കെഎസ്എഫ്ഇ നിക്ഷേപകർക്ക് സന്തോഷ വാർത്ത: ഇനി കൂടുതല്‍ വരുമാനം; സ്ഥിരനിക്ഷേപ പലിശ ഉയർത്തി
കൊച്ചി: വിവിധ നിക്ഷേപ പദ്ധതികളിലെ പലിശ നിരക്കുകൾ പുതുക്കി കെ എസ് എഫ് ഇ. ജനറൽ ഫിക്സഡ് ഡിപ്പോസിറ്റ്, ചിട്ടിപ്രൈസ് മണി ഡിപ്പോസിറ്റ്, ഷോർട്ട് ടേം ഡിപ്പോസിറ്റ് തുടങ്ങിയ നിക്ഷേപ പദ്ധതികൾക്കാണ് മാറ്റം വന്നിരിക്കുന്നത്. സാധാരണ സ്ഥിരനിക്ഷേപം, ചിട്ടിപ്പണം നിക്ഷേപം തുടങ്ങിയവക്ക് ഒരു വർഷത്തേക്ക് 8.50 ശതമാനമായും, ഒരു വർഷം മുതൽ രണ്ട് വർഷത്തേക്ക് 8 ശതമാനമായും, രണ്ട് വർഷം മുതൽ മൂന്ന് വർഷത്തേക്ക് 7.75 ശതമാനമായും പലിശ നിരക്കുയർത്തി.
ചിട്ടിയുടെ മേൽ ബാധ്യതയ്ക്കുള്ള നിക്ഷേപങ്ങളുടെ (CSDT) പലിശ നിരക്ക് 8.75 ശതമാനത്തിൽ നിന്ന് 9 ശതമാനമാക്കി. കൂടാതെ 181 മുതൽ 364 ദിവസത്തിനുള്ള ഹ്രസ്വകാല നിക്ഷേപം 5.50 ശതമാനത്തിൽ നിന്നും 6.50 ശതമാനമാക്കി പലിശ നിരക്കുയർത്തി.വന്ദനം നിക്ഷേപ പദ്ധതിയിലൂടെ മുതിർന്ന പൗരന്മാർക്ക് നിലവിൽ ലഭിക്കുന്ന 8.75% പലിശ നിരക്കിൽ മാറ്റമില്ല. എന്നാൽ നിക്ഷേപകരുടെ പ്രായപരിധി 60-ൽ നിന്നും 56 വയസ്സാക്കിയിട്ടുണ്ട്.

ഇതോടെ നിക്ഷേപ പദ്ധതികൾ നിക്ഷേപകർക്കിടയിൽ കൂടുതൽ ആകർഷണീയമാകുമെന്നാണ് കെ എസ് എഫ് ഇ പ്രതീക്ഷിക്കുന്നത്. ബാങ്കുകൾ സ്ഥിര നിക്ഷേപത്തിനുള്ള പലിശ നിരക്കുകൾ കുത്തനെ കുറക്കുമ്പോൾ സ്ഥിര നിക്ഷേപ പലിശയെ ആശ്രയിക്കുന്നവരുടെ പ്രതീക്ഷയാകുകയാണ് കെ എസ് എഫ് . നിക്ഷേപിക്കുന്ന തുകയ്ക്ക് 100% ഗവൺമെന്റ് ഗ്യാരന്റിയുമുണ്ട്.
സാമ്പത്തിക വിപണിയിലെ മാറ്റങ്ങളും നിക്ഷേപകരുടെ താൽപ്പര്യം വർധിപ്പിക്കാനുള്ള ശ്രമവുമാണ് ഈ തീരുമാനത്തിന് പിന്നിൽ. കെ എസ് എഫ് ഇ ഒരു സർക്കാർ സ്ഥാപനമായതിനാൽ, നിക്ഷേപങ്ങൾ പൂർണമായും സുരക്ഷിതമായിരിക്കും എന്നതാണ് നിക്ഷേപകന് ലഭിക്കുന്ന ഏറ്റവും വലിയ ആത്മവിശ്വാസം. പുതുക്കിയ പലിശ നിരക്കുകൾ മറ്റ് ബാങ്കുകളുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതല്‍ മത്സരാധിഷ്ഠിതമാണ്.
കെ എസ് എഫ് ഇയുടെ പുതുക്കിയ പലിശ നിരക്കുകൾ സ്ഥിര വരുമാനം തേടുന്നവരെ സംബന്ധിച്ച് ഒരു മികച്ച അവസരമാണ്. സുരക്ഷിതവും ആകർഷകവുമായ ഈ നിക്ഷേപ മാർഗം പ്രയോജനപ്പെടുത്താൻ താൽപ്പര്യമുള്ളവർ അടുത്തുള്ള കെ എസ് എഫ് ഇ ശാഖയുമായോ ഓൺലൈൻ പോർട്ടലുമായോ ബന്ധപ്പെടുക. കെ എസ് എഫ് ഇയുടെ ഔദ്യോഗിക വെബ്സൈറ്റ് (www.ksfe.com) വഴി ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാനും സൗകര്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: www.ksfe.com അല്ലെങ്കിൽ ടോൾ ഫ്രീ നമ്പർ: 1800 425 3455.












Click it and Unblock the Notifications