നിർണായക ചുവടുവെയ്പ്പ്; ധാരണാപത്രത്തിൽ ഒപ്പുവെച്ച് ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരളയും HEX20യും
ഉപഗ്രഹ സാങ്കേതികവിദ്യയിൽ പ്രത്യേക പ്രായോഗിക വിദ്യാഭ്യാസ പരിപാടി സംയുക്തമായി രൂപകൽപ്പന ചെയ്ത് നടപ്പിലാക്കുന്നതിനായി ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരളയും HEX20-യും ധാരണയായി. ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ ഇരു സ്ഥാപനങ്ങളുടെയും പ്രതിനിധികൾ ഒപ്പുവെച്ചു.
സംസ്ഥാനത്ത് വിജയകരമായി പ്രവർത്തിക്കുന്ന വാണിജ്യ ഉപഗ്രഹ കമ്പനികളിലൊന്നാണ് HEX20. ഇന്ത്യയിലെയും വിദേശ രാജ്യങ്ങളിലെയും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് ഉപഗ്രഹ ഉപസംവിധാനങ്ങളുടെ രൂപകൽപ്പന, അസംബ്ലി, ഇന്റഗ്രേഷൻ, ടെസ്റ്റിംഗ് എന്നിവയിൽ നേരിട്ടുള്ള പരിശീലനം ലഭ്യമാക്കുക എന്നതാണ് ഈ സഹകരണത്തിന്റെ പ്രധാന ലക്ഷ്യം. ക്ലാസ് മുറിയിലെ പഠനവും വ്യവസായ മേഖലയിലെ പ്രായോഗിക അനുഭവവും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിനാണ് ഈ പരിപാടി ലക്ഷ്യമിടുന്നത്.

യഥാർത്ഥ ഉപഗ്രഹ സംവിധാനങ്ങളിൽ വിദഗ്ധർക്കൊപ്പം പ്രവർത്തിക്കാനുള്ള അവസരത്തിലൂടെ വിദ്യാർത്ഥികൾക്ക് സാറ്റലൈറ്റ് എൻജിനീയറിംഗിലെ പ്രവർത്തന രീതികളെക്കുറിച്ചുള്ള ആഴത്തിലുള്ള പ്രായോഗിക പരിചയം ലഭിക്കും. അതുവഴി അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന ബഹിരാകാശ സാങ്കേതികവിദ്യാ മേഖലയിലെ തൊഴിൽ സാധ്യതകൾക്കായി അവർ കൂടുതൽ സജ്ജരാകും. സഹകരണത്തിന്റെ ഭാഗമായി, പരിചയസമ്പന്നരായ സാറ്റലൈറ്റ് എൻജിനീയർമാരെയും വിഷയവിദഗ്ധരെയും HEX20 പരിശീലന പരിപാടിക്ക് നേതൃത്വം നൽകുന്നതിനായി ഒരുക്കും. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനാവശ്യമായ അക്കാദമിക് അന്തരീക്ഷവും സ്ഥാപന പിന്തുണയും ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള ഉറപ്പാക്കും.
ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള രജിസ്ട്രാർ പ്രൊഫ. ജയശങ്കർ ആർ. നായരും HEX20 ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. അമൽ ചന്ദ്രനും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. വൈസ് ചാൻസലർ പ്രൊഫ. സജി ഗോപിനാഥിന്റെയും ഇരുസ്ഥാപനങ്ങളിലെയും മറ്റ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. വ്യവസായ-അക്കാദമിക് സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഉപഗ്രഹ എൻജിനീയറിങ്, ബഹിരാകാശ സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ആഗോള നിലവാരത്തിലുള്ള പഠനാവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഈ പങ്കാളിത്തം.














Click it and Unblock the Notifications