റയല്‍ മാഡ്രിഡ് ലാ ലിഗ കിരീടം സ്വന്തമാക്കി, ക്രിസ്റ്റ്യാനോയുടെ ലീഡ് ഗോള്‍ രണ്ടാം മിനുട്ടിൽ

  • By: കാശ്വിൻ
Subscribe to Oneindia Malayalam

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ കിരീടം റയല്‍ മാഡ്രിഡിന്. ലീഗിലെ അവസാന മത്സരത്തില്‍ സമനില നേടിയാല്‍ പോലും കിരീടം ഉറപ്പിക്കാമായിരുന്ന റയല്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മലാഗയെ കീഴടക്കി ചാമ്പ്യന്‍മാരായി. അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് റയല്‍ ലാ ലിഗ കിരീടം സ്വന്തമാക്കുന്നത്. റയല്‍ മാഡ്രിഡ് സ്വന്തമാക്കുന്ന മുപ്പത്തിമൂന്നാമത് ലാ ലിഗ കിരീടമാണിത്.

Laliga Champions

ഗോളുകള്‍ നേടിയത്...

രണ്ടാം മിനുട്ടില്‍ തന്നെ റയലിനെ മുന്നിലെത്തിച്ച് സ്റ്റാര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഫോം പ്രദര്‍ശിപ്പിച്ചു. അവസാന ഒമ്പത് മത്സരങ്ങളില്‍ ക്രിസ്റ്റ്യാനോ നേടുന്ന പതിനാലാം ഗോളാണിത്. മലാഗക്കെതിരെ രണ്ടാം ഗോള്‍ അമ്പത്തഞ്ചാം മിനുട്ടില്‍ ഫ്രഞ്ച് സ്‌ട്രൈക്കര്‍ കരീം ബെന്‍സിമ നേടി.

ബ്രസീലിനെ നേരിടാനുള്ള ടീമിനെ അര്‍ജന്റീന പ്രഖ്യാപിച്ചു, ഇനി പടയൊരുക്കം!!!

ബാഴ്‌സ പിന്തള്ളപ്പെട്ടത് മൂന്ന് പോയിന്റിന്..

കിരീടപ്പോരില്‍ ബാഴ്‌സയെ റയല്‍ പിന്തള്ളിയത് മൂന്ന് പോയിന്റിന്. അവസാന മത്സരത്തില്‍ ബാഴ്‌സലോണ രണ്ട് തവണ പിറകില്‍ നിന്ന ശേഷം 4-2ന് എയ്ബറിനെ തോല്‍പ്പിച്ചിരുന്നു. 38 മത്സരങ്ങളില്‍ 90 പോയിന്റുമായി ടേബിളില്‍ ബാഴ്‌സക്ക് രണ്ടാംസ്ഥാനത്തെത്താനെ സാധിച്ചുള്ളൂ. റയല്‍ തോറ്റിരുന്നെങ്കില്‍ ബാഴ്‌സക്ക് ചാമ്പ്യന്‍മാരാകാമായിരുന്നു. 38 മത്സരങ്ങളില്‍ റയലിന് 93 പോയിന്റാണ്.

സിദാന്‍ മാഹാത്മ്യം...

പതിനെട്ട് മാസത്തിനിടെ സിദാന്‍ റയലിനെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാക്കി, ഇപ്പോളിതാ ലാ ലിഗ ജേതാക്കളാക്കി. തുടരെ രണ്ടാം സീസണിലും സിദാന്റെ ടീം ചാമ്പ്യന്‍സ് ലീഗ് ഫൈനിലെത്തിയിരിക്കുന്നു. ജൂണ്‍ നാലിന് കാര്‍ഡിഫില്‍ യുവെന്റസാണ് ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ എതിരാളി. താരമെന്ന നിലയിലും കോച്ചെന്ന നിലയിലും റയലിന് ചാമ്പ്യന്‍സ് ലീഗും ലാ ലിഗ കിരീടവും നേടിക്കൊടുക്കുന്ന ആദ്യ വ്യക്തിയാണ് സിദാന്‍...

Sidan

മൗറിഞ്ഞോക്ക് ശേഷം സിദാന്‍...

2012 ല്‍ പെപ് ഗോര്‍ഡിയോളയുടെ ബാഴ്‌സലോണയുടെ അപ്രമാദിത്വം അവസാനിപ്പിച്ച് റയലിന് ലാലിഗ കിരീടം നേടിക്കൊടുത്തത് ഹൊസെ മൗറിഞ്ഞോ ആയിരുന്നു. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം കോച്ചിംഗ് കരിയറില്‍ മൗറിഞ്ഞോയുടെ ശിഷ്യനായിരുന്ന സിദാന്‍ ആ നേട്ടം ആവര്‍ത്തിച്ചിരിക്കുന്നു.

മുപ്പത്തിമൂന്നാം കിരീടം...

ലാ ലിഗ കിരീടം മുപ്പത്തിമൂന്നാം തവണയും സ്വന്തമാക്കി റയല്‍ റെക്കോര്‍ഡ് പുതുക്കി. 24 തവണ ചാമ്പ്യന്‍മാരായ ബാഴ്‌സലോണയാണ് രണ്ടാം ്സ്ഥാനത്ത്. പത്ത് തവണ ജേതാക്കളായ അത്‌ലറ്റിക്കോ മാഡ്രിഡ് മൂന്നാം സ്ഥാനത്ത്.

ബാഴ്‌സ കണ്ണ് തുറപ്പിച്ചു...

ഏപ്രിലില്‍ ബാഴ്‌സലോണയോടേറ്റ എല്‍ക്ലാസികോ തോല്‍വിയാണ് റയലിനെ ചാമ്പ്യന്‍ പദവിയിലേക്ക് കുതിപ്പിച്ചത്. 3-2ന് തോറ്റതിന് ശേഷം റയല്‍ സമ്മര്‍ദ്ദത്തിലായി. കിരീടപ്പോരില്‍ ബാഴ്‌സലോണ സജീവമായി ചേര്‍ന്നത് റയലിനെ തോല്‍പ്പിച്ചതോടെയാണ്. എന്നാല്‍, ശേഷിക്കുന്ന ആറ് മത്സരങ്ങളിലും തകര്‍പ്പന്‍ ജയവുമായി റയല്‍ കിരീടത്തില്‍ മുത്തമിട്ടു. ഡിപ്പോര്‍ട്ടീവോ, വലന്‍ഷ്യ, ഗ്രനഡ,സെവിയ്യ, സെല്‍റ്റ ക്ലബ്ബുകളെ തറപറ്റിച്ചാണ് റയല്‍ മലാഗയെ നേരിടാന്‍ ഇറങ്ങിയത്.

laliga final

ബാഴ്‌സാ ജയം...

ആദ്യപകുതിയില്‍ എയ്ബറിനെതിരെ 1-0ന് പിറകില്‍. അറുപത്തൊന്നാം മിനുട്ടില്‍ 2-0ന് പിറകില്‍. ബാഴ്‌സലോണ ശരിക്കും ഞെട്ടി. സെല്‍ഫ് ഗോളില്‍ ബാഴ്‌സയുടെ തിരിച്ചുവരവ്. എഴുപത്തിമൂന്നാം മിനുട്ടില്‍ സുവാരസിലൂടെ സമനില (2-2). അടുത്ത മിനുട്ടില്‍ എയ്ബറിന്റെ കാപ പുറത്തായി. മെസി പെനാല്‍റ്റി ഗോളില്‍ ബാഴ്‌സയെ 3-2ന് മുന്നിലെത്തിച്ചു. ഇഞ്ചുറിടൈമിലും മെസി ഗോളടിച്ചു.

മെസി പെനാല്‍റ്റി പാഴാക്കി...

ആദ്യം ലഭിച്ച പെനാല്‍റ്റി പാഴാക്കിയ മെസി രണ്ടാം പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചു. തോല്‍വി മുഖാമുഖം കണ്ടതിന് ശേഷമാണ് ബാഴ്‌സ ജയിച്ചു കയറിയത്.

Ronaldo

ക്രിസ്റ്റിയാനോയുടെ ഗോളും ബാഴ്‌സയും..

രണ്ടാം മിനുട്ടില്‍ ക്രിസ്റ്റിയാനോ ഗോളടിച്ചതോടെ ബാഴ്‌സ താരങ്ങളുടെ ശരീരഭാഷ തന്നെ മാറി. കിരീടം റയല്‍ ഉറപ്പിച്ചു കഴിഞ്ഞുവെന്ന നിരാശ ബാഴ്‌സ ടീമിനെ ബാധിച്ചിരുന്നു. മെസിയുടെ പെനാല്‍റ്റി പാഴാക്കല്‍ പോലും ഇതിനോട് കൂട്ടിവായിക്കാം.

ഗോള്‍ നില

അത്‌ലറ്റിക്കോ മാഡ്രിഡ് 3-1 ബില്‍ബാവോ

ബാഴ്‌സലോണ 4-2 എയ്ബര്‍

മലാഗഗ 0-2 റയല്‍ മാഡ്രിഡ്

സെല്‍റ്റ വിഗോ 2-2 റയല്‍ സോസിഡാഡ്

വലന്‍ഷ്യ 1-3 വിയ്യാറയല്‍

പോയിന്റ് ടേബിള്‍...

റയല്‍ മാഡ്രിഡ് 93

ബാഴ്‌സലോണ 90

അ. മാഡ്രിഡ് 78

സെവിയ്യ 72

വിയ്യാറയല്‍ 67

റയല്‍ സോസിഡാഡ് 64

ബില്‍ബാവോ 63

എസ്പാനിയോള്‍ 56

അലാവ്‌സ് 55

എയ്ബര്‍ 54

മലാഗ 46

വലന്‍ഷ്യ 46

സെല്‍റ്റ വിഗോ 45

ലാസ് പല്‍മാസ് 39

റയല്‍ ബെറ്റിസ് 39

ഡിപ്പോര്‍ട്ടീവോ കൊരൂന 36

ലെഗാനെസ് 35

സ്‌പോര്‍ട്ടിംഗ് ഗിയോണ്‍ 31

ഒസാസുന 22

ഗ്രനഡ 20

English summary
Real Madrid win La Liga title after holding off rivals Barcelona
Please Wait while comments are loading...