ഐഫോൺ 18 പ്രോ മാക്സ് വാങ്ങാൻ പോക്കറ്റ് കീറും; വില കേട്ടാൽ ഞെട്ടും! കൂടാൻ കാരണം ഇത്
ആപ്പിൾ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഐഫോൺ 18 സീരീസ് വിപണിയിലെത്താൻ ഇനി ഏതാനും മാസങ്ങളാണ് ബാക്കിയുള്ളത്. എന്നാൽ അതിന് മുൻപ് തന്നെ ഫോണിന്റെ വിലയെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായിക്കഴിഞ്ഞു. ഐഫോൺ വാങ്ങാൻ പ്ലാനിടുന്നവർക്ക് അത്ര നല്ല വാർത്തകളല്ല ഇപ്പോൾ ടെക് ലോകത്ത് നിന്ന് പുറത്തുവരുന്നത്. വരാനിരിക്കുന്ന ഐഫോൺ 18 പ്രോ മാക്സിന് നിലവിലുള്ള മോഡലുകളേക്കാൾ വലിയ രീതിയിൽ വില കൂടുമെന്നാണ് സൂചനകൾ. എന്നാൽ ഇത് ആപ്പിൾ മനപ്പൂർവ്വം വില കൂട്ടുന്നത് കൊണ്ടല്ല, മറിച്ച് അവരുടെ കൈപ്പിടിയിൽ ഒതുങ്ങാത്ത ചില കാരണങ്ങൾ കൊണ്ടാണ്.
ആഗോള വിപണിയിൽ എഐ സാങ്കേതികവിദ്യയുടെ ഉപയോഗം കൂടിയതോടെ ഇതിനാവശ്യമായ ഡിറാം, നാൻഡ് മെമ്മറി ചിപ്പുകൾക്ക് വലിയ ഡിമാൻഡാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഈ ചിപ്പുകളുടെ വില വിപണിയിൽ കുത്തനെ ഉയർന്നു. പ്രമുഖ റിസർച്ച് കമ്പനിയായ കൗണ്ടർപോയിന്റിന്റെ റിപ്പോർട്ട് പ്രകാരം, ഐഫോൺ 18 പ്രോ മാക്സ് നിർമ്മിക്കാൻ ആവശ്യമായ പാർട്സുകൾക്ക് മാത്രം മുൻപത്തേക്കാൾ ഏകദേശം 300 ഡോളറോളം (ഇന്ത്യൻ രൂപയിൽ നോക്കിയാൽ 28,600 രൂപയോളം) അധികം ചിലവ് വരും. നിർമ്മാണ ചിലവ് ഇത്രയും കൂടുമ്പോൾ ആപ്പിൾ അതിന്റെ ഭാരം ഉപഭോക്താക്കളുടെ തലയിൽ തന്നെയായിരിക്കും കെട്ടിവെക്കുക.

പ്രതീക്ഷിക്കുന്ന പുതിയ വിലവിവരങ്ങൾ
നിലവിൽ ഇന്ത്യയിലുള്ള ഐഫോൺ 17 പ്രോ മാക്സിന്റെ വിലയുമായി ഈ തുക കൂട്ടിനോക്കിയാൽ വരാനിരിക്കുന്ന മോഡലിന്റെ വില ഏകദേശം ഇങ്ങനെയൊക്കെ ആയിരിക്കും.
256 ജിബി വേരിയന്റ്: ഏകദേശം 1,78,500 രൂപ (നിലവിൽ ഇത് 1,49,900 രൂപയാണ്)
512 ജിബി വേരിയന്റ്: ഏകദേശം 1,98,500 രൂപ
1 ടിബി വേരിയന്റ്: ഏകദേശം 2,18,500 രൂപ
2 ടിബി ടോപ്പ് വേരിയന്റ്: ഏകദേശം 2,58,500 രൂപ!
ഇതൊരു ഔദ്യോഗിക വിലയല്ലെങ്കിലും, ടാക്സും ആപ്പിളിന്റെ ലാഭവും കൂടി ചേരുമ്പോൾ ടോപ്പ് മോഡലുകളുടെ വില 2.5 ലക്ഷവും കടക്കുമെന്ന് ഉറപ്പാണ്. അടുത്തിടെ ഇന്ത്യയിൽ ഐപാഡ് എയറിനും മാക്ബുക്കുകൾക്കും ആപ്പിൾ വലിയ രീതിയിൽ വില കൂട്ടിയിരുന്നു. അതുകൊണ്ട് തന്നെ ഐഫോണിനും ഈ വിലക്കയറ്റം ഉണ്ടാകാൻ തന്നെയാണ് സാധ്യത.
വില കൂടുന്നതിനൊപ്പം ഈ ഫോണിൽ ആപ്പിളിന്റെ ഏറ്റവും വേഗതയേറിയ 'A20 പ്രോ' ചിപ്‌സെറ്റ് ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. വരുന്ന സെപ്റ്റംബറിലെ ആപ്പിൾ ഇവന്റിൽ ഐഫോൺ 18 പ്രോ മോഡലുകൾ പുറത്തിറങ്ങുമെങ്കിലും, ബഡ്ജറ്റ് മോഡലായ ഐഫോൺ 18 മോഡൽ വിപണിയിലെത്താൻ 2027 മാർച്ച് വരെ വൈകിയേക്കും. പ്രോ മോഡലുകളുടെ നിർമ്മാണ ചിലവ് കാരണം സാധാരണ ഫോണിന്റെ വില കൂടിപ്പോകാതിരിക്കാനും വിൽപ്പനയെ ബാധിക്കാതിരിക്കാനുമാണ് ആപ്പിൾ ഈ നീക്കം നടത്തുന്നത്. എന്തായാലും പുതിയ ഐഫോൺ പ്രോയും പ്രോ മാക്സും എടുക്കാൻ കാത്തിരിക്കുന്നവർ ഈ വിലക്കയറ്റം കൂടി മനസ്സിൽ കണ്ട് പണം കരുതിവെക്കുന്നത് നന്നായിരിക്കും.












Click it and Unblock the Notifications