ഏത് കാട്ടിലും കോൾ ചെയ്യാം, ഐഫോണിനെക്കാൾ വില; ബിഎസ്എൻഎല്ലിന്റെ കിടിലൻ ഫോൺ
മൊബൈൽ ടവറുകളോ റേഞ്ചോ ഇല്ലാത്ത ഉൾക്കാടുകളിലോ കടലിലോ മരുഭൂമിയിലോ ഒക്കെ നമ്മൾ പെട്ടുപോയാൽ കൈയ്യിലുള്ള സ്മാർട്ട്ഫോണിന് ഒരു കല്ലിന്റെ വിലയെ ഉണ്ടാവൂ. എന്നാൽ എവിടെപ്പോയാലും തടസ്സമില്ലാത്ത കണക്ഷൻ ഉറപ്പാക്കാൻ ഒരു കിടിലൻ സാറ്റലൈറ്റ് ഫോൺ വിപണിയിലിറക്കിയിരിക്കുകയാണ് പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎൽ. ആപ്പിളിന്റെ ഏറ്റവും പ്രീമിയം ഫോണായ ഐഫോൺ 17 പ്രോയേക്കാൾ ഉയർന്ന വിലയിലാണ് ബിഎസ്എൻഎൽ ഈ ഫോൺ വിപണിയിലെത്തിച്ചിരിക്കുന്നത്. നികുതി ഉൾപ്പെടെ 1,34,166 രൂപയാണ് ഈ ഫോണിന്റെ വില. സാധാരണ ഫോണുകൾ പോലെ അടുത്തുള്ള മൊബൈൽ ടവറുകളെ ആശ്രയിക്കുന്നതിന് പകരം, ബഹിരാകാശത്തുള്ള സാറ്റലൈറ്റുകളുമായി നേരിട്ട് ബന്ധിപ്പിച്ചാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്.
ആർക്കൊക്കെ വാങ്ങാം? കേന്ദ്രത്തിന്റെ അനുമതി വേണം!
പണം കയ്യിലുണ്ടെന്ന് കരുതി ആർക്കും പോയി വാങ്ങാൻ കിട്ടുന്ന ഒരു ഗാഡ്‌ജെറ്റ് അല്ല ഇത്. ഇന്ത്യയിൽ സാറ്റലൈറ്റ് ഫോണുകളുടെ ഉപയോഗം വളരെ കർശനമായിട്ടാണ് നിയന്ത്രിച്ചിരിക്കുന്നത്. ഈ ഫോൺ വാങ്ങണമെങ്കിലോ ഉപയോഗിക്കണമെങ്കിലോ കേന്ദ്ര ടെലികോം വകുപ്പിന്റെ പ്രത്യേക അനുമതിപത്രം നിർബന്ധമായും വാങ്ങിയിരിക്കണം. ആവശ്യമായ ലൈസൻസോ അനുമതിയോ ഇല്ലാതെ സാറ്റലൈറ്റ് ഫോൺ കൈവശം വെക്കുന്നത് ഇന്ത്യയിൽ വലിയ നിയമനടപടികൾക്ക് കാരണമാകും.
ആഗോള സാറ്റലൈറ്റ് നെറ്റ്‌വർക്ക് ദാതാക്കളായ 'ഇൻമാർസാറ്റ്' കമ്പനിയുമായി സഹകരിച്ചാണ് ബിഎസ്എൻഎൽ ഈ ഹാൻഡ്‌സെറ്റ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. സാധാരണ സ്മാർട്ട്‌ഫോൺ ഉപഭോക്താക്കൾക്ക് വേണ്ടിയല്ല ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്. പ്രതിരോധ മേഖലയിൽ ഉള്ളവർ, കപ്പൽ ജീവനക്കാർ, ദുരന്തനിവാരണ സേനകൾ, ഖനന തൊഴിലാളികൾ, ഉൾപ്രദേശങ്ങളിലെ വ്യവസായ ഗ്രൂപ്പുകൾ, റേഞ്ചില്ലാത്ത കാട്ടുപാതകളിലൂടെയും മലനിരകളിലൂടെയും യാത്ര ചെയ്യുന്ന തീർത്ഥാടകർ, അഡ്വഞ്ചർ സഞ്ചാരികൾ എന്നിവരെ ലക്ഷ്യമിട്ടാണ് ബിഎസ്എൻഎൽ ഈ ഫോൺ ഇറക്കിയിരിക്കുന്നത്.

എന്തൊക്കെയാണ് പ്രധാന ഫീച്ചറുകൾ?
അടിയന്തിര ഘട്ടങ്ങളിലും ദുർഘടമായ സാഹചര്യങ്ങളിലും ഒരുപോലെ ഉപയോഗിക്കാൻ പറ്റുന്ന രീതിയിലാണ് ഈ സാറ്റലൈറ്റ് ഫോണിന്റെ നിർമ്മാണം. മൊബൈൽ നെറ്റ്‌വർക്കുകൾ ഒട്ടുമില്ലാത്ത ആഫ്രിക്കൻ കാടുകളിലോ ആഴക്കടലിലോ ആയാൽ പോലും ഇതിൽ കണക്ഷൻ കിട്ടും. റേഞ്ചിനായി അലയാതെ ഏറ്റവും വിദൂര സ്ഥലങ്ങളിൽ നിന്നും വ്യക്തമായി സംസാരിക്കാം. അപകടങ്ങളിലോ ഒറ്റപ്പെട്ടുപോകുന്ന സാഹചര്യങ്ങളിലോ സഹായത്തിനായി അടിയന്തിര സന്ദേശങ്ങൾ(SOS) അയക്കാനുള്ള സംവിധാനം. ചാർജിംഗ് സൗകര്യങ്ങൾ ഇല്ലാത്ത കാടുകളിലും മറ്റും ദിവസങ്ങളോളം ചാർജ് നിൽക്കുന്ന ശക്തമായ ബാറ്ററി. വീണാലോ കഠിനമായ കാലാവസ്ഥയിലോ കേടുപാടുകൾ വരാത്ത രീതിയിലുള്ള ഡിസൈനുമുണ്ട്.
ഈ ഫോണിനെകുറിച്ച് കൂടുതൽ അറിയാൻ താല്പര്യമുള്ളവർക്ക് അടുത്തുള്ള ബിഎസ്എൻഎൽ ഓഫീസ് സന്ദർശിക്കുകയോ 9768866652 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം. ഒപ്പം തന്നെ രാജ്യമൊട്ടാകെ 4ജി സേവനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 99,000 ഫോർജി സൈറ്റുകൾ കൂടി ബിഎസ്എൻഎൽ രാജ്യത്തുടനീളം കമ്മീഷൻ ചെയ്തിട്ടുണ്ടെന്നും കൂടുതൽ 4ജി ടവറുകൾ സ്ഥാപിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.












Click it and Unblock the Notifications