എഐ വിഴുങ്ങാൻ പോകുന്ന 10 ജോലികൾ ഇതാ! നിങ്ങളുടെ ജോലി ഇതിലുണ്ടോ?
ലോകം ഇന്ന് എറ്റവും കൂടുതൽ ഭയക്കുന്നത് എഐ തങ്ങളുടെ ജോലി കളയുമോ എന്നാണ്. ഈ ആശങ്ക വെറുതെയല്ലെന്ന് അടിവരയിടുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. "എഐ പുതിയ ജോലികൾ സൃഷ്ടിക്കും" എന്ന് ഓപ്പൺ എഐ തലവൻ സാം ആൾട്ട്മാൻ ആവർത്തിക്കുമ്പോഴും, നിലവിലുള്ള പല കരിയറുകളും ഐസിയുവിലാണെന്ന സൂചനയാണ് ആന്ത്രോപിക് (Anthropic) നൽകുന്നത്. വെറും ഒരു സഹായി എന്ന നിലയിൽ നിന്നും മനുഷ്യനെ മാറ്റിനിർത്തിക്കൊണ്ട് സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ കെൽപ്പുള്ള എഐ യുഗത്തിലേക്ക് നമ്മൾ അതിവേഗം മാറിക്കഴിഞ്ഞു.
സാം ആൾട്ട്മാന്റെ നിരീക്ഷണം
ലോകം കമ്പ്യൂട്ടിംഗിന്റെ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് സാം ആൾട്ട്മാൻ പറയുന്നു. എഐ കേവലം മനുഷ്യനെ സഹായിക്കുക മാത്രമല്ല, ജോലി ചെയ്യുന്ന രീതി തന്നെ മാറ്റുകയാണ്. എഐ വഴി പുതിയ ശാസ്ത്രീയ അറിവുകൾ കണ്ടെത്താനും വലിയ സാമ്പത്തിക മൂല്യമുള്ള ജോലികൾ ചെയ്യാനും സാധിക്കുന്നുണ്ട്. ഇത് പരമ്പരാഗത ജോലി ഘടനകളിൽ മാറ്റം വരുത്തുമെങ്കിലും പുതിയ തരം തൊഴിലുകൾ ഉടലെടുക്കുമെന്നും അദ്ദേഹം വിശ്വസിക്കുന്നു. എന്നാൽ,മനുഷ്യൻ പണിയെടുക്കുന്നതിനേക്കാൾ കൂടുതൽ ലാഭം മെഷീനുകൾ (AI) ഉണ്ടാക്കുന്ന കാലം വന്നാൽ, പണം എങ്ങനെ ചിലവഴിക്കണം എന്ന കാര്യത്തിൽ പുതിയ തീരുമാനങ്ങൾ എടുക്കേണ്ടി വരും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭീഷണി നേരിടുന്ന 10 കരിയറുകൾ (ആന്ത്രോപിക് ഡാറ്റ പ്രകാരം)
ആന്ത്രോപിക് നടത്തിയ പഠനത്തിൽ എഐ ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യതയുള്ള 10 തൊഴിൽ മേഖലകൾ ഇവയാണ്:
കമ്പ്യൂട്ടർ പ്രോഗ്രാമർമാർ (74.5%): കോഡിംഗ്, മെയിന്റനൻസ് തുടങ്ങിയ ജോലികൾ എഐ ഏറ്റെടുക്കുന്നതിനാൽ ഈ മേഖലയിൽ 74.5 ശതമാനം ജോലികളും ഓട്ടോമേഷന് വിധേയമായേക്കാം.
കസ്റ്റമർ സർവീസ് പ്രതിനിധികൾ (70%): ചാറ്റ്ബോട്ടുകളും ഓട്ടോമേറ്റഡ് സിസ്റ്റങ്ങളും സാധാരണ കസ്റ്റമർ ക്വറികൾ കൈകാര്യം ചെയ്യുന്നതിൽ മികവ് പുലർത്തുന്നു.
ഡാറ്റ എൻട്രി ജോലികൾ (67.1%): ആവർത്തന സ്വഭാവമുള്ള ഡാറ്റ എൻട്രി ജോലികൾ എഐ വേഗത്തിലും കൃത്യമായും ചെയ്യുന്നു.
മെഡിക്കൽ റെക്കോർഡ് സ്പെഷ്യലിസ്റ്റുകൾ: രോഗികളുടെ വിവരങ്ങൾ ക്രമീകരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും എഐ ടൂളുകൾ വ്യാപകമാകുന്നു.
മാർക്കറ്റ് റിസർച്ച് അനലിസ്റ്റുകൾ (64.8%): ഡാറ്റ വിശകലനം ചെയ്ത് റിപ്പോർട്ടുകൾ തയ്യാറാക്കുന്ന ജോലിയിൽ എഐ വലിയ സ്വാധീനം ചെലുത്തുന്നു.
മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്റുകൾ: വിപണി പ്രവണതകൾ പഠിക്കാനും ഉള്ളടക്കം തയ്യാറാക്കാനും എഐ ഉപയോഗിക്കുന്നു.
സെയിൽസ് റോളുകൾ (ഹോൾസെയിൽ & മാനുഫാക്ചറിംഗ്): ഓർഡർ മാനേജ്‌മെന്റിലും ഔട്ട്‌റീച്ചിലും ഓട്ടോമേഷൻ കടന്നുവരുന്നു.
ഫിനാൻഷ്യൽ അനലിസ്റ്റുകൾ (57%): സാമ്പത്തിക വിശകലനങ്ങളും പ്രവചനങ്ങളും എഐ കൃത്യമായി നിർവ്വഹിക്കുന്നു.
സോഫ്റ്റ്‌വെയർ ടെസ്റ്റർമാർ (52%): ക്വാളിറ്റി അഷ്വറൻസ് വിഭാഗത്തിലെ പകുതിയിലധികം ജോലികളും എഐ വഴി സാധ്യമാണ്.
സൈബർ സെക്യൂരിറ്റി & ഐടി സപ്പോർട്ട്: താരതമ്യേന കുറഞ്ഞ തോതിലാണെങ്കിലും ഈ മേഖലകളിലും ഓട്ടോമേഷൻ സ്വാധീനം വർദ്ധിച്ചുവരികയാണ്.
മാറുന്ന കാലം, മാറേണ്ട രീതികൾ
സാം ആൾട്ട്മാൻ പറയുന്നതുപോലെ പുതിയ അവസരങ്ങൾ വന്നേക്കാം, പക്ഷേ നിലവിൽ കൈവശമുള്ള ജോലികൾ സുരക്ഷിതമാണെന്ന് ആർക്കും ഉറപ്പിക്കാനാവില്ല. ആന്ത്രോപിക് പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നത് വൈദഗ്ധ്യമുള്ള ഐടി ജോലികൾ പോലും എഐയുടെ നിഴലിലാണെന്നാണ്. സാങ്കേതിക വിദ്യക്കൊപ്പം സ്വയം പുതുക്കാൻ തയ്യാറാകാത്തവർക്ക് ഈ 'പുതിയ ലോകത്ത്' പിടിച്ചുനിൽക്കുക അസാധ്യമാകും. വരും വർഷങ്ങളിൽ നമ്മൾ കാണാനിരിക്കുന്നത് തൊഴിൽ വിപണിയുടെ അപ്രതീക്ഷിതമായ അഴിച്ചുപണികളായിരിക്കും.












Click it and Unblock the Notifications