കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അണക്കെട്ട് തുറന്നാൽ 4,500 കെട്ടിടങ്ങൾ പ്രളയത്തിൽ? പരിഭ്രാന്തിയുണ്ടാക്കും... പക്ഷേ, സത്യം എന്ത്?

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
News Of The Day | എന്തിനാണ് ഇത്ര ജാഗ്രത? | Oneindia Malayalam

ഇടുക്കി ജലസംഭരണിയിലെ വെള്ളം തുറന്നുവിട്ടാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് പലതും പ്രചരിക്കുന്നുണ്ട്. എന്നാല്‍ അതില്‍ എത്രത്തോളം വാസ്തവം ഉണ്ട് എന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്.

പലരും സാങ്കേതികമായ കണക്കുകള്‍ വച്ചാണ് വിലയിരുത്തലുകള്‍ നടത്തുന്നത്. പുറത്ത് വരുന്ന വാര്‍ത്തകളില്‍ പോലും ഇത്തരം പാളിച്ചകള്‍ ഉണ്ടാകുന്നുണ്ട് എന്നതാണ് സത്യം.

അണക്കെട്ടിലെ വെള്ളം എത്തുന്പോള്‍ എവിടെയെല്ലാം പ്രളയം ഉണ്ടാകും എന്ന ചോദ്യം എല്ലാവരുടേയും മനസ്സില്‍ ഉള്ളതാണ്. പുഴയുടെ നൂറ് മീറ്റര്‍ പരിധിയില്‍ വെള്ളം ഉയരാം എന്നാണ് അധികൃതരും പറയുന്നത്. അപ്പോള്‍ ചെറുതോണി ടൗണ്‍ പൂര്‍ണമായും മുങ്ങിപ്പോകുമോ? എന്താണ് യാഥാര്‍ത്ഥ്യം? ടിസി രാജേഷ് തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ വിലയിരുത്തുന്നു.

നാലായിരത്തി അഞ്ഞൂറ് കെട്ടിടങ്ങള്‍?

നാലായിരത്തി അഞ്ഞൂറ് കെട്ടിടങ്ങള്‍?

ഇടുക്കി അണക്കെട്ട് തുറന്നുവിട്ടാല്‍ പ്രളയബാധിതമായേക്കാവുന്നതെന്ന് കണ്ടെത്തിയ സ്ഥലങ്ങളില്‍ 4500 കെട്ടിടങ്ങളെന്നോ മറ്റോ ഉള്ള ഒരു വാര്‍ത്ത കഴിഞ്ഞദിവസം ശ്രദ്ധയില്‍പെട്ടിരുന്നു. എന്താണ് ഇതിലെ വസ്തുത? ഈ 4500 കെട്ടിടങ്ങള്‍ വെള്ളം ഒഴുകിപ്പോകുന്ന പെരിയാറിന്‍റെ ഇരുകരകളിലും 100 മീറ്റര്‍ പരിധിക്കുള്ളിലുള്ളവയാണത്രെ. പ്രത്യേക സര്‍വ്വേ സംഘം കണ്ടെത്തിയതാണിത്. യഥാര്‍ഥത്തില്‍ ഇടുക്കിയുടേയും പെരിയാറിന്‍റേയും ഭൂമിശാസ്ത്രമറിയാത്തവരെ സംബന്ധിച്ചിടത്തോളം പരിഭ്രാന്തി ഉണ്ടാക്കുന്ന ഒന്നാണിതെന്നു പറയേണ്ടിവരും.‌

വീടുകളല്ല അത് മുഴുവന്‍

വീടുകളല്ല അത് മുഴുവന്‍

ഈ 4500ല്‍ ആളുകള്‍ താമസിക്കുന്ന വീടുകള്‍ വളരെ കുറച്ചേയുള്ളുവെന്നതാണ് വസ്തുത. ബാക്കിയത്രയും വ്യാപാരസ്ഥാപനങ്ങളോ ഇതര കെട്ടിടങ്ങളോ ആണ്. സ്കൂളുകള്‍ വരെയുണ്ടെന്ന് വാര്‍ത്തയില്‍ കണ്ടു. ശരിയാണ്. പക്ഷേ, അതൊക്കെ പുഴയുടെ 100 മീറ്റര്‍ പരിധിക്കുള്ളിലാണെന്നുകരുതി അവിടെയെല്ലാം വെള്ളം കയറുമെന്ന് കരുതരുത്.

