ദുബയ് പെണ്‍വാണിഭം: മലയാളി വീട്ടമ്മ പിടിയില്‍
നെടുമ്പാശേരി: ദുബയ് കേന്ദ്രീകരിച്ച് നടത്തിവന്നിരുന്ന പെണ്‍വാണിഭ സംഘത്തിലെ പ്രധാനിയായ മലയാളി വീട്ടമ്മ പിടിയില്‍. പുനലൂര്‍ സ്വദേശി ശാന്തയാണ് അറസ്റ്റിലായത്. യുവതികളെ കബളിപ്പിച്ച് പെണ്‍വാണിഭ സംഘങ്ങള്‍ക്ക് എത്തിച്ചു നല്‍കുന്ന കേരളത്തിലെ ഏജന്റാണ് ശാന്ത. ഇവര്‍ ദുബായില്‍ പെണ്‍വാണിഭം നടത്തുന്ന തൃശൂര്‍ സ്വദേശിനി അശ്വതിയുടെ ഏജന്റാണ്.
ഒന്നര വര്‍ഷം ദുബായില്‍ അശ്വതിയോടൊപ്പമുണ്ടായിരുന്ന ശാന്ത നാട്ടിലെത്തി, പുതിയ ഇരകളെ തേടിക്കൊടുക്കുന്ന ഏജന്റായി മാറുകയായിരുന്നു. ഒരു ലക്ഷം മുതല്‍ രണ്ടു ലക്ഷം രൂപ വരെ ഒരു പെണ്‍കുട്ടിയെ എത്തിച്ചാല്‍ അശ്വതി കമ്മിഷനായി നല്‍കുമത്രെ.
കഴക്കൂട്ടം സ്വദേശിനിയായ മുബീനയെ യുവതിയെ ശാന്ത വ്യാജ പാസ്‌പോര്‍ട്ടില്‍ ദുബായിലേക്കു കടത്തിയിരുന്നു. നിര്‍ധന കുടുംബാംഗമായ മുബീനയെ ദുബായില്‍ മലയാളി കുടുംബത്തില്‍ വീട്ടുജോലി വാഗ്ദാനം ചെയ്തു പ്രലോഭിപ്പിച്ചാണ് ദുബയിലെത്തിച്ചത്. വ്യാജപാസ്‌പോര്‍ട്ട് നിര്‍മ്മിക്കാന്‍ സഹായിച്ചതിനും ശാന്തയ്‌ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.
കൊച്ചി ക്രൈംബ്രാഞ്ച് ആണു ശാന്തയെ അറസ്റ്റ് ചെയ്തത്. ആലുവ കോടതിയില്‍ ഹാജരാക്കി. വ്യാജപാസ്‌പോര്‍ട്ടില്‍ യുവതിയെ കയറ്റിവിടാന്‍ കൂട്ടുനിന്ന ഇമിഗ്രേഷന്‍ അധികൃതര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പെണ്‍വാണിഭ സംഘത്തില്‍ നിന്നും രക്ഷപ്പെട്ടെത്തിയ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലുകളാണ് സംഘത്തെ കുടുക്കിയത്. കേസില്‍ ഇനിയും 14 പേര്‍ കൂടി പിടിയിലാകാനുണ്ട്.












Click it and Unblock the Notifications