാന്‍ സാധിച്ചത് തന്റെ ജീവിതത്തിലെ അഭിമാന മുഹൂര്‍ത്തമായി കാണുന്നുവെന്ന് കേരള ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. എംകെ മുനീര്‍. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ വ്യവസായ പ്രമുഖന്‍ വിടി സലീമിന് പുസ്തകം നല്‍കി പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസത്തിന്റെ ആദ്യകാലങ്ങളില്‍ ഗള്‍ഫിലേക്ക് ചേക്കേറിയവര്‍ക്ക് ആഴത്തിലുള്ള ഗൃഹാതുരത്വം പകരുന്ന രചനയാണ് ഈ പുസ്തകമെന്ന് മുനീര്‍ അഭിപ്രായപ്പെട്ടു. സ്വന്തം നാടിനെ ഹൃദയത്തില്‍ സൂക്ഷിച്ചുകൊണ്ട് മറ്റൊരു ദേശത്ത് ജീവിതം പടുത്തുയര്‍ത്തിയ മനുഷ്യരുടെ ഓര്‍മകളും അനുഭവങ്ങളും മന്‍സൂറിന്റെ എഴുത്തില്‍ തെളിയുന്നുണ്ട്. മയ്യഴിയുടെയും ഗള്‍ഫിന്റെയും ഇടയില്‍ ഒരു വിടവുപോലുമില്ലാത്തവിധം അലിഞ്ഞുനില്‍ക്കുന്ന ജീവിതബന്ധത്തെ ഗ്രന്ഥകാരന്‍ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

manzoor palloor book released by mk muneer

ഗള്‍ഫില്‍ നിന്നെത്തുന്ന ഒരാളുടെ പെട്ടി തുറക്കാന്‍ കാത്തിരുന്ന കുട്ടിക്കാലത്തെ ഓര്‍ത്തെടുത്തുകൊണ്ടാണ് മുനീര്‍ പുസ്തകത്തിലെ പ്രവാസാനുഭവങ്ങളിലേക്ക് കടന്നത്. ടൈഗര്‍ ബാം, പനഡോള്‍, സ്‌പ്രേ, യാര്‍ഡ്ലി സോപ്പ് തുടങ്ങിയവ നിറഞ്ഞ പെട്ടികള്‍ ഒരു തലമുറയുടെ ഓര്‍മകളുടെ ഭാഗമാണ്. കാലം മാറിയപ്പോള്‍ ആ പെട്ടികളിലെ ഉള്ളടക്കവും മാറി. ടേപ്പ് റെക്കോര്‍ഡറും വിസിആറും ടെലിവിഷനും അതില്‍ ഇടംപിടിച്ചു. ഗള്‍ഫില്‍നിന്ന് നാട്ടിലേക്കെത്തിയിരുന്ന സാധനങ്ങളിലെ ഈ മാറ്റങ്ങളിലൂടെ പ്രവാസജീവിതത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളെ പുസ്തകം അടയാളപ്പെടുത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സ്വന്തം സഹോദരി ഗള്‍ഫിലുണ്ടായിരുന്ന കാലത്തെ ഓര്‍മയും മുനീര്‍ പങ്കുവെച്ചു. അന്ന് നാട്ടില്‍നിന്നുള്ള ആവശ്യങ്ങളില്‍ പ്രധാനമായിരുന്നു പാറ്റകളെ കൊല്ലാനുള്ള 'പിഫ് പാഫ്' കൊണ്ടുവരണമെന്നത്. പുസ്തകത്തിലെ ഇത്തരം അനുഭവങ്ങള്‍ വായിക്കുമ്പോള്‍ സ്വന്തം ജീവിതത്തിലെ പഴയ ഓര്‍മ്മകളും മടങ്ങിയെത്തുന്നതായി അദ്ദേഹം പറഞ്ഞു.

