ബലാത്സംഗം: ഷാരൂഖ് ഖാന്റെ ഡ്രൈവര്‍ അറസ്റ്റില്‍
മുംബൈ: മോഡലും നടിയുമായ സംഗീത ബിജ്‌ലാനിയുടെ വേലക്കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ഷാരൂഖ് ഖാന്റെ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ബോളിവുഡ് സൂപ്പര്‍താരത്തിന്റെ ഡ്രൈവറായ പിന്റു മിശ്ര എന്ന രാജേന്ദ്ര കുമാര്‍ ഗൗതമാണ് പോലീസിന്റെ പിടിയിലായത്. ജോലി വാഗ്ദാനം നല്‍കിയാണ് ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
അന്ധേരി ഈസ്റ്റിലെ താമസക്കാരനാണ് ഇയാള്‍. പെണ്‍കുട്ടിക്ക് ജോലി വാങ്ങിക്കൊടുക്കാമെന്ന് വാഗ്ദാനം നല്‍കി നല്ലസോപരയിലെ ഒരു ഹോട്ടലില്‍ കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് പരാതി. അഞ്ച് മാസം മുന്‍പാണ് സംഗീത ബിജ്‌ലാനിയുടെ വീട്ടില്‍ പെണ്‍കുട്ടി ജോലി ചെയ്യാന്‍ ആരംഭിച്ചത്. ക്രിക്കറ്റ് താരം അസ്ഹറുദ്ദീനുമായി പിരിഞ്ഞ സംഗീത ബോളിവുഡില്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ്.

ഷാരൂഖ് ഖാന്റെ ഡ്രൈവറായ രാജേന്ദ്ര കുമാര്‍ ഗൗതം പെണ്‍കുട്ടിയുമായി അടുത്ത പരിചയത്തിലായിരുന്നത്രെ. ഇവര്‍ തമ്മില്‍ പതിവായി ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നു എന്നാണ് പോലീസിന് ലഭിച്ച വിവരം. ജൂണ്‍ ഇരുപതിനാണ് ഇയാള്‍ പെണ്‍കുട്ടിയെ ജോലി വാഗ്ദാനം നല്‍കി ഹോട്ടലില്‍ കൊണ്ടുപോയി പീഡിപ്പിച്ചത്. സംഭവം പുറത്താരോടെങ്കിലും പറഞ്ഞാല്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്ന് ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
ബാന്ദ്ര പോലീസ് സ്‌റ്റേഷനിലെത്തിയാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. ഐ പി സി 376 വകുപ്പ് പ്രകാരം ബലാത്സംഗക്കുറ്റത്തിനാണ് രാജേന്ദ്ര കുമാര്‍ ഗൗതമിനെതിരെ പോലീസ് കേസെടുത്തത്. തുടര്‍ന്നായിരുന്നു അറസ്റ്റ്. എന്നാല്‍ ഡ്രൈവര്‍ക്ക് താരത്തിന്റെ കുടുംബവുമായി ബന്ധമൊന്നുമില്ലെന്ന് ഷാരൂഖ് ഖാന്റെ കുടുംബ വൃത്തങ്ങള്‍ പറഞ്ഞു.












Click it and Unblock the Notifications