80 മുറികൾ, വിശ്രമിക്കാം ജോലിയും ചെയ്യാം, നവി മുംബൈ വിമാനത്താവളത്തിൽ സ്വേൾ ട്രാൻസിറ്റ് ഹോട്ടൽ തുറന്നു
നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 80 മുറികളുള്ള സ്വേൾ ട്രാൻസിറ്റ് ഹോട്ടൽ തുറന്ന് അദാനി എയർപോർട്ട് ഹോൾഡിംഗ്സ് ലിമിറ്റഡ്. യാത്രക്കാർക്ക് വിമാനത്താവളത്തിന് പുറത്തുപോകാതെ തന്നെ വിശ്രമിക്കാനും ജോലികൾ ചെയ്യാനും ഈ ഹോട്ടൽ സൗകര്യമൊരുക്കുന്നു.
ടേർമിനൽ 1-ന്റെ അറൈവൽ ലെവലിൽ സ്ഥിതിചെയ്യുന്ന ഈ രണ്ട് നിലകളുള്ള ട്രാൻസിറ്റ് ഹോട്ടൽ വിമാനത്താവളത്തിൽ കൂടുതൽ സമയം കാത്തിരിക്കേണ്ടവർ, പുലർച്ചെ വിമാനമുള്ളവർ, രാത്രി വൈകി എത്തുന്നവർ, ചുരുങ്ങിയ സമയം തങ്ങേണ്ടവർ തുടങ്ങിയ യാത്രക്കാരെ ലക്ഷ്യമിട്ടാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. യാത്രക്കാർക്ക് 4 മണിക്കൂർ നേരത്തേക്കോ അല്ലെങ്കിൽ രാത്രി മുഴുവനായോ ഇവിടെ മുറികൾ തിരഞ്ഞെടുക്കാവുന്നതാണ്.
ഈ ഹോട്ടലിൽ ആറ് വിഭാഗങ്ങളിലായി ആകെ 80 മുറികളാണ് ഉളളത്. സുപ്പീരിയർ സിംഗിൾ, സുപ്പീരിയർ ഡബിൾ, സുപ്പീരിയർ ട്വിൻ, സുപ്പീരിയർ ആക്‌സസിബിൾ, ജൂനിയർ സ്വീറ്റ്, എക്സിക്യൂട്ടീവ് സ്വീറ്റ് എന്നിവയാണവ. 130 ചതുരശ്ര അടി മുതൽ 410 ചതുരശ്ര അടി വരെ വലിപ്പമുള്ളതാണ് ഈ മുറികൾ.
ഹൈ-സ്പീഡ് വൈഫൈ, സ്മാർട്ട് ടിവി, വർക്ക് സ്റ്റേഷൻ, ഇലക്ട്രോണിക് സേഫ്, ചായ-കാപ്പി സൗകര്യങ്ങൾ, മികച്ച കിടക്കകളും ടവലുകളും, ടോയ്‌ലറ്റ്‌രീസ്, മുറിക്കുള്ളിൽ തന്നെ ഭക്ഷണം ലഭിക്കുന്ന ഇൻ-റൂം ഡൈനിംഗ് എന്നിവയാണ് ഇവിടുത്തെ പ്രധാന സൗകര്യങ്ങൾ.
എക്‌സ്പ്രസ് ലോൺഡ്രി, ഹെൽപ്പ് ഡെസ്ക് സഹായം, 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹൗസ് കീപ്പിംഗ്, പിക്ക്-അപ്പ് ആൻഡ് ഡ്രോപ്പ് സേവനങ്ങൾ, വേക്ക്-അപ്പ് കോളുകൾ എന്നിവയും യാത്രക്കാർക്ക് ലഭ്യമാണ്.

24 മണിക്കൂറും പ്രവർത്തിക്കുന്ന ഭക്ഷണശാല
40 പേർക്കിരുന്ന് കഴിക്കാവുന്ന 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു റെസ്റ്റോറന്റും സ്വേൾ ട്രാൻസിറ്റ് ഹോട്ടലിലുണ്ട്. ഏത് സമയത്തും മുറികളിൽ ഭക്ഷണം എത്തിച്ചുനൽകുന്ന സേവനം, ഗ്രാബ് ആൻഡ് ഗോ, ഒരു ബാർ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. കണക്റ്റിംഗ് ഫ്ലൈറ്റുകൾക്കായി കാത്തിരിക്കുന്നവർക്കും ദീർഘദൂര യാത്രയ്ക്കിടയിൽ വിശ്രമം ആവശ്യമുള്ളവർക്കും വേണ്ടിയാണ് പ്രധാനമായും ഈ ഹോട്ടൽ തുടങ്ങിയിരിക്കുന്നത്.
ഗുവഹാത്തിയിലും സ്വേൾ ഹോട്ടൽ
നവി മുംബൈയിലെ തുടക്കത്തിന് ശേഷം സ്വേൾ ട്രാൻസിറ്റ് ഹോട്ടൽ സൗകര്യം ഗുവാഹട്ടിയിലെ ലോക്പ്രിയ ഗോപിനാഥ് ബർദോലോയി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും വ്യാപിപ്പിക്കാനാണ് അദാനി എയർപോർട്ട് ഹോൾഡിംഗ്സ് ലിമിറ്റഡ് പദ്ധതിയിടുന്നത്.
ടേർമിനൽ 2-ലെ അറൈവൽ ഏരിയയുടെ മൂന്നാം നിലയിലായി 21 മുറികളുള്ള ഹോട്ടലാണ് നിർമ്മിക്കുക. മണിക്കൂർ അടിസ്ഥാനത്തിലോ രാത്രി മുഴുവനായോ തങ്ങാനുള്ള സൗകര്യവും ഭക്ഷണ, അതിഥി സൽക്കാര സേവനങ്ങളും ഇവിടെ ലഭ്യമാകും.
ഇത് ട്രാൻസിറ്റ് യാത്രക്കാർ, കൂടുതൽ സമയം കാത്തിരിക്കേണ്ടി വരുന്ന യാത്രക്കാർ കൂടാതെ ബിസിനസ്സ് യാത്രക്കാർ എന്നിവരെ ഉദ്ദേശിച്ചുള്ളതാണ്. പ്രത്യേക വർക്ക് സ്റ്റേഷനുകളും മീറ്റിംഗുകൾക്ക് അനുയോജ്യമായ സൗകര്യങ്ങളും ഉളളത് കൊണ്ട് യാത്രക്കാർക്ക് ഇവിടെ ഇരുന്ന് ജോലി ചെയ്യാനും സഹായിക്കും.
നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം വിപുലീകരിക്കുന്നു
മുംബൈ മെട്രോപൊളിറ്റൻ മേഖലയിലെ വർദ്ധിച്ചുവരുന്ന വ്യോമയാന ആവശ്യങ്ങൾ നിറവേറ്റുന്നതിനായാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രീൻഫീൽഡ് അന്താരാഷ്ട്ര വിമാനത്താവള പദ്ധതികളിലൊന്നായ നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം വികസിപ്പിച്ചത്. 2025 ഡിസംബർ 25നാണ് വിമാനത്താവളം വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്. തുടർന്ന് 2026 ജൂലൈ 29ന് അബുദാബിയിലേക്കുള്ള കന്നി സർവീസോടെ അന്താരാഷ്ട്ര സർവീസുകളും ആരംഭിച്ചു. സ്വേൾ ട്രാൻസിറ്റ് ഹോട്ടൽ ആരംഭിച്ചതോടെ വിമാനത്താവളത്തിലെ യാത്രക്കാർക്കായുള്ള സേവനങ്ങളുടെ പട്ടികയിലേക്ക് പുതിയൊരെണ്ണം കൂടി കൂട്ടിച്ചേർക്കപ്പെട്ടിരിക്കുകയാണ്.
വിമാനത്താവളത്തിനുള്ളിൽ തന്നെ താമസസൗകര്യം ഒരുക്കുന്നത് വഴി ഫ്ലൈറ്റുകൾക്കിടയിലുള്ള സമയത്ത് യാത്രക്കാർക്ക് വിശ്രമിക്കാനും ജോലി ചെയ്യാനും ഫ്രഷ് ആകാനും വലിയ സൗകര്യമാകുമെന്ന് അദാനി എയർപോർട്ട് ഹോൾഡിംഗ്സ് ലിമിറ്റഡ് നോൺ-എയറോ ബിസിനസ്സ് സിഇഓ സുചിത് ബൻസാൽ പറഞ്ഞു.
തങ്ങളുടെ കീഴിലുള്ള മറ്റ് വിമാനത്താവളങ്ങളിലേക്കും ഈ സേവനം വ്യാപിപ്പിക്കാൻ കമ്പനി ലക്ഷ്യമിടുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിമാനത്താവളത്തിനുള്ളിൽ തന്നെ യാത്രക്കാർക്ക് കൂടുതൽ സേവനങ്ങൾ ലഭ്യമാക്കുക എന്ന അദാനി എയർപോർട്ട് ഹോൾഡിംഗ്സ് ലിമിറ്റഡിന്റെ വലിയ പദ്ധതിയുടെ ഭാഗമായാണ് ഈ പുതിയ തുടക്കം.


Click it and Unblock the Notifications
