ട്വിറ്ററിന്റെ കിളി പാറാന്‍ പോകുന്നു, ഇനി പുതിയ ലോഗോ? റീബ്രാന്‍ഡിംഗ് പ്രഖ്യാപിച്ച് മസ്‌ക്
വാഷിംഗ്ടണ്‍: ട്വിറ്ററിന്റെ റീബ്രാന്‍ഡിംഗ് പ്രഖ്യാപിച്ച് ഉടമയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക്. ട്വിറ്റര്‍ ബ്രാന്‍ഡിനോടും ലോഗോയോടും വിട പറയേണ്ടി വരുമെന്ന് മസ്‌ക് ട്വീറ്റ് ചെയ്തു. എക്‌സ് ലോഗോയുമായി നാളെ ട്വിറ്റര്‍ ലൈവാകുമെന്നും ഇലോണ്‍ മസ്‌ക് വ്യക്തമാക്കി. ' നമ്മള്‍ ട്വിറ്റര്‍ ബ്രാന്‍ഡിനോടും കാലക്രമേണ എല്ലാ കിളികളോടും വിട ചൊല്ലും' എന്നാണ് മസ്‌ക് ട്വീറ്റ് ചെയ്തത്.
കഴിഞ്ഞ വര്‍ഷമാണ് മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തത്. ഇതിന് പിന്നാലെ നിരവധി പരിഷ്‌കാരങ്ങള്‍ ട്വിറ്ററില്‍ മസ്‌ക് നടപ്പാക്കിയിരുന്നു. ജീവനക്കാരെ പിരിച്ചുവിടുകയും ബ്ലൂ ടിക്കറ്റിന് സബ്‌സ്‌ക്രിപ്ഷന്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ലോഗോ മാറ്റുമെന്ന പ്രഖ്യാപനം ഈ ശ്രേണിയിലെ ഏറ്റവും വലിയ പരിഷ്‌കാരമാണ്. മാസങ്ങള്‍ക്ക് മുന്‍പാണ് എക്സ് കോര്‍പറേഷന്‍ എന്ന സ്ഥാപനത്തില്‍ ട്വിറ്റര്‍ ലയിച്ചത്.

ഇതോടെ ട്വിറ്റര്‍ സ്വതന്ത്ര കമ്പനിയല്ലാതായി മാറി. പുതിയ ലോഗോ എക്‌സ് ആയിരിക്കും എന്നാണ് റിപ്പോര്‍ട്ട്. ഇത് സൂചിപ്പിക്കുന്ന ഒരു ട്വീറ്റും മസ്‌ക് പങ്ക് വെച്ചിട്ടുണ്ട്. നേരത്തെയും ട്വിറ്ററിന് പകരം എക്‌സ് എന്ന് മസ്‌ക് പരാമര്‍ശിച്ചിട്ടുണ്ട്. ട്വിറ്ററിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവായി ലിന്‍ഡ യക്കാറിനോയെ ഏപ്രിലില്‍ നിയമിച്ചപ്പോള്‍ ലിന്‍ഡയ്ക്കൊപ്പം പ്രവര്‍ത്തിച്ച് ഈ പ്ലാറ്റ്ഫോം എക്‌സ് ആക്കി മാറ്റാന്‍ കാത്തിരിക്കുന്നു എന്നായിരുന്നു മസ്‌ക് പ്രതികരിച്ചിരുന്നത്.
ഇലോണ്‍ മസ്‌കിന് കീഴിലെ മറ്റ് കമ്പനികളായ എക്‌സ് ഡോട്ട് കോം, സ്പേസ് എക്സ് എന്നിവയിലും എക്‌സ് റഫറന്‍സ് ഉണ്ട്. ഇക്കഴിഞ്ഞ ഏപ്രിലില്‍ ട്വിറ്റര്‍ ലോഗോ മാറ്റി പകരം നായയുടെ ചിത്രം വെച്ച ട്വീറ്റ് മസ്‌ക് പങ്ക് വെച്ചിരുന്നു. ഡോജ് കോയിന്‍ എന്ന ക്രിപ്റ്റോ കറന്‍സിയുടെ ചിഹ്നമായ ഷിബ ഇനു വര്‍ഗത്തില്‍പ്പെട്ട നായയുടെ ചിത്രമായിരുന്നു മസ്‌ക് അന്ന് നല്‍കിയിരുന്നത്.
അതേസമയം വെരിഫൈഡ് ബാഡ്ജോ ബ്ലൂ സബ്സ്‌ക്രിപ്ഷനോ ഇല്ലാത്ത ഉപയോക്താക്കള്‍ക്ക് നേരിട്ട് എയക്കാന്‍ കഴിയുന്ന മെസ്സേജുകളുടെ എണ്ണം പരിമിതിപ്പെടുത്താനും ആലോചനയുണ്ട്. സ്പാം തടയുക എന്നതാണ് ഇതിന് പിന്നില്‍ എന്നാണ് കമ്പനി പറയുന്നതെങ്കിലും സബ്സ്‌ക്രിപ്ഷനു വേണ്ടി പണം മുടപ്പിക്കാനുള്ള നീക്കമാണ് ഇതെന്നാണ് ഉയരുന്ന ആക്ഷേപം. ബ്ലൂടിക്കിന് സബ്‌സ്‌ക്രിപ്ഷന്‍ ഏര്‍പ്പെടുത്തിയിട്ടും വലിയ നേട്ടമുണ്ടാക്കാന്‍ ട്വിറ്ററിന് സാധിച്ചിരുന്നില്ല.
ഇന്ത്യയില്‍ ബ്ലൂടിക്കിന് 900 രൂപയാണ് ഉപയോക്താക്കളില്‍ നിന്നും ഈടാക്കുന്നത്. ഇപ്പോഴും നഷ്ടം നേരിടുന്ന കമ്പനി പരസ്യങ്ങള്‍ക്ക് ബദലായി ബിസിനസ് മോഡലുകള്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. അടുത്തിടെ 'പ്രപഞ്ചത്തെ മനസ്സിലാക്കുക' എന്ന അവകാശവാദത്തോടെ പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ എക്‌സ് എഐ മസ്‌ക് പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications