ലാപ്‌ടോപ്പിന്റെ വില കൂടുമോ? കിട്ടാതാകുമോ..? വില്‍പനയില്‍ വമ്പന്‍ കുതിച്ചുചാട്ടമെന്ന് കമ്പനികള്‍
ഇറക്കുമതി നിയന്ത്രണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലാപ്‌ടോപ്പ് വില്‍പനയില്‍ വര്‍ധന. ഈ വാരാന്ത്യത്തില്‍ കഴിഞ്ഞ വാരാന്ത്യത്തേക്കാള്‍ 25 ശതമാനം അധികം വര്‍ധനയാണ് ലാപ്‌ടോപ്പ്, ടാബ്ലെറ്റ് വില്‍പനയില്‍ ഉണ്ടായിരിക്കുന്നത് എന്ന് വ്യാപാരികള്‍ പറയുന്നു. ചില്ലറ വ്യാപാര കേന്ദ്രങ്ങളിലും ഇ-കൊമേഴ്സ് സൈറ്റുകളിലും ലാപ്‌ടോപ്പ് വില്‍പനയില്‍ ഗണ്യമായ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.
ക്ഷാമം, വില വര്‍ധന എന്നിവ മുന്‍നിര്‍ത്തിയാണ് ആളുകള്‍ ലാപ്‌ടോപ്പ് വാങ്ങുന്നത് കൂടിയിരിക്കുന്നത്. ഇ-കൊമേഴ്‌സ് സൈറ്റുകളായ ഫ്‌ളിപ്പ്കാര്‍ട്ടിലും ആമസോണിലും ഫ്രീഡം സെയിലിന്റെ ഭാഗമായി ലാപ്ടോപ്പ് വില്‍പ്പനയില്‍ വലിയ കുതിച്ചുചാട്ടം നടത്തിയിട്ടുണ്ട്. തിങ്കളാഴ്ചയും ഗണ്യമായ എണ്ണം ലാപ്‌ടോപ്പുകള്‍ വിറ്റിട്ടുണ്ടെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ലാപ്ടോപ്പുകള്‍, ടാബ്ലെറ്റുകള്‍, ഓള്‍-ഇന്‍-വണ്‍-പേഴ്സണല്‍ കമ്പ്യൂട്ടറുകള്‍, അള്‍ട്രാ-സ്‌മോള്‍ ഫാക്ടര്‍ കമ്പ്യൂട്ടറുകള്‍, സെര്‍വറുകള്‍ എന്നിവ ഇറക്കുമതി ചെയ്യുന്നതിന് ലൈസന്‍സ് ആവശ്യമാണെന്ന് സര്‍ക്കാര്‍ അറിയിച്ചത്. ഒക്ടോബര്‍ 31 വരെ ലൈസന്‍സില്ലാതെ ഈ ഉല്‍പ്പന്നങ്ങളുടെ ഷിപ്പ്മെന്റുകള്‍ ക്ലിയര്‍ ചെയ്യാം എന്ന് സര്‍ക്കാര്‍ പിന്നീട് അറിയിക്കുകയും ചെയ്തിരുന്നു.
അതിനാല്‍ ഈ ഉപകരണങ്ങളുടെ വിതരണത്തില്‍ നവംബറോടെ കുറവുണ്ടാകുമെന്ന ആശങ്ക പടര്‍ന്നിട്ടുണ്ട്. ലൈസന്‍സിംഗ് നിര്‍ബന്ധമാക്കിയാല്‍ വില വര്‍ധനയും ക്ഷാമവും ഉണ്ടാകുമെന്ന ആശങ്ക കാരണം കഴിഞ്ഞ രണ്ട് ദിവസമായി വില്‍പ്പന കുതിച്ചുയര്‍ന്നിട്ടുണ്ടെന്ന് പ്രമുഖ ഇലക്ട്രോണിക്‌സ് റീട്ടെയില്‍ ശൃംഖല വിജയ് സെയില്‍സിന്റെ ഡയറക്ടര്‍ നിലേഷ് ഗുപ്ത പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ടാബ്ലെറ്റുകളുടെ ഡിമാന്‍ഡ് വര്‍ധിച്ചതായി ഷവോമി ഇന്ത്യ വക്താവും പറയുന്നു.
എന്നാല്‍ ഇറക്കുമതിക്ക് ലൈസന്‍സും പെര്‍മിറ്റും നല്‍കുന്നതില്‍ കാലതാമസമുണ്ടാകില്ലെന്നും ഈ നീക്കം ഉല്‍പ്പന്ന വിലയില്‍ ഒരു സ്വാധീനവും ചെലുത്തില്ലെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. പ്രാദേശികമായി വില്‍ക്കുന്ന ലാപ്ടോപ്പുകളുടെയും ടാബ്ലെറ്റുകളുടെയും 30 - 35% നിലവില്‍ ഇന്ത്യയില്‍ അസംബിള്‍ ചെയ്തവയാണ്. 2022 - 23 സാമ്പത്തിക വര്‍ഷത്തില്‍ 8.8 ബില്യണ്‍ ഡോളറിന്റെ ഐടി ഹാര്‍ഡ്വെയര്‍ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യ ഇറക്കുമതി ചെയ്തു.
അതേസമയം സൈബര്‍ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായാണ് ലാപ്‌ടോപ് ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നാണ് ഐ ടി മന്ത്രാലയ വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. വിപണിയില്‍ കാര്യമായ തിരിച്ചടിയുണ്ടാകും എന്ന് ബോധ്യമായതോടെ ആണ് ലൈസന്‍സിംഗ് ഹ്രസ്വകാലത്തേക്കെങ്കിലും നീട്ടിവെക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.












Click it and Unblock the Notifications