കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

"ഞാനൊരു സംഘിയാണ്‌, പക്ഷേ...." വൈറൽ ആയി മിനേഷ് രാമനുണ്ണിയുടെ കുറിപ്പ്

Google Oneindia Malayalam News

മിനേഷ് രാമനുണ്ണി

പ്രവാസി മലയാളിയാണ് മിനേഷ് രാമനുണ്ണി. സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ്.സോഷ്യൽ മീഡിയയിൽ ഇടത് നിലപാടുകൾ ഉയർത്തിപ്പിടിക്കുന്ന ആളാണ് മിനേഷ്.

"ഞാനൊരു സംഘിയാണ്‌, പക്ഷേ...."

ബസ്സ്‌ ഇറങ്ങിയതും മുൻപിൽ കണ്ട ആദ്യ ഓട്ടോയിൽ കയറിയതാണ്‌. ഓട്ടോക്കാരൻ സ്നേഹത്തോടെ വർത്തമാനം തുടങ്ങി. പേരും നാടും വീടുമൊക്കെ ചോദിച്ചപ്പോൾ ഇയാൾ പാസ്പോർട്ട്‌ വെരിഫിക്കേഷൻ നടത്തുകയാണോ എന്നാണു ആദ്യം ആലോചിച്ചത്‌. പെട്ടെന്ന് ആശാന്റെ ഫോൺ ചിലച്ചു.

കക്ഷി ഓട്ടോ ഒരു സൈഡിൽ ഒതുക്കി നിർത്തിയിട്ട്‌ എന്നോട്‌ ചോദിച്ചു ' സാറിനു തിരക്കില്ലല്ലോ അല്ലേ? 'ഞാൻ ഇല്ലെന്നു പറഞ്ഞു.

ഫോണെടുത്ത്‌ അപ്പുറത്തെ ആളോട്‌ ഉച്ചത്തിൽ സംസാരിക്കാൻ തുടങ്ങി. 'ജാമ്യം കിട്ടിയില്ലെന്നോ? അയാൾ ഒലത്തും. നമ്മുടെ ജിക്ക്‌ എന്തെങ്കിലും പറ്റിയാൽ കേരളം കത്തും' എന്നൊക്കെപ്പറഞ്ഞ്‌ ഫോൺ വെച്ചു.

എന്നിട്ട്‌ എന്നോട്‌ സംസാരിക്കാൻ തുടങ്ങി.

ഞാനൊരു ബിജെപിക്കാരനല്ല, പക്ഷേ...

ഞാനൊരു ബിജെപിക്കാരനല്ല, പക്ഷേ...

"സാറു ഗൾഫിലാണെന്നല്ലേ പറഞ്ഞത്‌. നാട്ടിൽ നിൽക്കാത്തത്‌ നന്നായി, ശരണം വിളിച്ചാൽ അറസ്റ്റ്‌, ശബരിമലക്ക്‌ പോയാൽ ജയിൽ.. എന്തൊരു നാടാണു സാർ ഇത്‌?"

അതിനു ശേഷം അയാൾ ആ പ്രശസ്തമായ വാചകം ഉരുവിട്ടു.

" ഞാനൊരു ബി ജെ പിക്കാരനല്ല, പക്ഷേ..."

വാട്സ് ആപ്പ് വിദ്യാഭ്യാസത്തില്‍ പിഎച്ച്ഡി

വാട്സ് ആപ്പ് വിദ്യാഭ്യാസത്തില്‍ പിഎച്ച്ഡി

ഇനിയങ്ങാട്ട്‌ വരാനുള്ളതെന്താണു എന്നു നല്ല ബോധ്യമുണ്ടായിരുന്നു. എന്നാലും കേൾക്കാമെന്നു കരുതി. വാട്സപ്പ്‌ വിദ്യാഭ്യാസത്തിൽ പിഎച്‌ഡി നേടിയ അയാൾ ദേവസ്വം ബോർഡിന്റെ പണം സർക്കർ കട്ട്‌ ശമ്പളം കൊടുക്കുന്നതിന്റേയും അത്‌ കൊണ്ട്‌ ഹജ്ജ്‌ സബ്സിഡി കൊടുക്കുന്നതിന്റേയും ശബരിമല നടപ്പന്തലിൽ വെള്ളം ചീറ്റിയ ക്രൂരന്മാരുടെ കാര്യവും ഇരുമുടിക്കെട്ടിലെ വിസ്പറിന്റെ കാര്യവുമൊക്കെ നിര നിരയായ്‌ അവതരിപ്പിച്ചു.

"സാറിനറിയാമോ? ആർത്തവമുള്ള സ്ത്രീകൾ അമ്പലത്തിൽ കയറിയാൽ കാന്തിക മണ്ഡലം തെറ്റും. അമരിക്കയിലെ ഡോക്റ്റർമ്മാർ വരെ സമ്മതിച്ച കാര്യമാണു അത്‌ "

"ഓ മൈ പ്രസൂതി വായൂ..ഓട്ടോ ആണെന്നു കരുതി കയറിയത്‌ ചാണക വണ്ടിയിലാണല്ലോ എന്റെ പങ്കില വാസാ.."

മാസ്സ് എന്നാല്‍ മരണമാസ്സ് മറുപടി!

മാസ്സ് എന്നാല്‍ മരണമാസ്സ് മറുപടി!

നാലഞ്ച്‌ കിലോമീറ്റർ ഇനിയും പോകാനുണ്ട്‌. അത്രയും ദൂരം ആശാന്റെ ഈ ഡയലോഗും കേട്ട്‌ ഇരുന്നാൽ എന്റെ സമനില തെറ്റും. അറ്റാക്ക്‌ ഈസ്‌ ദ ബെസ്റ്റ്‌ ഡിഫൻസ്‌. ഞാൻ മുഖത്ത്‌ അൽപം വിഷമം വരുത്തി പറഞ്ഞു.

" ചേട്ടനൊരു കാര്യം അറിയാമോ"?

അയാൾ വണ്ടി ഓടിക്കുന്നതിനിടെ എന്നെ തിരിഞ്ഞു നോക്കി

" എന്താ?"

"ഞാനൊരു ബി ജെ പിക്കാരനാണ്‌, പക്ഷേ.."

അയാളുടെ മുഖം ആകാംഷാഭരിതമായി.

ഞാൻ ശോക ഭാവത്തോടെ ഫ്ലാഷ്‌ ബാക്കിന്റെ കെട്ടഴിച്ചു.

ഗുജറാത്തില്‍ നിന്നുള്ള സിംഹം!

ഗുജറാത്തില്‍ നിന്നുള്ള സിംഹം!

" മൻമോഹൻ സിംഗിന്റെ ഭരണം മോശമാണെന്ന് തോന്നിയപ്പോഴാണു ഞാൻ ചുറ്റും നോക്കിയത്‌. അപ്പോഴാണു ഗുജറാത്തിൽ നിന്ന് ഒരു സിംഹം ഡെൽഹിയിലേക്ക്‌ യാത്ര തുടങ്ങുന്നത്‌ കണ്ടത്‌. ആൾ എന്തുകൊണ്ടും യോഗ്യൻ. 56 ഇഞ്ച്‌ നെഞ്ചളവുള്ള ശക്തനായ വിരാട്‌ ഹിന്ദു. ഗുജറാത്തിനെ വികസിപ്പിച്ച ആൾ. എതിർത്തവന്മാരെയൊക്കെ പുഷ്പം പോലെ ഒതുക്കിയ ആൾ. എല്ലാം കണ്ടപ്പോൾ ഞാൻ കണ്ണും പൂട്ടി നമോ ബ്രിഗേഡിൽ ചേർന്നു. "

ഞാൻ പറച്ചിൽ നിർത്തി ഓട്ടോചേട്ടനെ നോക്കി.
ആൾ ആകാംഷയുടെ മുൾ മുനയിലാണു.

മോദിജിയ്ക്ക് വേണ്ടിയുള്ള യുദ്ധ കഥകള്‍!

മോദിജിയ്ക്ക് വേണ്ടിയുള്ള യുദ്ധ കഥകള്‍!

"2013-14 കാലം. ലോക്സഭ ഇലക്ഷനു മുൻപേയാണു. ഞാൻ എല്ലാം മറന്ന് എന്നെ തന്നെ മോദിജിയിൽ അർപ്പിച്ചു. ഫേസ്ബുക്കിൽ, ട്വിറ്ററിൽ, ഈ മെയിലിൽ ഒക്കെ മോദിജിക്ക്‌ വേണ്ടി യുദ്ധം ചെയ്തു. രാഹുലിനെ പപ്പു എന്നു വിളിച്ചു. മന്മോഹനെ പാവ എന്നും സോണിയയെ മദാമ്മ എന്നും വിളിച്ചു. ഫെയിസ്ബുക്കിലും ട്വിറ്ററിലുമൊക്കെ കുറെ ഐഡികൾ ഉണ്ടാക്കി ഗുജ്ജറാത്തിലെ പാലം, റോഡ്‌ എന്നിവയൊക്കെ നാടു മുഴുവൻ എത്തിച്ചു. ഒന്നും പോരാഞ്ഞ്‌ ചൈനയിലെ പാലം ഫോട്ടോഷോപ്പിൽ അഹമ്മദാബാദിലെ പാലമാക്കിയും ജപ്പാനിലെ ബസ്‌ സ്റ്റാന്റ് ജാം നഗറിലെ ബസ്‌ സ്റ്റാന്റാക്കിയും പ്രചരിപ്പിച്ചു. ലക്ഷ്യം നല്ലതാണെങ്കിൽ ലേശം അധർമ്മൊക്കെ ആവാം എന്നാണല്ലോ ഗീതയിലൊക്കെ പറഞ്ഞിരിക്കുന്നത്‌. ബന്ധുക്കളോടും സുഹൃത്തുക്കളോടും നല്ല ദിനങ്ങൾ വരുമെന്നും അതിനായി നമോ ബ്രിഗേഡിൽ ചേരണമെന്നും പറഞ്ഞു. പെട്രോളിന്റെ വില, രൂപയുടെ മൂല്യം, കള്ളപ്പണം, കൃഷിക്കാരുടെ പ്രശ്നം, തൊഴിലില്ലായ്മ എന്നിവയൊക്കെ പറഞ്ഞു ബി ജെ പിക്കായി കാമ്പെയിൻ ചെയ്തു"

എന്ത് പറ്റി സംഘ സഹോദരാ....

എന്ത് പറ്റി സംഘ സഹോദരാ....

"പക്ഷേ....."

" എന്തു പറ്റി സംഘ സഹോദരാ?"

ഓട്ടോ ചേട്ടൻ ചോദിച്ചു.

" എന്റെ കണക്കു കൂട്ടലുകൾ തെറ്റി ചേട്ടാ"

"എങ്ങനെ?"

"നമോ വൻ ഭൂരിപക്ഷത്തിൽ വന്നപ്പോൾ ഞാൻ കരുതി ഇനിയങ്ങോട്ട്‌ പെട്രൊൾ വില നിയന്ത്രണം സർക്കാർ തിരിച്ചെടുക്കുമെന്നു. കാരണം നമ്മൾ ജനക്ഷേമം മാത്രം ലക്ഷ്യമിട്ടാണല്ലോ ബ്രഹ്മചാരിയായ ആ പ്രധാന സേവകിനെ തിരഞ്ഞെടുത്തത്‌. പക്ഷേ ഡീസൽ വില നിർണ്ണയാവകാശവും എണ്ണക്കമ്പനികൾക്ക്‌ കൊടുക്കുകയാണു മോഡിജി ചെയ്തത്‌. രാജ്യത്തിന്റെ നന്മക്കാവും എന്നു കരുതി ഞാൻ സമാധാനിച്ചു. ഒന്നുമില്ലെങ്കിലും പ്രൈവറ്റ്‌ കമ്പനികൾ കൂടുതൽ കാര്യക്ഷമമാണല്ലോ"

കാത്തിരുന്ന് കാത്തിരുന്ന്....

കാത്തിരുന്ന് കാത്തിരുന്ന്....