അത്ര പ്രശ്നമുണ്ടാകുമോ

അത്ര പ്രശ്നമുണ്ടാകുമോ

നേര്യമംഗലത്തിനു താഴേക്കുമാത്രമേ പുഴയുടെ മേല്‍ത്തട്ട് നിരപ്പായ ജനവാസ പ്രദേശത്തോട് അടുക്കുന്നുള്ളുവെന്നതിനാല്‍ അവിടെ വരെയുള്ള കെട്ടിടങ്ങള്‍ക്ക് വലിയ പ്രശ്നമൊന്നുമുണ്ടാകില്ല. മാത്രമല്ല, നേര്യമംഗലത്ത് എത്തുന്നതിനു മുന്‍പായി ലോവര്‍ പെരിയാറില്‍ ചെറിയൊരു ഡാം കൂടിയുണ്ട്. അതിലും വെള്ളം കുറേയൊക്കെ തടഞ്ഞുനിറുത്തി വീണ്ടും നിയന്ത്രിതമായി മാത്രമേ താഴേക്ക് ഒഴുക്കാനുള്ള സാധ്യതയുള്ളു.

ചെറുതോണി ടൗണില്‍

ചെറുതോണി ടൗണില്‍

ചെറുതോണി ജംഗ്ഷനു സമീപംതന്നെ പരിശോധിക്കൂ. അത്യാവശ്യം ജലപ്രവാഹം ഉണ്ടായാല്‍ ടൗണിന്‍റെ ഒരറ്റത്ത് കട്ടപ്പനയിലേക്കുള്ള റോഡിലെ പാലം മുങ്ങിയേക്കാം. എന്നുകരുതി ചെറുതോണി ടൗണില്‍ വെള്ളം കയറുന്ന കെട്ടിടങ്ങള്‍ വളരെ കുറവായിരിക്കും. കാരണം ചെറുതോണി ടൗണ്‍ ഒരു കുന്നിന്‍ചെരുവാണ്. പുഴയുടെ നിരപ്പില്‍ നിന്ന് മുകളിലേക്ക് ഉയര്‍ന്നുപോകുന്ന കുന്നിന്‍റെ ചെരിവ്. പാലത്തില്‍ നിന്ന് ജംഗ്ഷനിലേക്ക് 50 മീറ്റര്‍ പോലും ദൂരമുണ്ടാകില്ല. പക്ഷേ, അത്രയും ദൂരം അത്യാവശ്യം നല്ല കയറ്റമാണ്. അവിടെ നിന്ന് വലത്തേക്ക് കരിമ്പന്‍- ചേലച്ചുവട്- കരിമണല്‍ റോഡ് പെരിയാറിനു സമാന്തരമായിത്തന്നെയാണ് കടന്നുപോകുന്നത്. പുഴയുടെ നിരപ്പില്‍ നിന്ന് എയര്‍ ഡിസ്റ്റന്‍സ് പിടിച്ചാല്‍ പത്ത് മീറ്റര്‍പോലും അകലത്തിലല്ല പലയിടത്തും ഈ റോഡ്. പക്ഷേ, പുഴനിരപ്പില്‍ നിന്ന് ഈ റോഡിലെത്താന്‍ പലയിടത്തും നൂറോ ഇരുനൂറോ മീറ്റര്‍ ദൂരം കയറേണ്ടിവരും. ‍ഡാം തുറന്നുവിട്ടാല്‍ പുഴയിലൂടെയുള്ള വെള്ളത്തിന്‍റെ ഒഴുക്ക് കാണാന്‍ ആളുകള്‍ സുരക്ഷിതമായി നില്‍ക്കുന്ന ഒരു സ്ഥലമായിരിക്കും ചെറുതോണി ജംഗ്ഷന്‍. അവിടം വെള്ളത്തില്‍ മുങ്ങുമെന്നൊക്കെയുള്ള പ്രചാരണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല.

