യുപിഐ ലൈറ്റ് പുറത്തിറക്കി ഗൂഗിള്‍ പേ; എത്ര രൂപ വരെ അയയ്ക്കാം, അറിയേണ്ടതെല്ലാം
യുപിഐ പിന്‍ ആവശ്യമില്ലാതെ തന്നെ ചെറിയ മൂല്യമുള്ള ഇടപാടുകള്‍ വേഗത്തില്‍ നടത്താന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന യുപിഐ ലൈറ്റ് പുറത്തിറക്കി ഗൂഗിള്‍ പേ. യുപിഐ ലൈറ്റ് അക്കൗണ്ടില്‍ ദിവസത്തില്‍ രണ്ട് തവണയായി 2000 രൂപ വരെ ചേര്‍ക്കാന്‍ പറ്റും. ഒരു സമയം ഉപയോക്താവിന് 200 രൂപ വരെയുള്ള ഇടപാടുകള്‍ നടത്താന്‍ ഇത് അനുവദിക്കുന്നു.
ഗൂഗിള്‍ പേ ആപ്പ് ഉപയോക്താക്കള്‍ക്ക് അവരുടെ പ്രൊഫൈല്‍ പേജിലേക്ക് പോയി ആക്ടിവേറ്റ് യുപിഐ ലൈറ്റില്‍ ടാപ്പ് ചെയ്ത് കൊണ്ട് ഫീച്ചര്‍ ആക്ടീവേറ്റാക്കാം. ഇടപാട് പൂര്‍ത്തിയാക്കുന്നതിനായി ഉപയോക്താക്കള്‍ പേ പിന്‍-ഫ്രീ എന്നതില്‍ ടാപ്പ് ചെയ്താല്‍ മതി. 200 രൂപ വരെയുള്ള ഇടപാടുകള്‍ നടത്താനായി ആപ്പില്‍ പ്രത്യേകമായ ഒരു വാലറ്റ് ഉണ്ടായിരിക്കും.

യുപിഐ ലൈറ്റ് എനേബിള്‍ ചെയ്യുന്നതോടെ 200 രൂപയ്ക്ക് താഴെയുള്ള എല്ലാ പേയ്‌മെന്റുകള്‍ക്കുമായുള്ള തുക ഇതില്‍ നിന്നായിരിക്കും പോകുന്നത്. ഈ ഇടപാട് നടത്താന്‍ യുപിഐ പിന്‍ നല്‍കേണ്ടതില്ല. ചെറിയ ഇടപാടുകള്‍ ആയതിനാല്‍ തന്നെ ഇവ ബാങ്ക് സ്റ്റേറ്റ്‌മെന്റിലും പാസ്ബുക്കിലും രേഖപ്പെടുത്തില്ല.
വാലറ്റിലേക്ക് നിങ്ങള്‍ ചേര്‍ക്കുന്ന പണം മാത്രമെ സ്റ്റേറ്റ്‌മെന്റില്‍ കാണിക്കൂ. രാജ്യത്ത് ഡിജിറ്റല്‍ പേയ്മെന്റുകള്‍ കൂടുതല്‍ സ്വീകരിക്കുന്നതിന് ഇത്തരം മാര്‍ഗങ്ങള്‍ ഏറെ സഹായകരമാണ് എന്ന് ഗൂഗിള്‍ വിപി പ്രൊഡക്ട് മാനേജ്മെന്റ് അംബരീഷ് കെന്‍ഗെ പറഞ്ഞു. ഗൂഗിള്‍ പേ പ്ലാറ്റ്ഫോമില്‍ യുപിഐ ലൈറ്റ് അവതരിപ്പിക്കുന്നതിലൂടെ, സൗകര്യപ്രദവും വേഗത്തിലുള്ളതുമായ പേയ്മെന്റ് അനുഭവമാണ് ഉപയോക്താക്കള്‍ക്ക് പ്രദാനം ചെയ്യുന്നത് എന്നും അദ്ദേഹം പറഞ്ഞു.
യുപിഐ ഇടപാട് പ്രക്രിയ സുഗമമാക്കുന്നതിന് 2022 സെപ്റ്റംബറില്‍ ആണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ യുപിഐ ലൈറ്റ് ഫീച്ചര്‍ ആരംഭിച്ചത്. പതിനഞ്ച് ബാങ്കുകള്‍ നിലവില്‍ യുപിഐ ലൈറ്റിന് പച്ചക്കൊടി കാണിച്ചിട്ടുണ്ട്. വരും മാസങ്ങളില്‍ ഇത് കൂടുതല്‍ ബാങ്കുകളില്‍ പ്രവര്‍ത്തനക്ഷമമാകും.
രാജ്യത്തെ മൊത്തം റീട്ടെയില്‍ ഇടപാടുകളുടെ 75 ശതമാനവും മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ 100 രൂപയില്‍ താഴെയാണ് എന്നാണ് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ കണക്ക്. യുപിഐ ഇടപാടുകളുടെ 40-50% വരെ നടക്കുന്നത് 200 രൂപയില്‍ താഴെയാണെന്നും എന്‍പിസിഐ പറയുന്നു. ഗൂഗിള്‍ പേയെ കൂടാതെ മറ്റ് ആപ്പുകളും യുപിഐ ലൈറ്റ് പുറത്തിറക്കാനിരിക്കുകയാണ്.












Click it and Unblock the Notifications