ഗൂഗിള്‍ പേയിലാണോ മൊബൈല്‍ റീച്ചാര്‍ജ് ചെയ്യുന്നത്: ഇനി സൗജന്യമില്ല, ഈടാക്കുന്ന തുക ഇത്ര
ഗൂഗിള്‍ പേയിലാണോ നിങ്ങള്‍ റീച്ചാര്‍ജ് ചെയ്യുന്നത്. ഭൂരിഭാഗം പേരും അങ്ങനെ തന്നെയാണ് റീച്ചാര്‍ജ് ചെയ്യുന്നുണ്ടാവുക. ഇതിന് പ്രത്യേക തുകയൊന്നും ഗൂഗിള്‍ പേ വാങ്ങാറുമില്ല. വളരെ എളുപ്പത്തില്‍ തന്നെ ഈ റീച്ചാര്‍ജ് സാധ്യമാകും. ഏത് കണക്ഷനിലുമുള്ള റീച്ചാര്‍ജുകളും ഓഫറുകളുമെല്ലാം ഗൂഗിള്‍ പേയിലുണ്ട്. സാധാരണ മൊബൈല്‍ റീച്ചാര്‍ജുകള്‍ക്കായി എല്ലാവരും മൊബൈല്‍ ആപ്പുകളെയാണ് ആശ്രയിക്കാറുള്ളത്.
അതിന് മികച്ചൊരു ഓപ്ഷന്‍ തന്നെയാണ് ഗൂഗിള്‍ പേ. മൊബൈല്‍ റീച്ചാര്‍ജ് ആപ്പിള്‍ നിന്ന് ഗൂഗിള്‍ പേയിലോ മറ്റ് യുപിഐ ഐഡികളിലേക്കോ പോയാല്‍ മാത്രമേ റീച്ചാര്‍ജ് സാധ്യമാകൂ. എന്നാല്‍ ഗൂഗിള്‍ പേയില്‍ നേരിട്ട് തന്നെ പേമെന്റ് നടത്താം. പക്ഷേ ഇനി മുതല്‍ ഈ സേവനം സൗജന്യമായി നിങ്ങള്‍ക്ക് ലഭിക്കില്ല. അത് എന്തുകൊണ്ടാണെന്ന് നോക്കാം.ഇനി മുതല്‍ ഗൂഗിള്‍ പേയില്‍ റീച്ചാര്‍ജ് ചെയ്യണമെങ്കില്‍ മൂന്ന് രൂപ അധികമായി നല്‍കേണ്ടി വരും.

കണ്‍വീനിയന്‍സ് ഫീസായിട്ടാണ് ഇത് ഗൂഗിള്‍ പേ ഈടാക്കുക. ഗൂഗിള്‍ പേയില്‍ റീച്ചാര്‍ജ് ഓപ്ഷനുണ്ട്. ഇതിലൂടെ യുപിഐ ഇടപാടുകള്‍ നടത്തിയാലാണ് പണം നല്‍കേണ്ടി വരിക. ഗൂഗിള്‍ പേയിലൂടെ പ്രീപെയിഡ് പ്ലാനുകള്‍ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്കാണ് ഈ ഫീസുണ്ടാവുക. ഇത്തരം ട്രാന്‍സാക്ഷനുകള്‍ക്ക് അധികം പണം ഈടാക്കേണ്ടതില്ലെന്നായിരുന്നു ഗൂഗിള്‍ പേയുടെ മുമ്പുള്ള തീരുമാനം. എന്നാല്‍ പേടിഎം, ഫോണ്‍ പേ പോലുള്ള ആപ്പുകള്‍ അധിക പണം ഈടാക്കുന്നതിനാല്‍ അതേ വഴി ഗൂഗിള്‍ പേയും സ്വീകരിക്കുകയായിരുന്നു.
അതേസമയം ഗൂഗിള്‍ പേ ഇതുവരെ ഔദ്യോഗികമായി അധിക പണം ഈടാക്കുന്ന കാര്യം പ്രഖ്യാപിച്ചിട്ടില്ല. ഗൂഗിള്‍ പേയില്‍ ഇക്കാര്യം നോട്ടിഫിക്കേഷനായി നല്‍കിയിട്ടുമില്ല. ഒരു ഉപയോക്താവ് മൂന്ന് രൂപ അധികമായി ഈടാക്കുന്നതിന്റെ സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെയാണ് ഇക്കാര്യം എല്ലാവരും അറിഞ്ഞത്. 749 രൂപയുടെ ജിയോ പ്രീപെയിഡ് റീച്ചാര്‍ജ് ചെയ്‌പ്പോഴാണ് ഇക്കാര്യം അറിഞ്ഞതെന്നും ഈ യൂസര്‍ പറയുന്നു.
അതേസമയം കണ്‍വീനിയസ് ഫീസ് യുപിഐ ട്രാന്‍സാക്ഷനും അതുപോലെ കാര്‍ഡ് ഇടപാടുകള്‍ക്കും ഒരുപോലെ തന്നെ നല്‍കേണ്ടി വരും. ഇക്കാര്യത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ടിപ്‌സറ്റര്‍ മുകുള്‍ ശര്‍മ പങ്കുവെച്ചിട്ടുണ്ട്. ഗൂഗിള്‍ പേയുടെ പുതിയ തീരുമാനത്തില്‍ ചെറിയൊരു ട്വിസ്റ്റുണ്ട്. നൂറ് രൂപയില്‍ താഴെയാണ് നിങ്ങളുടെ റീച്ചാര്‍ജ് തുകയെങ്കില്‍ കണ്‍വീനിയസ് ഫീസ് നല്‍കേണ്ടി വരില്ല.
നൂറ് രൂപ മുതല്‍ 200 വരെയുള്ള റീച്ചാര്‍ജുകള്‍ക്ക് രണ്ട് രൂപയാണ് അധികമായി നല്‍കണ്ടത്. അതുപോലെ 200 മുതല്‍ 300 വരെയുള്ള റീച്ചാര്‍ജുകള്‍ക്ക് മൂന്ന് രൂപ നല്‍കേണ്ടിവരും. മൂന്നൂറ് രൂപയില്‍ കൂടുതല്‍ ആയാലും ഇതേ തുക തന്നെയാണ് നല്‍കേണ്ടി വരിക. നവംബര്‍ പത്തിന് വന്ന അപ്‌ഡേറ്റിന്റെ ഭാഗമാണോ പുതിയ തീരുമാനമെന്ന് ഗൂഗിള്‍ വ്യക്തമാക്കിയിട്ടില്ല. കമ്പനിയാണ് എത്ര തുക ഈടാക്കുന്നതെന്ന് തീരുമാനിക്കുകയെന്നും, ഇക്കാര്യത്തില്‍ വിവേചനാധികാരം ഉണ്ടെന്നും ഗൂഗിള്‍ പറഞ്ഞു.












Click it and Unblock the Notifications