പ്രവാസത്തിലേക്ക് കടക്കുമ്പോഴും മന്‍സൂറിന്റെ വേരുകള്‍ നാട്ടില്‍ത്തന്നെ ഉറച്ചുനിന്നിരുന്നുവെന്ന് മുനീര്‍ ചൂണ്ടിക്കാട്ടി. രോഗിയായി നാട്ടില്‍ കഴിയുന്ന ഉമ്മയെക്കുറിച്ചുള്ള ചിന്തകള്‍, വിവാഹം കഴിഞ്ഞയുടനെയുള്ള വേര്‍പിരിയല്‍, കുടുംബത്തെയും വീടിന്റെ പരിസരത്തെയും കുട്ടിക്കാലത്തെയും കുറിച്ചുള്ള ഓര്‍മ്മകള്‍ ഇവയെല്ലാം അദ്ദേഹത്തിന്റെ പ്രവാസ ജീവിതത്തോടൊപ്പം സഞ്ചരിക്കുന്നു. പിതാവിനൊപ്പം പ്രവാസജീവിതം നയിച്ച ഉമ്മയുടെ അനുഭവങ്ങളും പുസ്തകത്തില്‍ ഇടംപിടിക്കുന്നുണ്ട്.

manzoor palloor book released by mk muneer

നാടിന്റെ ഓര്‍മ്മകള്‍ മനസ്സിനെ വേട്ടയാടിയിരുന്ന കാലത്ത് മന്‍സൂര്‍ ആശ്വാസം കണ്ടെത്തിയത് വായനയിലായിരുന്നു. ബ്രിട്ടീഷ് ലൈബ്രറിയില്‍ നിന്നുള്ള പുസ്തകങ്ങള്‍ അദ്ദേഹത്തിന് കൂട്ടായി. വായനയ്ക്കായി ഏറെ സമയം ചെലവഴിച്ച ആ കാലത്തെക്കുറിച്ചും വായിച്ച പുസ്തകങ്ങളെക്കുറിച്ചും ഗ്രന്ഥകാരന്‍ വിശദമായി എഴുതുന്നുണ്ട്. തുടര്‍ന്ന് ഖത്തറില്‍ സാംസ്‌കാരിക സംഘടന രൂപപ്പെടുത്തുകയും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമാകുകയും ചെയ്ത ജീവിതഘട്ടവും പുസ്തകം ഹൃദ്യമായി അവതരിപ്പിക്കുന്നുവെന്ന് മുനീര്‍ പറഞ്ഞു.

പ്രമുഖ വ്യക്തികളുമായുള്ള കൂടിക്കാഴ്ചകളെക്കാള്‍ പിതാവിന്റെ ജീവിതത്തെയാണ് മന്‍സൂര്‍ തന്റെ മാതൃകയായി കാണുന്നതെന്നത് പുസ്തകത്തിലെ ഹൃദയസ്പര്‍ശിയായ അനുഭവങ്ങളിലൊന്നായി മുനീര്‍ എടുത്തുപറഞ്ഞു. രാഹുല്‍ ഗാന്ധിയെയും സോണിയാ ഗാന്ധിയെയും എപിജെ അബ്ദുല്‍ കലാമിനെയും കണ്ടിട്ടുണ്ടെങ്കിലും തന്റെ മാതൃക വാപ്പയാണെന്ന ഗ്രന്ഥകാരന്റെ വാക്കുകളില്‍ പിതാവിനോടുള്ള ആഴമുള്ള സ്‌നേഹവും ആദരവുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

manzoor palloor book released by mk muneer

മന്‍സൂര്‍ ഏറെ സ്‌നേഹിച്ച വ്യവസായ പ്രമുഖന്‍ സികെ മേനോനുമായുള്ള ആത്മബന്ധവും മന്‍സൂറിന്റെ ജീവിതത്തിലെ നിര്‍ണായക വഴിത്തിരിവുകളും പുസ്തകത്തില്‍ വായിക്കാനാകുന്നു. അദ്ദേഹത്തിന്റെ ഭാവിജീവിതത്തെ മാറ്റിമറിച്ച ആ ബന്ധവും തുടര്‍ന്ന് സൗദി അറേബ്യയിലേക്ക് കടന്ന ജീവിതയാത്രയും പ്രവാസത്തിന്റെ മറ്റു പല അനുഭവതലങ്ങളിലേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടുപോകുന്നതായി മുനീര്‍ അഭിപ്രായപ്പെട്ടു.

