ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും ആഗോളതലത്തില്‍ 'പണിമുടക്കി'; പരിഹസിച്ച് മസ്‌ക്
ജനപ്രിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ത്രെഡ്സ്, മെസഞ്ചര്‍ എന്നിവ ഇന്ത്യയടക്കം നിരവധി രാജ്യങ്ങളില്‍ പണിമുടക്കി. ഇന്ന് രാത്രി ഒമ്പത് മണിയോടെയാണ് മെറ്റ നിയന്ത്രിക്കുന്ന പ്ലാറ്റ്ഫോമുകള്‍ പ്രവര്‍ത്തനരഹിതമായത്. ഇന്ത്യയിലെയും മറ്റ് നിരവധി രാജ്യങ്ങളിലെയും ആയിരക്കണക്കിന് ഉപയോക്താക്കള്‍ക്ക് ഈ ആപ്പുകള്‍ പ്രവര്‍ത്തനരഹിതമായതായി ട്രാക്കിംഗ് വെബ്സൈറ്റ് ഡൗണ്‍ഡിറ്റക്ടര്‍ പറഞ്ഞു.
റിപ്പോര്‍ട്ട് ചെയ്ത തകരാര്‍ സംഭവിച്ച് ഒരു മണിക്കൂറിനുള്ളില്‍ ഫേസ്ബുക്ക് അതിന്റെ പ്രവര്‍ത്തനങ്ങള്‍ പുനഃസ്ഥാപിക്കുകയും സാധാരണ പോലെ പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയും ചെയ്തു. മെറ്റാ ക്വസ്റ്റും സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. മറുവശത്ത്, ഇന്‍സ്റ്റാഗ്രാമും ത്രെഡുകളും ഇപ്പോഴും ലോഡ് ചെയ്യുന്നതില്‍ പിശക് കാണിക്കുന്നുണ്ട് എന്ന ഉപയോക്താക്കള്‍ പറയുന്നു.

ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് ആപ്പുകള്‍ ലോഡുചെയ്യാനും സന്ദേശങ്ങള്‍ കൈമാറാനും ഫീഡുകള്‍ അപ്‌ഡേറ്റ് ചെയ്യാനും കഴിഞ്ഞില്ല. ഫേസ്ബുക്കില്‍ 300,000-ലധികം പേരാണ് പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്തത്. ഇന്‍സ്റ്റാഗ്രാമില്‍ 20,000-ത്തിലധികം റിപ്പോര്‍ട്ടുകള്‍ ഉണ്ടെന്ന് വെബ്സൈറ്റ് പറയുന്നു. നിരവധി ഉപയോക്താക്കള്‍ അവരുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് ലോഗ് ഔട്ട് ചെയ്യപ്പെട്ടു.
തകരാര്‍ കാരണം പലര്‍ക്കും തിരികെ ലോഗിന്‍ ചെയ്യാന്‍ കഴിയുന്നില്ല. 'ഞങ്ങളുടെ സേവനങ്ങള്‍ ആക്സസ് ചെയ്യുന്നതില്‍ ആളുകള്‍ക്ക് പ്രശ്നമുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. ഞങ്ങള്‍ ഇപ്പോള്‍ അതിനായി പ്രവര്‍ത്തിക്കുകയാണ്,' മെറ്റാ വക്താവ് ആന്‍ഡി സ്റ്റോണ്‍ പറഞ്ഞു. ട്രാക്കിംഗ് വെബ്സൈറ്റ് ഡൗണ്‍ഡിറ്റക്ടറും തകരാറുകള്‍ ട്രാക്ക് ചെയ്യുന്നുണ്ട്. അതേസമയം സംഭവത്തില്‍ മെറ്റാ പ്രതികരിച്ചിട്ടില്ല.
സെര്‍വറുകള്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ എത്ര സമയമെടുക്കുമെന്ന് വ്യക്തമല്ല. എന്നാല്‍ മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്‌സാപ്പ് ഇതുവരെ ഒരു തകരാറും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പുതുതായി ആരംഭിച്ച മൈക്രോ ബ്ലോഗിംഗ് സൈറ്റും എക്‌സിന്റെ എതിരാളിയുമായ ത്രെഡിലും റിപ്പോര്‍ട്ടുകള്‍ കുറവാണ്. അതേസമയം മെറ്റാ ആപ്പുകള്‍ തകരാറിലായതോടെ എക്‌സില്‍ ഇന്‍സ്റ്റഗ്രാം ഡൗണ്‍ ഹാഷ്ടാഗുകള്‍ വൈറലായി.
സംഭവത്തില്‍ എക്സിന്റെ ഉടമയായ എലോണ്‍ മസ്‌ക് പരിഹാസ രൂപേണ ട്വീറ്റുമായി രംഗത്തെത്തി. 'നിങ്ങള്‍ ഈ പോസ്റ്റ് വായിക്കുന്നുണ്ടെങ്കില്‍ അത് ഞങ്ങളുടെ സെര്‍വറുകള്‍ പ്രവര്‍ത്തിക്കുന്നതാണ്,' എന്നായിരുന്നു എലോണ്‍ മസ്‌ക് പറഞ്ഞത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ വാട്‌സാപ്പ് ഉള്‍പ്പെടെയുള്ള മെറ്റാ പ്ലാറ്റ്ഫോമുകളില്‍ വലിയൊരു തകരാര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. പിന്നീടാണ് സര്‍വീസുകള്‍ പുനഃസ്ഥാപിച്ചത്.
അതേവര്‍ഷം ജൂണിലും സമാനമായ പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് ആഴ്ചകള്‍ക്ക് ശേഷമാണ് ജൂലൈയിലെ തടസ്സം ഉണ്ടായത്.












Click it and Unblock the Notifications