നിങ്ങളുടെ ഫോണിൽ ഈ ആപ്പുകൾ ഉണ്ടോ? സൂക്ഷിച്ചോ, എല്ലാം ഹാക്കർമാർ കൊണ്ടുപോകും
ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് കനത്ത മുന്നറിയിപ്പുമായി സൈബർ സുരക്ഷാ ഗവേഷകർ രംഗത്ത്. ഗൂഗിൾ പ്ലേ സ്റ്റോറിലൂടെ വിതരണം ചെയ്യപ്പെട്ട 50-ലധികം ആപ്പുകൾ ഉപയോക്താക്കളുടെ ഫോണുകൾ രഹസ്യമായി ഹൈജാക്ക് ചെയ്യുന്നതായി പ്രമുഖ സൈബർ സുരക്ഷാ കമ്പനിയായ മകാഫി (McAfee) കണ്ടെത്തി. 'ഓപ്പറേഷൻ നോവോയ്സ്' (Operation NoVoice) എന്ന് പേരിട്ടിരിക്കുന്ന ഈ വിപുലമായ മാൽവെയർ ക്യാമ്പയിനിലൂടെ ഏകദേശം 23 ലക്ഷത്തിലധികം തവണയാണ് ഈ ആപ്പുകൾ ഡൗൺലോഡ് ചെയ്യപ്പെട്ടിരിക്കുന്നത്.
എന്താണ് 'ഓപ്പറേഷൻ നോവോയ്സ്'?
ഫോൺ ക്ലീനറുകൾ, പസിൽ ഗെയിമുകൾ, ഫോട്ടോ യൂട്ടിലിറ്റികൾ എന്നീ രൂപത്തിലാണ് ഈ ആപ്പുകൾ പ്ലേ സ്റ്റോറിൽ പ്രത്യക്ഷപ്പെട്ടത്. ഒറ്റനോട്ടത്തിൽ സാധാരണ ആപ്പുകളെപ്പോലെ തോന്നിപ്പിക്കുമെങ്കിലും, ഇവ ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെന്ന് അഡ്മിനിസ്ട്രേറ്റർ ലെവൽ നിയന്ത്രണം നേടിയെടുക്കുന്ന 'റൂട്ട്കിറ്റ്' (Rootkit) ആക്രമണമാണ് നടത്തുന്നത്. ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞാൽ, ഈ ആപ്പുകൾ ഹാക്കർമാരുടെ സെർവറുമായി ബന്ധപ്പെടുകയും ഫോണിന്റെ ഹാർഡ്‌വെയർ, ഒഎസ് പതിപ്പ് തുടങ്ങിയ വിവരങ്ങൾ കൈമാറുകയും ചെയ്യുന്നു.

ഫോൺ എങ്ങനെ ഹൈജാക്ക് ചെയ്യപ്പെടുന്നു?
ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഹാക്കർമാർ ഓരോ ഫോണിനും പ്രത്യേകമായി രൂപപ്പെടുത്തിയ കോഡുകൾ അയക്കുന്നു. ഇത് ഫോണിലെ സിസ്റ്റം ലൈബ്രറികളിൽ മാറ്റം വരുത്തുകയും, ഉപയോക്താവ് തുറക്കുന്ന ഓരോ ആപ്പിനുള്ളിലും ഹാക്കർമാർക്ക് നിയന്ത്രണം നൽകുകയും ചെയ്യുന്നു. സാധാരണ മാൽവെയറുകൾ ഫോൺ 'ഫാക്ടറി റീസെറ്റ്' ചെയ്യുന്നതിലൂടെ നീക്കം ചെയ്യാമെങ്കിലും, ഓപ്പറേഷൻ നോവോയ്സ് റീസെറ്റിനെപ്പോലും അതിജീവിക്കാൻ ശേഷിയുള്ളതാണെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. ഇത് പൂർണ്ണമായും നീക്കം ചെയ്യാൻ ഫോണിന്റെ ഫേംവെയർ (Firmware) തന്നെ വീണ്ടും ഇൻസ്റ്റാൾ ചെയ്യേണ്ടി വന്നേക്കാം.
ആരൊക്കെയാണ് അപകടസാധ്യതയിലുള്ളത്?
പഴയ ആൻഡ്രോയിഡ് പതിപ്പുകൾ ഉപയോഗിക്കുന്നവരും കൃത്യമായ സുരക്ഷാ അപ്‌ഡേറ്റുകൾ (Security Patches) ലഭിക്കാത്തവരുമാണ് ഈ ഭീഷണിയിൽ പ്രധാനമായും പെടുന്നത്. പുതിയ സുരക്ഷാ അപ്‌ഡേറ്റുകളുള്ള ഫോണുകൾക്ക് ഈ ആക്രമണത്തിൽ നിന്ന് ഒരു പരിധിവരെ സംരക്ഷണം ലഭിക്കുമെങ്കിലും, അത്തരം ഉപയോക്താക്കളും പൂർണ്ണമായും സുരക്ഷിതരാണെന്ന് പറയാനാവില്ല.
എങ്ങനെ സുരക്ഷിതരാകാം?
ആപ്പുകൾ പരിശോധിക്കുക: നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ആപ്പുകൾ കൃത്യമായി പരിശോധിക്കുക. നിങ്ങൾക്ക് പരിചയമില്ലാത്തതോ ഉപയോഗിക്കാത്തതോ ആയ ആപ്പുകൾ ഉടൻ നീക്കം ചെയ്യുക.
അപ്‌ഡേറ്റുകൾ മറക്കരുത്: ഫോണിന്റെ സോഫ്റ്റ്‌വെയറും സുരക്ഷാ പാച്ചുകളും എപ്പോഴും ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യുക.
ആപ്പുകളുടെ അനുമതികൾ: ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ അവ ചോദിക്കുന്ന പെർമിഷനുകൾ ശ്രദ്ധിക്കുക. ഒരു ലളിതമായ ഗെയിമിന് നിങ്ങളുടെ കോൺടാക്റ്റുകളോ ലൊക്കേഷനോ ആവശ്യമില്ലെങ്കിൽ അത്തരം അനുമതികൾ നിഷേധിക്കുക.
വിശ്വസനീയമായ ആപ്പുകൾ മാത്രം: പ്ലേ സ്റ്റോറിൽ ആണെങ്കിൽപ്പോലും ഡൗൺലോഡ് ചെയ്യുന്നതിന് മുൻപ് ആപ്പിന്റെ റിവ്യൂകളും റേറ്റിംഗും പരിശോധിക്കാൻ മറക്കരുത്.
ഹാക്കിംഗ് ഭീഷണി ഉയർന്നതോടെ ഗൂഗിൾ ഈ 50 ആപ്പുകളെയും പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. എങ്കിലും ഇവ നേരത്തെ ഡൗൺലോഡ് ചെയ്തവരുടെ ഫോണുകളിൽ ഇപ്പോഴും ഭീഷണിയായി തുടരാൻ സാധ്യതയുണ്ട്. അതിനാൽ അനാവശ്യമായ ക്ലീനർ ആപ്പുകളും മറ്റും ഒഴിവാക്കി ഫോൺ സുരക്ഷിതമാക്കുക.












Click it and Unblock the Notifications