മയ്യഴിയുടെ ചരിത്രവും സാംസ്‌കാരിക സവിശേഷതകളും പുസ്തകത്തിന്റെ മറ്റൊരു പ്രധാന ആകര്‍ഷണമാണ്. ഇന്ത്യയ്ക്കുള്ളില്‍ ഒരു തുരുത്തുപോലെ ഫ്രഞ്ച് കോളനിയായി വേറിട്ടുനിന്ന മയ്യഴിയും അവിടത്തെ ഭാഷയിലും ജനജീവിതത്തിലും ഫ്രഞ്ച് സംസ്‌കാരം ചെലുത്തിയ സ്വാധീനവും പുസ്തകത്തില്‍ പ്രതിഫലിക്കുന്നു. ഇന്ത്യാവിഷനുവേണ്ടി മുമ്പ് മയ്യഴിയില്‍ ഒരു പരിപാടി നടത്തിയപ്പോഴുണ്ടായ അനുഭവങ്ങളും മുനീര്‍ അനുസ്മരിച്ചു. മത്സ്യബന്ധനത്തൊഴിലാളികള്‍പോലും ഫ്രഞ്ച് സംസാരിക്കുന്ന ആ നാടിന്റെ പ്രത്യേകത നേരിട്ട് മനസ്സിലാക്കാന്‍ അന്ന് സാധിച്ചിരുന്നു. അത്തരമൊരു ദേശത്തിന്റെ ജീവിതത്തെ ഗള്‍ഫ് പ്രവാസവുമായി ബന്ധിപ്പിക്കുന്നതിലാണ് ഈ രചനയുടെ ഭംഗിയെന്നും അദ്ദേഹം പറഞ്ഞു.

ഗള്‍ഫ് രാജ്യങ്ങളുടെ അതിവേഗമുള്ള മാറ്റങ്ങളും പുസ്തകം രേഖപ്പെടുത്തുന്നുണ്ട്. ഒട്ടകത്തില്‍നിന്ന് ലംബോര്‍ഗിനിയിലേക്കുള്ള മാറ്റത്തെക്കുറിച്ചുള്ള പരാമര്‍ശം, തന്റെ പിതാവ് എഴുതിയ 'കാമല്‍ ടു കാഡിലാക്' എന്ന പുസ്തകത്തെ ഓര്‍മ്മിപ്പിച്ചതായി മുനീര്‍ പറഞ്ഞു. വ്യത്യസ്ത കാലങ്ങളിലെ ഈ രണ്ടു വാഹനപ്രതീകങ്ങളിലൂടെ ഗള്‍ഫിന്റെ വളര്‍ച്ചയുടെ തുടര്‍ച്ചയും വായിച്ചെടുക്കാനാകുന്നു.

ഇതിനെ യാത്രാവിവരണം എന്നു മാത്രം വിശേഷിപ്പിക്കാനാവില്ലെന്നും ജീവിതാനുഭവങ്ങളാണ് ഇതിന്റെ ഉള്ളടക്കമെന്നും മുനീര്‍ അഭിപ്രായപ്പെട്ടു. ഓരോ പേജിലൂടെയും കടന്നുപോകുമ്പോള്‍ പ്രവാസത്തിന്റെ തുടിപ്പ് അനുഭവിക്കാനാകുന്നു. ഗള്‍ഫില്‍ ജീവിക്കുന്നവരുടെ ശരീരം ഇവിടെയായിരിക്കുമ്പോഴും മനസ്സ് എപ്പോഴും നാട്ടിലായിരിക്കും. പണം ചെലവഴിക്കുമ്പോള്‍പ്പോലും നാട്ടിലെ രൂപയില്‍ അതിന്റെ മൂല്യം കണക്കുകൂട്ടുന്ന പ്രവാസിയുടെ ശീലം ആ മാനസികബന്ധത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

മയ്യഴിയും ഗള്‍ഫും തമ്മിലുള്ള ഈ അടുപ്പത്തെ മന്‍സൂര്‍ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ടെന്നും മാതൃഭൂമി പ്രസിദ്ധീകരിച്ച പുസ്തകം വ്യാപകമായി വായിക്കപ്പെടേണ്ടതാണെന്നും മുനീര്‍ അഭിപ്രായപ്പെട്ടു. എഴുത്തുകാരന്‍ എം മുകുന്ദന്‍ ഏറെ ഇഷ്ടപ്പെടുന്ന മന്‍സൂറിന്റെ പുസ്തകം പ്രകാശിപ്പിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷവും അദ്ദേഹം പങ്കുവെച്ചു. താഹ മാടായി, പിആര്‍ പ്രകാശ്, നൗഷാദ്, സിവ ഷഹീന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. റോഷ്‌നി രാജന്‍ ചടങ്ങ് നിയന്ത്രിച്ചു. ഗ്രന്ഥകര്‍ത്താവ് മന്‍സൂര്‍ പള്ളൂര്‍ മറുപടിപ്രസംഗം നടത്തി. മാതൃഭൂമി ബുക്‌സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma