വള്ളങ്ങളുടെ വടംവലി, 'റെഡ് ബുള്‍ വള്ളം വലി-2026' സെപ്റ്റംബർ 6ന്, ലൈവായി ഡെയ്ലിഹണ്ടിൽ കാണാം
വള്ളം കളിയും വടംവലിയും മലയാളികള്‍ക്ക് പുത്തരിയല്ല. എന്നാല്‍ ഇത് രണ്ടും ഒരുമിച്ച് ചേര്‍ന്നാലോ. കേരളത്തിന്റെ സ്വന്തം വള്ളംകളിക്ക് ഒരു പുതിയ മുഖം നല്‍കുകയാണ് റെഡ് ബുള്‍ വള്ളം വലി 2026ലൂടെ. ഇതിലൂടെ വ്യത്യസ്തമായ ഒരു കായിക മാമാങ്കത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് നാട്. വെള്ളത്തിൽ നടക്കുന്ന വള്ളങ്ങളുടെ വടം വലിയാണ് റെഡ് ബുള്‍ വള്ളം വലി-2026.
സെപ്റ്റംബർ 16ന് വടക്കൻ പറവൂരിലെ ഗോതുരുത്ത് ജിബിആർ റെയ്സ് ട്രാക്കിൽ വെച്ചാണ് മത്സരം നടക്കുക. രാവിലെ 11 മണി മുതൽ വള്ളം വലി ആരംഭിക്കും. മത്സരം 6ാം തിയ്യതി ഞായറാഴ്ച നിങ്ങൾക്ക് ലൈവായി ഡെയ്ലിഹണ്ടിൽ കാണാം.
സാധാരണ വള്ളംകളിയിൽ വള്ളങ്ങൾ ഫിനിഷിംഗ് ലൈനിലേക്ക് വേഗത്തിൽ തുഴഞ്ഞു എത്തുകയാണ് ചെയ്യുന്നത്. ഇവിടെ അതിന് പകരം വള്ളംകളിയും വടംവലിയും ഒന്നിക്കുന്ന ആവേശകരമായ രീതിയിലാണ് ഈ മത്സരം നടക്കുന്നത്. പ്രധാനമായും രണ്ട് വിഭാഗങ്ങളാണ് മത്സരത്തിനുളളത്.

1. ചുണ്ടൻ വള്ളം റോ ഓഫ്
പ്രശസ്തമായ 100 അടി നീളമുള്ള ചുണ്ടൻ വള്ളത്തിലാണ് ഈ മത്സരം. 80 തുഴച്ചിൽക്കാർ അടങ്ങുന്ന രണ്ട് ടീമുകൾ ഒരേ ചുണ്ടൻ വള്ളത്തിൽ എതിർദിശകളിൽ തിരിഞ്ഞിരിക്കും. മധ്യരേഖ കടത്തി എതിർ ടീമിനെ സ്വന്തം ഭാഗത്തേക്ക് തുഴഞ്ഞു നീക്കുക എന്നതാണ് ചെയ്യേണ്ടത്.
2. ഇരുട്ടുകുത്തി / ചുരുളൻ വള്ളം റോ ഓഫ്
വേഗതയ്ക്ക് പേരുകേട്ട ചുരുളൻ വള്ളങ്ങളിൽ നടക്കുന്ന മത്സരമാണിത്. 25 തുഴച്ചിൽക്കാർ വീതമുള്ള രണ്ട് ടീമുകൾ ഒരേ വള്ളത്തിൽ ഇരുന്ന് എതിർദിശയിലേക്ക് തുഴയും.
എറണാകുളം ജില്ലയിലെ ചരിത്രപ്രസിദ്ധമായ പെരിയാറിന്റെ തീരത്തുള്ള ഗോതുരുത്ത് വള്ളംകളിക്ക് ഏറെ പേരുകേട്ട സ്ഥലമാണ്. 1938ൽ ആരംഭിച്ച ഗോതുരുത്ത് വള്ളംകളി പരമ്പരാഗത കായിക സംസ്കാരത്തിന്റെ കൂടി ഭാഗമാണ്. അതുകൊണ്ട് തന്നെയാണ് ഈ വേറിട്ട മത്സരത്തിന് ഗോതുരുത്ത് വേദിയാകുന്നതും.
2025ൽ നടന്ന വള്ളം വലി മത്സരം വലിയ ആവേശത്തോടെയായിരുന്നു സ്വീകരിക്കപ്പെട്ടിരുന്നത്. 'അഷ്ടമുടി ഏസേഴ്സ്' ആയിരുന്നു അന്നത്തെ ചാമ്പ്യന്മാർ. വീണ്ടും ഒരിക്കൽ കൂടി വള്ളം വലി എത്തുമ്പോൾ കായിക പ്രേമികൾ വലിയ ആവേശത്തിലാണ്.


Click it and Unblock the Notifications