"ഞാൻ ഏറെ കാത്തിരുന്നത്‌ മോഡിജി നൂറു ദിവസം തികക്കാനായിരുന്നു. നൂറു ദിവസത്തിനുള്ളിൽ വിദേശത്തുള്ള കള്ളപ്പണം തിരിച്ചു പിടിക്കുമെന്നാണല്ലോ നമ്മൾ പറഞ്ഞത്‌. പക്ഷേ ഇരുന്നൂറും മുന്നൂറും ദിവസം കഴിഞ്ഞിട്ടും അതു കഴിഞ്ഞില്ല. സർക്കാർ കാര്യം മുറപോലെ എന്നാണല്ലോ. അതു കൊണ്ട്‌ ഒന്നോ രണ്ടോ കൊല്ലം സമയമെടുത്താലും മോദിജി സ്വിസ്‌ ബാങ്കിലെ കള്ളപ്പണം പിടിക്കുമെന്നും അത്‌ സാധാരണക്കാർക്ക്‌ വിതരണം ചെയ്യുമെന്നുമായിരുന്നു ഞാൻ കരുതിയത്‌. വിവാഹം പോലും വേണ്ടെന്നു വെച്ചയാൾ ഇറങ്ങിയത്‌ നമ്മളെ സേവിക്കാനാണല്ലോ."

അദാനിജി, ലളിത് മോദിജി, മല്യാജി പിന്നെ നീരവ് മോദിജി

അദാനിജി, ലളിത് മോദിജി, മല്യാജി പിന്നെ നീരവ് മോദിജി

"അപ്പോഴാണു കമ്മികൾ അദാനിജിയുടേ സ്വത്ത്‌ വർദ്ധിക്കുന്നതും ജിക്ക്‌ വായ്പകൾ വാരിക്കോരി കൊടുക്കുന്നതുമൊക്കെ പറഞ്ഞത്‌. അദാനിജി ഒരു ഭാരത പൗരനാണല്ലോ. ഒപ്പം ഗുജറാത്ത്‌ സിറ്റിസണും. മോദിജിക്ക്‌ തിരഞ്ഞെടുപ്പിൽ അദാനിജിയായിരുന്നല്ലോ യാത്ര ചെയ്യാൻ വിമാനം കൊടുത്തത്‌. തന്നെ സഹായിച്ച ഹിന്ദു സഹോദരനെ തിരിച്ചു സഹായിച്ചതായേ ഞാൻ കരുതിയുള്ളൂ.

" പക്ഷേ പിന്നീടാണു മിത്രമേ, കടമെടുത്ത്‌ ലളിത്‌ മോദി നാട്‌ വിട്ട വാർത്ത കേട്ടത്‌. ഒരു മോദി മറ്റൊരു മോദിയെ സഹായിച്ചു എന്നേ ഞാൻ കരുതിയുള്ളൂ. 'നമ്മുടെ നാട്ടിൽ ഒരു നായർക്ക്‌ മറ്റേ നായരെ കണ്ടു കൂടാത്ത അവസ്ഥയല്ലേ? അതിനൊക്കെ ഗുജറാത്തികളെ കണ്ടു പഠിക്കണം' എന്നു പറഞ്ഞ്‌ സമാധാനിച്ചിരിക്കുമ്പോഴാണു ഒൻപതിനായിരം കോടി കട്ട വിജയ മല്യ നാടു വിടുന്നത്‌. അതിനെ എങ്ങനെ ന്യായീകരിക്കും എന്നു ആലോചിക്കുമ്പൊഴാണു നീരവ്‌ മോദി, മേഹുൽ ചോസ്കി അങ്ങനെ പതിനായിരവും ഇരുപതിനായിരവും കോടി കോടിയുമൊക്കെ ബാങ്കിനെ വെട്ടിച്ചവർ ഒന്നൊന്നായി മുങ്ങുന്നത്‌."

നോട്ട് നിരോധിച്ചപ്പോള്‍ എത്രകണ്ട് സന്തോഷിച്ചെന്നോ....!

നോട്ട് നിരോധിച്ചപ്പോള്‍ എത്രകണ്ട് സന്തോഷിച്ചെന്നോ....!

" നോട്ട്‌ നിരോധിച്ച രാത്രി ഞാൻ എത്രമാത്രം സന്തോഷിച്ചു എന്നറിയാമോ മിത്രമേ? അന്നു രാത്രി ഒടക്ക്‌ വർത്തമാനം പറഞ്ഞ ആ താടിക്കാരൻ തോമസ്‌ ഐസക്കിനെ ഞാൻ കണക്കിനു തെറിപറഞ്ഞു. മോഡിജി ഒന്നും കാണാതെ അതു ചെയ്യില്ല എന്നായിരുന്നു ഞാനും കരുതിയത്‌. നാലഞ്ച്‌ ലക്ഷം കോടിയുടെ കള്ളപ്പണം പിടിച്ചാൽ പിന്നെ നമ്മുടെ നാടിനെ പിടിച്ചാൽ കിട്ടില്ലല്ലോ. സുരേന്ദ്രൻ ജി പറഞ്ഞതു പോലെ ഞാനും സകലരോടും നാലഞ്ച്‌ മാസം കഴിഞ്ഞാൽ പെട്രോൾ 50 രൂപയാവും എന്നു പറഞ്ഞു നടന്നു. പക്ഷെ മിത്രമേ, കള്ളപ്പണം തിരിച്ചു വന്നില്ലെന്നു മാത്രമോ അതിന്റെ പിറ്റേ ആഴ്ച നടക്കേണ്ട അമ്മാവന്റെ മകളുടെ കല്യാണത്തിനു നോട്ടില്ലാതെ മൂക്കു കൊണ്ട്‌ 'ക്ഷ' വരച്ചത്‌ ബാക്കിയായി. നാട്ടിൽ ഭാര്യയും പിള്ളേരും ക്യൂ നിന്ന് വലഞ്ഞത്‌ മിച്ചം. എന്നിട്ട്‌ രണ്ട്‌ മൂന്നു മാസം മുൻപേ അതിന്റെ കണക്ക്‌ വന്നപ്പോൾ അറിഞ്ഞു 99% നോട്ട്‌ തിരികെ വന്നെന്ന്. നെഞ്ചു പൊട്ടിപ്പോയി സഹോദര, നെഞ്ച്‌ പൊട്ടിപ്പോയി"

റാഫേല്‍ വന്നപ്പോള്‍ അതും പോയി

റാഫേല്‍ വന്നപ്പോള്‍ അതും പോയി

" മോദിജി അഴിമതി ചെയ്യില്ല എന്നായിരുന്നു എന്റെ ധാരണ. ഭാര്യയും മക്കളും ഇല്ലാത്തവർക്ക്‌ എന്തിനാ പണം? പക്ഷെ റഫേലിന്റെ കഥകൾ കോംഗികൾ പറയുന്നത്‌ കേൾക്കുമ്പോൾ തോലിയുരിയുന്നു. കൂടിയ വിലക്കാണത്രെ നമ്മൾ വിമാനം വാങ്ങിയത്‌. ഒപ്പം നമ്മുടെ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്കലിനെ മോദിജി അംബാനിജിക്കു വേണ്ടി വെട്ടിയത്രേ"

" അതും പോരാഞ്ഞാണു ഉത്തരേന്ത്യയിലെ നമ്മുടെ നേതാക്കളുടെ പ്രസ്താവനകൾ. തൊലി ഉരിഞ്ഞു പോകും. ബീഫ്‌ കഴിച്ചതിനു ആളെ തല്ലിക്കൊന്നെന്നും പറഞ്ഞ്‌ ബഹളം. ഏതെങ്കിലും ഹോട്ടലിൽ നിന്ന് ബീഫ്‌ ഫ്രൈ ഓഡർ ചെയ്താൽ കൂടെയുള്ള കമ്മികൾ ഉള്ളിക്കറിയാണോ എന്നു ചോദിച്ച്‌ കളിയാക്കും. മനസമാധാനായിട്ട്‌ ഭക്ഷണം കഴിക്കാൻ വയ്യാതെയായി മിത്രമേ"

ശബരിമല കൂടി വന്നപ്പോള്‍ തൃപ്തിയായി

ശബരിമല കൂടി വന്നപ്പോള്‍ തൃപ്തിയായി

" അപ്പോഴാണു ശബരിമല വിധി വരുന്നത്‌. ആർ എസ്‌ എസ്‌ ശബരിമലയിൽ സ്ത്രീകളെ കയറ്റുന്നതിനു അനുകൂലമായിരുന്നല്ലോ, അതു കൊണ്ട്‌ ഞാൻ നാട്ടിൽ വിളിച്ച്‌ ഭാര്യയോടും ബന്ധുക്കളോടും ഒക്കെ ഇത്തവണ നമുക്ക്‌ ഒന്നിച്ച്‌ മലക്ക്‌ പോകാം എന്നു പറഞ്ഞിരുന്നു. വിധി വന്ന അന്നു രാവിലെ മാനനീയ ഭയ്യാജിയും വി മുരളീധരനും ശ്രീധരൻ പിള്ളാജിയുമൊക്കെ അനുകൂലിച്ചതായിരുന്നല്ലോ. ആർത്തവം അശുദ്ധിയല്ല എന്നു സുരേന്ദ്രൻജിയും മുൻപ്‌ എഴുതിയതാണല്ലോ. ആ ത്രില്ലിൽ ഞാൻ പ്രമോദിന്റെ ട്രാവലർ ഡിസംബറിലേക്ക്‌ ബുക്ക്‌ ചെയ്തിരുന്നു. അപ്പോഴാണു മിത്രമേ നമ്മൾ നിലപാട്‌ മാറ്റുന്നതും നാമം ജപിക്കുന്നതും. ഭാര്യയോടും ബന്ധുക്കളോടും എന്തു പറയും? പ്രമോദിനോട്‌ എന്തു പറയും?

പിള്ളസാറിന്റെ നിലപാട്!

പിള്ളസാറിന്റെ നിലപാട്!

അതാലോചിച്ചിരിക്കുമ്പോഴാണു പിള്ള സാറിന്റെ പ്രസംഗം പുറത്ത്‌ വരുന്നത്‌. "സുവർണ്ണാവസരമാണത്രേ."
'അങ്ങനെയെങ്കിൽ അങ്ങനെ ..പാർട്ടി വളരുമല്ലോ' എന്നാലോചിച്ച്‌ ഒരു ചായ കുടിച്ച്‌ വന്നതാണു. അപ്പോഴാണു പിള്ള സാർ മാറ്റിപ്പറഞ്ഞത്‌. 'സ്ത്രീകൾ വരുന്നത്‌ പ്രശ്നമല്ല, കമ്യൂണിസ്റ്റുകൾക്കെതിരെയാണത്രേ സമരം.'

പിറ്റേന്ന് പിന്നേം അഭിപ്രായം മാറ്റി.

"സ്ത്രീ പ്രവേശനം പ്രശ്നമാണത്രേ!"

ഇതിനിടക്ക്‌ തന്ത്രി വിളിച്ചു തന്ത്രി വിളിച്ചില്ല വിളിച്ചത്‌ തന്ത്രിയണോ എന്നു ഉറപ്പില്ല എന്നൊല്ലെ പിള്ളാജി ചാടിക്കളിച്ചുകൊണ്ടിരുന്നു
ആർത്തവം അശുദ്ധിയല്ലെന്നു പറഞ്ഞ സുരേട്ടൻ ഇരുമുടിക്കെട്ടുമായി വന്നപ്പോൾ ഞാൻ തളർന്നു പോയി . പോലീസ്‌ പിടിച്ചപ്പോൾ ഇരുമുടിക്കെട്ട്‌ താഴെയിട്ടത്‌ സി സി ടിവിയിൽ പിടിച്ചത്‌ കണ്ടില്ലേ? കേന്ദ്രമന്ത്രിയെ ആ പൊലീസുകാരൻ യതീഷ്‌ ചന്ദ്ര വാട്ടി വിട്ടത്‌ കണ്ടില്ലേ. അയ്യപ്പൻ പോലും നമ്മുടെ കൂടെയല്ലെന്നാണു എനിക്ക്‌ തോന്നുന്നത്‌."

"എന്താ നമ്മുടെ നേതാക്കൾ ഇങ്ങനെയായത്‌? ആ പിണറായിയെ കണ്ടില്ലേ? അയാൾ എന്ത്‌ സാധനമാണു? ഇത്രയൊക്കെ നടന്നിട്ടും അയാൾ അഭിപ്രായം മാറ്റിയോ? ഞാൻ ഇപ്പോ എണീക്കുന്നത്‌ തന്നെ ശ്രീധരൻ പിള്ളാജി എന്ത്‌ അഭിപ്രായമാണു പുതിയതായി പറയുന്നത്‌ എന്നു പേടിച്ചാണു."

ആ ജോലിയൊക്കെ എവിടെ പോയോ ആവോ...

ആ ജോലിയൊക്കെ എവിടെ പോയോ ആവോ...

"മോഡിജി വന്നാൽ വർഷം തോറും രണ്ട്‌ കോടി ജോലിയുണ്ടാവും എന്നു പറഞ്ഞ്‌ ഞാൻ സമാധാനിപ്പിച്ച്‌ നിർത്തിയിരുന്ന വല്യച്ചന്റെ മകൻ ഇപ്പോഴും നാട്ടിൽ തേരാ പാര നടക്കുകയാണു. മൂവായിരം കോടിയുടെ പട്ടേൽ പ്രതിമ ഉദ്ഘാടനം ചെയ്ത ദിവസം അവൻ എന്റെ തന്തക്ക്‌ വിളിച്ചില്ല എന്നേ ഉള്ളൂ. ഇന്നലെ മോഡിജി പ്രസംഗിച്ചത്‌ ഇന്ദിരാ ഗാന്ധിയാണു പ്രശ്നക്കാരി, നെഹ്രുവാണു പ്രശ്നക്കാരൻ എന്നൊക്കെയാണു. അഞ്ചു കൊല്ലം കിട്ടിയിട്ടും മോഡിജിക്ക്‌ ഒന്നും ചെയ്യാൻ പറ്റിയില്ലേ എന്നാണു നാട്ടുകാർ ചോദിക്കുന്നത്‌. "

ബിജെപി ആണെന്ന് പറഞ്ഞാലത്തെ അവസ്ഥ!!!

ബിജെപി ആണെന്ന് പറഞ്ഞാലത്തെ അവസ്ഥ!!!

"ചേട്ടൻ ബി ജെ പി അല്ലായിരിക്കും, പക്ഷേ ബി ജെ പി ആണു എന്നു പറഞ്ഞാലുണ്ടല്ലോ ഒരു നിവൃത്തിയും ഇല്ലാത്ത അവസ്ഥയാണു ചേട്ടാ.."

ഓട്ടോ ചേട്ടൻ തല താഴ്ത്തി.

സംസാരിച്ചുകൊണ്ടിരിക്കേ ചേട്ടൻ വണ്ടി പമ്പിലേക്ക്‌ കയറ്റി. വണ്ടി ഇടക്ക്‌ വച്ച്‌ റിസർവ്വായിരുന്നു . ചേട്ടൻ ഡീസലടിച്ച്‌ അഞ്ഞൂറിന്റെ നോട്ട്‌ കൊടുത്തു. ഞാൻ ഓട്ടോ ചേട്ടനെ നോക്കി. ഒരു തുള്ളി ചോര ആ മുഖത്തുണ്ടായിരുന്നില്ല..

ഞങ്ങൾക്കിടയിൽ മൗനത്തിന്റെ ഒരു മതിൽ ഉയർന്നു കഴിഞ്ഞു. ഇറങ്ങാൻ നേരം ചേട്ടൻ പ്രണാമം ജി എന്നു മാത്രം പറഞ്ഞു.

ഞാൻ 'ധ്വജ പ്രണാമം' എന്ന് തിരിച്ചു പറഞ്ഞു.

സാവധാനം ആ സംഘിയല്ലാത്ത മനുഷ്യനും ഓട്ടോയും കാഴ്ചയിൽ നിന്നു മറഞ്ഞു

മിനേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്

മിനേഷ് രാമനുണ്ണിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

English summary
Minesh Ramanunni's viral Facebook post on BJP and Sangh Parivar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X