തനിഷ്ക് ജ്വല്ലറിയിലെ മോഷണം, കേരളത്തിലും ആശങ്ക, ജ്വല്ലറികൾക്ക് പ്രത്യേക സുരക്ഷ വേണമെന്ന് ആവശ്യം
തമിഴ്നാട്ടിലെ മധുരയിലുളള തനിഷ്ക് ജ്വല്ലറിയിൽ നടന്ന വൻ കവർച്ചയുടെ പശ്ചാത്തലത്തിൽ കേരളത്തിലെ ജ്വല്ലറികൾക്ക് സുരക്ഷാ ഭീഷണി ഉളളതായുളള ആശങ്ക പങ്കുവെച്ച് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ. സ്വർണ്ണവ്യാപാര സ്ഥാപനങ്ങൾക്ക് പ്രത്യേക സുരക്ഷാ സംവിധാനം ഏർപ്പെടുത്തണമെന്നും രാത്രികാല പോലീസ് നിരീക്ഷണം വർധിപ്പിക്കണമെന്നും കെജിഎസ്എംഎ ആവശ്യപ്പെട്ടു.
തനിഷ്ക് ജ്വല്ലറിയിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ സ്വർണ്ണാഭരണങ്ങൾ കവർന്ന സംഭവം ജ്വല്ലറി സ്ഥാപനങ്ങളുടെ സുരക്ഷയെക്കുറിച്ച് ഗൗരവമായ ചോദ്യങ്ങൾ ഉയർത്തുന്നു. കേരളത്തിലും ആയിരക്കണക്കിന് സ്വർണ്ണവ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കോടിക്കണക്കിന് രൂപയുടെ സ്വർണ്ണാഭരണങ്ങൾ സൂക്ഷിക്കുന്ന ഇത്തരം സ്ഥാപനങ്ങൾക്ക് മതിയായ സുരക്ഷ ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് കെജിഎസ്എംഎ നേതൃത്വം ചൂണ്ടിക്കാട്ടുന്നു.

പ്രത്യേകിച്ച് രാത്രികാലങ്ങളിൽ ജ്വല്ലറികൾ കേന്ദ്രീകരിച്ച് പോലീസ് പട്രോളിങ് ശക്തമാക്കണം. ജില്ലകളിലെ പ്രധാന സ്വർണ്ണവ്യാപാര കേന്ദ്രങ്ങളിൽ പ്രത്യേക പോലീസ് നിരീക്ഷണം ഏർപ്പെടുത്തണം. സംശയാസ്പദമായ സാഹചര്യങ്ങൾ ഉടനടി റിപ്പോർട്ട് ചെയ്യുന്നതിനുള്ള സംവിധാനം, അടിയന്തര പോലീസ് സഹായം, രാത്രികാല ബീറ്റ് പട്രോളിങ് എന്നിവ ഉറപ്പാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
മധുരയിലെ സംഭവം കേരളത്തിലെ ജ്വല്ലറി മേഖലയ്ക്കുള്ള ഗൗരവമായ മുന്നറിയിപ്പായി കാണണം. വ്യാപാരികളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിന് സർക്കാർ അടിയന്തരമായി ഇടപെടണം. കേരളത്തിലെ എല്ലാ ജില്ലകളിലും സ്വർണ്ണവ്യാപാര സ്ഥാപനങ്ങളുടെ സുരക്ഷ വിലയിരുത്തി ആവശ്യമായ പോലീസ് സംരക്ഷണ നടപടികൾ സ്വീകരിക്കണമെന്ന് കെജിഎസ്എംഎ സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിയോടും സംസ്ഥാന പോലീസ് മേധാവിയോടും ആവശ്യപ്പെട്ടു.



Click it and Unblock the Notifications
