ഒന്‍പതുകാരിയെ കുക്ക് ബലാത്സംഗം ചെയ്തതായി പരാതി; നിഷേധിച്ച് രക്ഷിതാക്കള്‍
ഗുഡ്ഗാവ്: ഒമ്പതു വയസുള്ള പെണ്‍കുട്ടിയെ വീട്ടിലെ പാചകക്കാരന്‍ ബലാത്സംഗം ചെയ്തതായി പരാതി. കുട്ടിയുടെ സ്‌കൂള്‍ പ്രിന്‍സിപ്പലാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. എന്നാല്‍, പെണ്‍കുട്ടിയുടേത് തെറ്റിദ്ധാരണയാണെന്നും 14 വര്‍ഷമായി തങ്ങള്‍ക്കൊപ്പമുള്ള കുക്ക് വിശ്വസ്തനാണെന്നും രക്ഷിതാക്കള്‍ പറഞ്ഞു.
ഗുഡ്ഗാവ് സ്വദേശിയായ പെണ്‍കുട്ടിയാണ് ദില്ലിയിലെ തന്റെ സ്‌കൂള്‍ പ്രിന്‍സിപ്പലിനോട് ബലാത്സംഗത്തിന്റെ കാര്യം അറിയിക്കുന്നത്. വീട്ടില്‍ ആളില്ലാത്തപ്പോള്‍ കുക്ക് ബലാത്സംഗം ചെയ്‌തെന്നും മൊബൈല്‍ ഫോണില്‍ വീഡിയോ പകര്‍ത്തിയെന്നുമായിരുന്നു കുട്ടിയുടെ പരാതി. പ്രിന്‍സിപ്പല്‍ ഉടന്‍ പോലീസിനെ സമീപിച്ച് പരാതി നല്‍കുകയും ചെയ്തു.

ദില്ലി പോലീസ് കേസ് ഗുഡ്ഗാവ് പോലീസിന് കൈമാറി. കേസന്വേഷണവുമായി രക്ഷിതാക്കളെ സമീപിച്ചപ്പോഴാണ് അവര്‍ പെണ്‍കുട്ടിയുടെ പരാതി തള്ളിക്കളഞ്ഞത്. കുക്ക് 14 വര്‍ഷമായി തങ്ങള്‍ക്കൊപ്പമുണ്ട്. മകളുടേത് തെറ്റിദ്ധാരണയാകാം. വീഡിയോ പകര്‍ത്താന്‍ ക്യാമറയുള്ള ഒരു മൊബൈല്‍ഫോണ്‍ പോലും കുക്കിനില്ലെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.
ഇതോടെ കേസില്‍ മുന്നോട്ടുപോകാന്‍ പോലീസിന് കഴിയാത്ത അവസ്ഥയാണ്. എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, കേസില്‍ തുടര്‍ നടപടിക്ക് പോലീസ് കോടതിയെ സമീപിച്ചിരിക്കുകയാണ്. കോടതിയുടെ തീരുമാനപ്രകാരം കേസില്‍ മേല്‍നടപടി കൈക്കൊള്ളുമെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.












Click it and Unblock the Notifications