ജിയോയേയും എയര്‍ടെല്ലിനേയും ഞെട്ടിച്ച് ബിഎസ്എന്‍എല്‍; 2007 ന് ശേഷം ആദ്യമായി റെക്കോഡ് ലാഭം
മുംബൈ: സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 262 കോടിയുടെ ലാഭം നേടി ബിഎസ്എന്‍എല്‍. 2007 ന് ശേഷം ബിഎസ്എന്‍എല്‍ നേടുന്ന ഏറ്റവും വലിയ ലാഭമാണ് ഇത്. അടുത്തിടെയായി ജിയോ, എയര്‍ടെല്‍ എന്നീ വന്‍കിട ടെലികോം ഓപ്പറേറ്റര്‍മാരെ വെല്ലുവിളിച്ച് കൊണ്ട് നെറ്റ്വര്‍ക്ക് വിപുലീകരണവും ചെലവ് ഒപ്റ്റിമൈസേഷന്‍ നടപടികളും ബിഎസ്എന്‍എല്‍ നടത്തിയിരുന്നു.
ഇതുവഴി വലിയ തോതില്‍ ഉപഭോക്താക്കള്‍ ബിഎസ്എന്‍എല്ലിലേക്ക് വന്നിരുന്നു. ഇതാണ് ലാഭത്തില്‍ കുത്തനെ വര്‍ധനവ് ഉണ്ടാകാന്‍ കാരണം. 'ഈ പാദത്തിലെ ഞങ്ങളുടെ സാമ്പത്തിക പ്രകടനത്തില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. ഇത് നവീകരണം, ഉപഭോക്തൃ സംതൃപ്തി, ആക്രമണാത്മക നെറ്റ്വര്‍ക്ക് വിപുലീകരണം എന്നിവയിലുള്ള ഞങ്ങളുടെ ശ്രദ്ധയെ പ്രതിഫലിപ്പിക്കുന്നു,' ബിഎസ്എന്‍എല്‍ സിഎംഡി എ റോബര്‍ട്ട് ജെ രവി പറഞ്ഞു.

ഈ സാമ്പത്തിക വര്‍ഷാവസാനത്തോടെ വരുമാന വളര്‍ച്ച 20% കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. 262 കോടി രൂപയുടെ ഈ ലാഭം ബിഎസ്എന്‍എല്ലിന്റെ പുനരുജ്ജീവനത്തെയും ദീര്‍ഘകാല സുസ്ഥിരതയെയും അടയാളപ്പെടുത്തുന്നതാണ്. ബിഎസ്എന്‍എല്‍ അതിന്റെ സാമ്പത്തിക ചെലവും മൊത്തത്തിലുള്ള ചെലവും കുറച്ചതായും ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നഷ്ടത്തില്‍ 1800 കോടിയിലധികം കുറവുണ്ടാക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൊബിലിറ്റി സേവന വരുമാനം 15% വര്‍ധിച്ചപ്പോള്‍ ഫൈബര്‍-ടു-ദി-ഹോം വരുമാനം 18% വര്‍ധിച്ചു. ലീസ്ഡ് ലൈന്‍ സേവന വരുമാനം കഴിഞ്ഞ വര്‍ഷത്തെ മൂന്നാം പാദത്തേക്കാള്‍ 14% വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി ബിഎസ്എന്‍എല്‍ അടുത്തിടെ നാഷണല്‍ വൈഫൈ റോമിംഗ്, എല്ലാ മൊബൈല്‍ ഉപഭോക്താക്കള്‍ക്കും സൗജന്യ വിനോദത്തിനായി ബിഐടിവി, എല്ലാ എഫ്ടിടിഎച്ച് ഉപഭോക്താക്കള്‍ക്കും ഐഎഫ്ടിവി തുടങ്ങിയ നൂതനാശയങ്ങള്‍ അവതരിപ്പിച്ചിരുന്നു.
'സേവന നിലവാരത്തിലും ഉറപ്പിലും ഞങ്ങള്‍ തുടര്‍ച്ചയായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഉപഭോക്തൃ വിശ്വാസം കൂടുതല്‍ ശക്തിപ്പെടുത്തുകയും ഇന്ത്യയിലെ ഒരു മുന്‍നിര ടെലികോം സേവന ദാതാവ് എന്ന നിലയില്‍ ബിഎസ്എന്‍എല്ലിന്റെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്തു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സേവന മികവ്, 5ജി തയ്യാറെടുപ്പ്, ഡിജിറ്റല്‍ പരിവര്‍ത്തനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ ഡിജിറ്റല്‍ വളര്‍ച്ചയെ മുന്നോട്ട് നയിക്കുന്നതിനൊപ്പം ഉയര്‍ന്ന നിലവാരമുള്ളതും താങ്ങാനാവുന്നതുമായ ടെലികോം സേവനങ്ങള്‍ നല്‍കുന്നതിനുള്ള ബിഎസ്എന്‍എല്ലിന്റെ പ്രതിബദ്ധതയാണ് ഈ സാമ്പത്തിക മുന്നേറ്റം അടിവരയിടുന്നത്. സേവന വിതരണം വര്‍ധിപ്പിക്കുന്നതിനും ഉപഭോക്തൃ അടിത്തറ വികസിപ്പിക്കുന്നതിനും ഡിജിറ്റല്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത് ദര്‍ശനത്തിലേക്ക് സംഭാവന ചെയ്യുന്നതിനും കമ്പനി പ്രതിജ്ഞാബദ്ധമാണ് എന്നും ബിഎസ്എന്‍എല്‍ പറഞ്ഞു.
ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍), മഹാനഗര്‍ ടെലിഫോണ്‍ നിഗം ലിമിറ്റഡ് (എംടിഎന്‍എല്‍) എന്നിവയുടെ 4ജി നെറ്റ്വര്‍ക്ക് വിപുലീകരണം ത്വരിതപ്പെടുത്തുന്നതിനായി ഏകദേശം 6,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജിന് ഈ മാസം ആദ്യം കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും ഉപഭോക്താക്കള്‍ക്ക് മികച്ച നെറ്റ്വര്‍ക്ക് സേവനങ്ങള്‍ ഉറപ്പാക്കുന്നതിനുമായി ഏകദേശം ഒരു ലക്ഷം 4ജി സൈറ്റുകളാണ് ഈ പദ്ധതി പ്രകാരം സ്ഥാപിക്കുന്നത്.












Click it and Unblock the Notifications