ബെംഗളൂരു: 'ടെക്കി' കസിന്‍ 11കാരിയെ ബലാത്സംഗം ചെയ്തു
ബെംഗളൂരു: പൊതുസ്ഥലങ്ങളിലും സ്‌കൂളിലും മാത്രമല്ല, ബെംഗളൂരുവില്‍ സ്വന്തം വീട്ടില്‍ പോലും പെണ്‍കുട്ടികള്‍ക്ക് രക്ഷയില്ല. മഡിവാളയിലെ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് 24 കാരനായ സോഫ്റ്റ് വെയര്‍ എഞ്ചിനീര്‍ 11 കാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത സംഭവമാണ് ബെംഗളൂരുവിലെ സീരിയൽ പീഡനങ്ങളില്‍ ഒടുവിലത്തേത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച സ്വപ്‌നില്‍ ബാലാസാഹേബ് ദാല്‍വി എന്ന 24 കാരനെ പോലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തു.
മഡിവാള ബൊമ്മനഹള്ളിയില്‍ മംഗമ്മപ്പാളയ റോഡിലുള്ള അപ്പാര്‍ട്ട്‌മെന്റിലായിരുന്നു സംഭവം. 2012 ആഗസ്ത് മാസം മുതല്‍ 2014 ഒക്ടോബര്‍ വരെ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവരികയായിരുന്നത്രെ കസിന്‍ സഹോദരന്‍. പെണ്‍കുട്ടിയുടെ അച്ഛന്റെ മൂത്ത സഹോദരന്റെ മകനാണ് സ്വപ്‌നില്‍. പെണ്‍കുട്ടിയുടെ അച്ഛന്റെ പരാതിയിന്മേല്‍ മഡിവാള പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ സ്വപ്‌നിലിനെ ജൂഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗര്‍ സ്വദേശികളാണ് ഇവര്‍. പെണ്‍കുട്ടിയുടെ അച്ഛന്‍ ബെംഗളൂരുവില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറാണ്. സഹോദരന്റെ മകനായ സ്വപ്‌നില്‍ തന്റെ മകളെ രണ്ട് വര്‍ഷമായി പീഡിപ്പിച്ചുവരികയാണ് എന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ മഡിവാള പോലീസില്‍ പരാതി നല്‍കി.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി, ലൈംഗിക പീഡനത്തിന് ഇരയായതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. അടിവയറ്റില്‍ വേദനയുണ്ടെന്ന് പെണ്‍കുട്ടി ഒരുപാട് ദിവസങ്ങളായി പരാതി പറയുമായിരുന്നത്രെ. എന്നാല്‍ ദീപാവലി ദിവസം മാത്രമാണ്, മകള്‍ പീഡനത്തിന് ഇരയാകുന്ന വിവരം അച്ഛനമ്മമാര്‍ മനസിലാക്കിയത്. അശ്ലീല വിഡിയോകള്‍ മൊബൈല്‍ ഫോണില്‍ കാണിച്ച് സ്വപ്‌നില്‍ പെണ്‍കുട്ടിയെ അതേ രീതിയില്‍ പീഡിപ്പിക്കുകയായിരുന്നത്രെ.












Click it and Unblock the Notifications