8 വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നു
ബെംഗളൂരു: എട്ടുവയസ്സുമാത്രം പ്രായമുള്ള പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി. ബെംഗളൂരുവിലെ ഹൊസ്‌ക്കോട്ടെയിലാണ് സംഭവം. കാര്‍ ഷെഡ്ഡിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. റോഡില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു പെണ്‍കുട്ടി എന്ന് പോലീസ് പറഞ്ഞു. അജ്ഞാതനായ അക്രമിക്കെതിരെ പോലീസ് കേസെടുത്തു.
കുട്ടികളോടുള്ള ലൈംഗിക അതിക്രമങ്ങള്‍ക്കെതിരായ പോസ്‌കോ വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ആരാണ് കുട്ടിയെ പീഡിപ്പിച്ചത് എന്നത് വ്യക്തമല്ല. സമീപത്തുള്ള കടയിലെ സിസിടിവിയില്‍ നിന്നും കുട്ടിയോടൊപ്പം ഒരാള്‍ നില്‍ക്കുന്ന രംഗം പോലീസിന് കിട്ടിയതായി വിവരമുണ്ട്. റോഡില്‍ കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ കാര്‍ ഷെഡ്ഡില്‍ കൂട്ടിക്കൊണ്ടുപോയ ശേഷം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് കരുതുന്നത്.

രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടി. ഹൊസ്‌ക്കോട്ടെ താലൂക്കിലെ പില്ലഗുമ്പ വ്യവസായ പ്രദേശത്തുള്ള ഷെഡ്ഡിനുള്ളിലായിരുന്നു കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. ഹോളോബ്രിക് ഫാക്ടറിയില്‍ ജോലിക്കാരാണ് അച്ഛനും അമ്മയും.
കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ നടത്തിയ തിരച്ചിലില്‍ ആണ് മൃതദേഹം കണ്ടുകിട്ടിയത്. ഉടന്‍ തന്നെ പൊലീസ് സ്റ്റേഷനില്‍ അറിയിച്ചു. വടക്കന്‍ കര്‍ണാടകയിലെ ഹൂബ്ലി സ്വദേശികളാണ് കുട്ടിയുടെ കുടുംബം. ബെംഗളൂരുവില്‍ കുട്ടികള്‍ക്കെതിരായ അക്രമങ്ങള്‍ അടുത്തിടെയായി വര്‍ദ്ധിച്ചിരിക്കുകയാണ്.












Click it and Unblock the Notifications