അങ്ങനെ വെള്ളം കയറണമെങ്കില്‍

അങ്ങനെ വെള്ളം കയറണമെങ്കില്‍

രണ്ടു കുന്നുകളുടേയോ മലകളുടേയോ ഇടയിലെ താഴ്‌വരയിലൂടെയാണ് പെരിയാര്‍ ഒഴുകുന്നത്, പ്രത്യേകിച്ച് നേര്യമംഗലം വരെ. പലയിടത്തും പുഴയുടെ ഇരുകരകളിലും കുന്നില്‍ റോഡുണ്ട്. അതൊക്കെത്തന്നെ ചരടുപിടിച്ചാല്‍ നൂറോ നൂറ്റന്‍പതോ മീറ്റര്‍ വരെ ഉയരത്തിലുമാണ്. ഇത്രയും ഉയരത്തിലേക്ക് വെള്ളം കയറണമെങ്കില്‍ ഇടുക്കി അണക്കെട്ടില്‍ നിന്ന് നിയന്ത്രണമില്ലാതെ വെള്ളം തുറന്നുവിടേണ്ടിവരും.

എന്താണ് നൂറ് മീറ്ററിന്‍റെ കണക്ക്

എന്താണ് നൂറ് മീറ്ററിന്‍റെ കണക്ക്

അധികൃതര്‍ നടത്തിയ കണക്കെടുപ്പില്‍ 100 മീറ്റര്‍ പരിധി എങ്ങിനെയാണ് നിശ്ചയിച്ചതെന്നറിയില്ല. എന്തായാലും പുഴയിലേക്ക് ഇറക്കി നിര്‍മിച്ചതോ പുഴയോരത്തുള്ളതോ ആയ കെട്ടിടങ്ങളില്‍ മാത്രമേ വെള്ളം കയറാന്‍ എന്തെങ്കിലും സാധ്യതയുള്ളു. മാത്രമല്ല അതിനുമാത്രം വെള്ളം ഇടുക്കിയില്‍ നിന്ന് തുറന്നുവിടപ്പെടാന്‍ സാധ്യതയും കുറവാണ്. ഇടുക്കി ജലസംഭരണിയില്‍ നിന്ന് മൂലമറ്റം പവര്‍ ഹൗസിലേക്കുള്ള പെന്‍സ്റ്റോക്ക് പൈപ്പുകള്‍ വഴി പരമാവധി വെള്ളം ഇപ്പോള്‍തന്നെ തുറന്നുവിട്ടിരിക്കുകയാണെന്ന കാര്യം നാം ഓര്‍ക്കണം. സമുദ്രനിരപ്പില്‍ നിന്ന് 2400 അടിയായി ജലനിരപ്പ് നിജപ്പെടുത്തി അതിലധികം വരുന്ന വെള്ളം മാത്രമേ തുറന്നുവിടുകയുള്ളുവെന്നാണ് വിവരം. അതും പരമാവധി വൈദ്യുതി ഉല്‍പാദിപ്പിച്ചതിനു ശേഷമുള്ളത്.

അത്ര ഭയക്കേണ്ട സാഹചര്യമില്ല

അത്ര ഭയക്കേണ്ട സാഹചര്യമില്ല

ഈ പരിധിയിലേക്കെത്താന്‍ ഇനിയും നാലഞ്ച് അടികൂടി ജലനിരപ്പ് ഉയരണം. ജലസംഭരണിയുടെ മുകളിലേക്കെത്തുംതോറും വിസ്താരം വര്‍ധിക്കുന്നതിനാല്‍ തന്നെ നീരൊഴുക്ക് ക്രമാനുഗതമായി വര്‍ധിച്ചാല്‍ മാത്രമേ ജലസംഭരണിയിലെ ജലനിരപ്പും ഉയരുകയുള്ളു. ജലസംഭരണിയുടെ വൃഷ്ടിപ്രദേശങ്ങളില്‍ ഇപ്പോഴത്തെ രീതിയില്‍ മഴ തുടരുകയും നീരൊഴുക്ക് കുറയാതിരിക്കുകയും ചെയ്താല്‍ മാത്രമേ അണക്കെട്ട് തുറന്നുവിടുന്ന സാഹചര്യം ഉണ്ടാകുകയുള്ളു.

ഫേസ്ബുക്ക് പോസ്റ്റ്

ടിസി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

English summary
TC Rajesh writes about the consequences of opening shutters of Idukki Reservoir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X