ബലാത്സംഗം: ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗം സിംബാബ്‌വെയില്‍ അറസ്റ്റില്‍?
ഹരാരെ: സിംബാബ്‌വെയ്‌ക്കെതിരെ ആദ്യത്തെ ട്വന്റി 20 ക്രിക്കറ്റ് മാച്ച് ഇന്ത്യയ്ക്ക് മറ്റൊരു നാണക്കേട് കൂടി. സിംബാബ്‌വെ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിലെ ഒരംഗം ബലാത്സംഗക്കുറ്റത്തിന് അറസ്റ്റിലായി എന്ന് പ്രചരിക്കുന്ന വാര്‍ത്തകളാണ് ഇതിന് കാരണം. വെള്ളിയാഴ്ചയാണ് അറസ്റ്റ് നടന്നതത്രെ. അറസ്റ്റ് ചെയ്തയാളെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയതായി പോലീസ് വക്താവിനെ ഉദ്ധരിച്ച് ന്യൂസ് സിംബാബ്‌വെ.കോം പറയുന്നു.
ഇന്ത്യന്‍ സ്വദേശിക്കെതിരെ സിംബാബ്‌വെ യുവതി പരാതി നല്‍കിയതായി ഔദ്യോഗിക സ്ഥിരീകരണമുണ്ടെന്നാണ് ഈ വെബ്‌സൈറ്റ് പറയുന്നത്. കളിക്കാര്‍ താമസിച്ചിരുന്ന ഹോട്ടല്‍ ലോബിയില്‍ വെച്ചാണ് പരാതിക്കിടയാക്കിയ സംഭവം ഉണ്ടായത് എന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ ചാരിറ്റി ചരംബ പറയുന്നു. എന്നാല്‍ പിടിയിലായത് കളിക്കാരനാണോ സപ്പോര്‍ട്ട് സ്റ്റാഫിലെ ആരെങ്കിലുമാണോ എന്ന് വെളിപ്പെടുത്താന്‍ ചരംബ തയ്യാറായില്ല.

ഹോട്ടല്‍ ലോബിയില്‍ വെച്ച് ഒരാള്‍ മോശമായി പെരുമാറുകയും മയക്കുമരുന്ന് നല്‍കുകയും ചെയ്തു എന്നാണ് പരാതിക്കാരി പറയുന്നത്. ബോധം ഉണരുമ്പോള്‍ താന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഡ്രസിങ് റൂമിലായിരുന്നത്രെ. അടിവസ്ത്രത്തില്‍ ചോര പുരണ്ടിരുന്നു. താന്‍ എങ്ങനെയാണ് ഡ്രസിങ് റൂമില്‍ എത്തിയത് എന്ന് അറിയില്ല എന്ന് ഇവര്‍ പോലീസിനോട് പറഞ്ഞതായാണ് അറിയുന്നത്.
പോലീസ് അന്വേഷണം പൂര്‍ത്തിയാക്കിക്കഴിഞ്ഞു എന്നാണ് ചരംബ പറയുന്നത്. രണ്ട് രാജ്യങ്ങള്‍ക്കിടയിലുള്ള നയതന്ത്ര ബന്ധത്തെ വരെ ബാധിക്കാവുന്ന വിഷയമായതിനാല്‍ വളരെ കരുതലോടെയാണ് പോലീസ് ഈ വിഷയം കൈകാര്യം ചെയ്യുന്നത്. സിംബാബ്‌വെയില്‍ ഇന്ത്യ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ജയിച്ചിരുന്നു. മൂന്ന് മത്സരങ്ങളുള്ള ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ തോറ്റു.












Click it and Unblock the Notifications