സ്കൈപ്പ് അടച്ചുപൂട്ടൂന്നു; അവസാനിപ്പിക്കുന്നത് 22 വർഷത്തെ സേവനം: പകരം ഇനി മൈക്രോസോഫ്റ്റ് ടീംസ്
വീഡിയോ കോണ്‍ഫറന്‍സ് പ്ലാറ്റ്‌ഫോമായ സ്കൈപ്പ് അടച്ചുപൂട്ടാന്‍ തീരുമാനിച്ച് മൈക്രോസോഫ്റ്റ്. മെയ് മാസം അഞ്ചാം തിയതി മുതല്‍ സ്കൈപ്പ് ഉപയോക്താക്കള്‍ക്ക് ലഭിക്കില്ല. 2003 ല്‍ പ്രവർത്തനം ആരംഭിച്ച സ്കൈപ്പിന്റെ സേവനം പഴയതുപോലെ ജനപ്രിയമല്ലെങ്കിലും, 36 ദശലക്ഷത്തിലധികം ആളുകൾ തങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സഹപ്രവർത്തകരുമായും ബന്ധപ്പെടാൻ ദിവസവും സ്കൈപ്പിന്റെ സേവനം ഉപയോഗിച്ചതായി മൈക്രോസോഫ്റ്റ് അവകാശപ്പെടുന്നു.
എന്തായിരുന്നു സ്കൈപ്പ്
ലോകത്തിലെ ആദ്യ വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനങ്ങളിലൊന്നാണ് സ്കൈപ്പ്. നിക്ലാസ് സെൻസ്ലോം, ജാനസ് ഫ്രീസ് എന്നീ വ്യവസായ സംരംഭകർ ആരംഭിച്ച സേവനം വളരെ പെട്ടെന്ന് തന്നെ ജനപ്രിയമായി മാറി. വീഡിയോ കോണ്‍ഫറന്‍സ്, വോയിസ് കോള്‍, ഇന്‍സ്റ്റന്‍റ് മെസേജിംഗ്, ഫയല്‍ ട്രാന്‍സ്‌ഫര്‍ സേവനങ്ങള്‍ എന്നിവയാണ് സ്കൈപ്പ് പ്രധാനമായും ഉപയോക്താക്കള്‍ക്ക് നല്‍കിയ സേവനങ്ങള്‍. വിവിധ ഡെസ്‌ക്ടോപ്പ്, മൊബൈല്‍ വേര്‍ഷനുകളില്‍ ലഭ്യമായ സ്കൈപ്പ് 2011ല്‍ അമേരിക്കന്‍ ടെക് ഭീമനായ മൈക്രോസോഫ്റ്റ് 8.5 ബില്യണ്‍ ഡോളറിന് ഏറ്റെടുക്കുകയായിരുന്നു.

വിന്‍ഡോസ് ലൈവ് മെസഞ്ചറിന് പകരക്കാരനായി മൈക്രോസോഫ്റ്റ് സ്കൈപ്പിനെ അവതരപ്പിച്ചു. ഐമെസേജിന് വെല്ലുവിളി ഉയർത്തുന്നതിനായി ടെക് ഭീമൻ സ്കൈപ്പിനെ രണ്ടുതവണ പുനർരൂപകൽപ്പന ചെയ്യുകയും വിൻഡോസ്, ഇപ്പോൾ നിലവില്ലാത്ത വിൻഡോസ് ഫോണുകൾ, എക്സ്ബോക്സ് തുടങ്ങിയ സ്വന്തം ഉൽപ്പന്നങ്ങളുമായും സംയോജിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.
ഏറ്റെടുത്തതിനുശേഷം, സ്കൈപ്പ് ക്ലിപ്പുകൾ പോലുള്ള പുതിയ സവിശേഷതകൾ പരീക്ഷിച്ചും പുറത്തിറക്കിയും കഴിഞ്ഞ വർഷം കോപൈലറ്റ് എഐ സേവനം ഉള്‍പ്പെടുത്തിയും മൈക്രോസോഫ്റ്റ് സ്കൈപ്പിനെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ കോവിഡ്-19 പാൻഡെമിക് സമയത്ത് സേവനം ജനപ്രിയമാക്കുന്നതിൽ കമ്പനി പരാജയപ്പെട്ടതിനെത്തുടർന്ന് സൂം അടക്കമുള്ള മറ്റ് ജനപ്രിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും സ്കൈപ്പ് വലിയ തോതില്‍ വെല്ലുവിളി നേരിടേണ്ടി വന്നു.
2017ല്‍ ലോഞ്ച് ചെയ്ത മൈക്രോസോഫ്റ്റ് ടീംസ് സ്കൈപിന് ബദലായി ഉപയോഗിക്കാൻ തുടങ്ങിയത് സ്കൈപ്പിന്റെ പ്രാചാരം കുറച്ചു. സ്കൈപ് നൽകുന്ന സേവനങ്ങൾക്കു പുറമെ ഫയല്‍ സ്റ്റോറേജ് ഉൾപ്പെടെയുള്ള ഓപ്ഷനും മൈക്രോസോഫ്റ്റ് ടീംസിലുണ്ട്. അതേസമയം സ്കൈപ്പ് ഉപയോഗിക്കുന്നവർക്ക് നിലിവിലെ പാസ് വേഡും യൂസർനെയിമും ഉപയോഗിച്ച് ടീംസിന്റെ പ്രവർത്തനം ഉപയോഗിക്കാം.
"വരും ദിവസങ്ങളിൽ, സ്കൈപ്പ് ഉപയോക്താക്കൾക്ക് അവരുടെ സ്കൈപ്പ് ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ടീംസിലേക്ക് (സൗജന്യമായി) സൈൻ ഇൻ ചെയ്യാനുള്ള കഴിവ് ഞങ്ങൾ പുറത്തിറക്കും" മൈക്രോസോഫ്റ്റ് പറയുന്നു. ഉപയോക്താക്കൾ അവരുടെ സ്കൈപ്പ് അക്കൗണ്ട് ഉപയോഗിച്ച് ടീമുകളിലേക്ക് ലോഗിൻ ചെയ്യുമ്പോൾ അതുവരെ നടത്തിയ ചാറ്റുകളും കോൺടാക്റ്റുകളും ആപ്പിലേക്ക് സ്വയമേവ തന്നെ കൂട്ടിച്ചേർക്കപ്പെടുമെന്നും മൈക്രോസോഫ്റ്റ് അറിയിച്ചു.












Click it and Unblock the Notifications