കൂട്ടബലാത്സംഗത്തിനിരയായ വിദ്യാര്‍ഥിനിയെ അതേ പ്രതികള്‍ വീണ്ടും ബലാത്സംഗം ചെയ്തു
രോഹ്തക്: മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ അതേ പ്രതികള്‍ വീണ്ടും കൂട്ടബലാത്സംഗത്തിനിരയാക്കി. ഹരിയാണയിലെ രോഹ്തക്കിലാണ് സംഭവം. ഭിവാനി ജില്ലയില്‍വെച്ചായിരുന്നു പെണ്‍കുട്ടിയെ നേരത്തെ കൂട്ടബല്താസംഗത്തിനിരയാക്കിയത്. ഇതിനുശേഷം ദളിത് കുടുംബം രോഹ്തക്കിലേക്ക് താമസം മാറുകയായിരുന്നു.
ബുധനാഴ്ച വൈകിട്ടാണ് അന്നത്തെ കേസിലെ പ്രതികള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത്. വിദ്യാര്‍ഥിനി വീട്ടില്‍ തിരിച്ചെത്താത്തിനെ തുടര്‍ന്ന് അന്വേഷണം നടക്കവെ സുഖ്പുര ചൗക്കില്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വസ്ത്രങ്ങള്‍ കീറിപ്പറഞ്ഞ നിലയിലായിരുന്ന പെണ്‍കുട്ടിയെ ഉടന്‍ രോഹ്തക് സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

നേരത്തെയുണ്ടായിരുന്ന കേസ് പിന്‍വലിക്കാത്തതിനെ തുടര്‍ന്നാണ് വീണ്ടും ബലാത്സംഗം ചെയ്തതെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആരോപിച്ചു. അഞ്ചുപേരായിരുന്നു പ്രതികള്‍. ഇവരില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്ക് പിന്നീട് ജാമ്യം ലഭിച്ചു. ശേഷിക്കുന്നവരെയും അറസ്റ്റ് ചെയ്യണമെന്നും അറസ്റ്റിലായവരുടെ ജാമ്യം റദ്ദാക്കണമെന്നും കാട്ടി വിദ്യാര്‍ഥിനിയുടെ കുടുംബം കോടതിയില്‍ പരാതി നല്‍കിയിരുന്നു.
ഇത് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടായിരുന്നു പ്രതികള്‍ ഭീഷണി മുഴക്കിയത്. കോടതിക്ക് പുറത്ത് കേസ് ഒത്തുതീര്‍ക്കാനായിരുന്നു പ്രതികളുടെ ആവശ്യം. എന്നാല്‍ കേസില്‍ ഉറച്ചുനിന്നതോടെ വീണ്ടും അക്രമത്തിന് ഇരായായെന്ന് രക്ഷിതാക്കള്‍ പറയുന്നു. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയശേഷം പോലീസ് കേസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications