വീണ്ടും ബെംഗളൂരു: 2വയസ്സുകാരിയെ പീഡിപ്പിച്ച 29കാരന്‍ അറസ്റ്റില്‍
ബെംഗളൂരു: പിഞ്ചുകുഞ്ഞുങ്ങള്‍ക്കെതിരായ ലൈംഗിക അക്രമത്തിന്റെ കാര്യത്തില്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് ബെംഗളൂരു. വിവിധ സ്‌കൂളുകളിലായി നാല് മാസത്തിനിടെ നാല് പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടതിന് പിന്നാലെ രണ്ട് വയസ്സ് മാത്രമുള്ള പിഞ്ചുകുഞ്ഞിനെയും ലൈംഗികമായി പീഡിപ്പിച്ചിരിക്കുകയാണ്. തെക്ക് കിഴക്കന്‍ ബെംഗളൂരുവിലെ എച്ച് എസ് ആര്‍ ലേ ഔട്ടിലാണ് രണ്ടു വയസ്സുകാരി പെണ്‍കുഞ്ഞ് പീഡനത്തിന് ഇരയായത്.
ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ അച്ഛനമ്മമാര്‍ കൂലിപ്പണിക്കാരാണ്. കുഞ്ഞിനെ പീഡിപ്പിച്ച 29കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു സ്വകാര്യ കമ്പനിയില്‍ ഓഫീസ് ബോയ് ആയി ജോലി ചെയ്യുകയാണ് ഇയാള്‍. കുഞ്ഞിന്റെ അച്ഛനും അമ്മയും വീട്ടില്‍ ഇല്ലാതിരുന്ന തക്കം നോക്കിയാണ് അയല്‍വാസിയായ ഇയാള്‍ കുഞ്ഞിനെ പീഡിപ്പിച്ചത്.

കഴിഞ്ഞ ആഴ്ച ജാലഹള്ളിയിലെ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ മൂന്നുവയസ്സുകാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നു. സ്‌കൂളിലെ അറ്റന്‍ഡറാണ് കുഞ്ഞിനെ പീഡിപ്പിച്ചത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ ഗുണ്ടപ്പ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഇപ്പോള്‍ ജുഡിഷ്യല്‍ കസ്റ്റഡിയിലാണ്.
രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഇന്ദിരാനഗറിലെ സ്‌കൂളില്‍ ആറു വയസ്സുകാരി പെണ്‍കുട്ടിയും പീഡിപ്പിക്കപ്പെട്ടു. ഫിസിക്കല്‍ ട്രെയിനറായ ജയശങ്കര്‍ എന്നയാളാണ് കുഞ്ഞിനെ പീഡിപ്പിച്ചത്. ഒക്ടോബര്‍ 28, 29 എന്നീ ദിവസങ്ങളിലായാണ് ഇയാള്‍ കുഞ്ഞിനെ ഒന്നിലധികം തവണ പീഡിപ്പിച്ചത്. ഇയാളെയും പോലീസ് അറസ്റ്റ് ചെയ്തു. നാല് മാസം മുന്‍പ് മാറത്തഹള്ളി വിബ്ജിയോര്‍ സ്‌കൂളില്‍ ആറുവയസ്സുകാരി പീഡിപ്പിക്കപ്പെട്ടതോടെയാണ് ബെംഗളൂരുവില്‍ പീഡനവാര്‍ത്തകള്‍ തുടര്‍ച്ചയായത്.












Click it and Unblock the Notifications