ബാംഗ്ലൂര്‍: സ്‌കൂളില്‍ 9കാരിയെ ബലാത്സംഗം ചെയ്തു
ബാംഗ്ലൂര്‍: കര്‍ണാടകയിലെ സ്‌കൂളില്‍ വീണ്ടും വിദ്യാര്‍ഥിനിക്ക് പീഡനം. ബാംഗ്ലൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി ബെല്‍ഗാമിലെ സ്‌കൂളില്‍ വെച്ചാണ് ബലാത്സംഗത്തിന് ഇരയായത്. പീഡനത്തിന് ഇരയായ ഒമ്പത് വയസ്സുകാരി രണ്ട് മാസം മുന്‍പാണ് ഈ സ്‌കൂളില്‍ ചേര്‍ന്നതത്രെ. ബെല്‍ഗാം ജില്ലയിലെ റായ്ബാഗ് ടൗണിലുള്ള സ്‌കൂളിലാണ് സംഭവം നടന്നത്.
ബാംഗ്ലൂരില്‍ താമസിക്കുന്ന മാതാപിതാക്കളെ വിളിച്ച് സ്‌കൂള്‍ അധികൃതര്‍ കുട്ടിക്ക് സുഖമില്ല എന്ന് അറിയിക്കുകയായിരുന്നു. മകള്‍ക്ക് സുഖമില്ല എന്നും വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകണമെന്നും സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടത്രെ. ഇത് അനുസരിച്ച് മാതാപിതാക്കള്‍ കുട്ടിയെ ബാഗ്ലൂരിലേക്ക് കൊണ്ടുവന്നു.

സ്വകാര്യ ഭാഗങ്ങളില്‍ നിന്നും രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ഇവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാംഗ്ലൂരിലെ കെ സി ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് കുട്ടിയെ പരിശോധിച്ചത്. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതായി തെളിഞ്ഞു.
സ്‌കൂള്‍ അധികൃതര്‍ക്കെതിരെ പെണ്‍കുട്ടിയുടെ അച്ഛനമ്മമാര്‍ പോലീസില്‍ പരാതി നല്‍കി. ബാംഗ്ലൂര്‍ പോലീസ് ബെല്‍ഗാം ജില്ലാ പോലീസിന് കേസ് കൈമാറുമെന്നാണ് റിപ്പോര്‍ട്ട്. വടക്കു പടിഞ്ഞാറന്‍ ബാംഗ്ലൂരിലെ പീനിയയ്ക്കടുത്ത് നേലഗദരനഹള്ളിയിലാണ് പെണ്‍കുട്ടിയും വീട്ടുകാരും താമസിക്കുന്നത്. ബാംഗ്ലൂരില്‍ നിന്നും രണ്ട് മാസം മുന്‍പാണ് കുട്ടി ബെല്‍ഗാമിലേക്ക് പോയത്.
നേരത്തെ ബാംഗ്ലൂരിലെ മാറത്തഹള്ളി വിബ്ജിയോര്‍ സ്‌കൂളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി പീഡനത്തിന് ഇരയായത് വന്‍ വിവാദമായിരുന്നു. കരാര്‍ ജീവനക്കാരായ രണ്ട് അധ്യാപകരാണ് കുട്ടിയെ പീഡിപ്പിച്ചത്. വന്‍ പ്രതിഷേധത്തിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ വിബ്ജിയോര്‍ സ്‌കൂള്‍ ഏതാനും ദിവസം മുന്‍പാണ് വീണ്ടും തുറന്നത്.












Click it and Unblock the Notifications