വിമാനങ്ങള്‍ക്ക് പുതിയ ഭീഷണി; കാരണം മസ്‌കിന്റെ സ്‌പേസ് എക്സ് റോക്കറ്റുകള്‍; പരിഹാരം തേടി വിമാനക്കമ്പനികള്‍
സിഡ്‌നി: ബഹിരാകാശ അവശിഷ്ടങ്ങള്‍ ഭൂമിക്കു ഭീഷണിയായി മാറുന്ന സംഭവങ്ങള്‍ ലോകത്ത് പലയിടത്തും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ മാസം ആദ്യം കെനിയയിലെ ഒരു ഗ്രാമത്തില്‍ വന്നു പതിച്ച 500 കിലോ ഭാരമുള്ള വലിയ ലോഹ വളയം ഇത്തരം ആശങ്കകള്‍ക്ക് ആക്കം കൂട്ടുന്നതാണ്.
സ്വകാര്യ കമ്പനികള്‍ കൂടി ബഹിരാകാശത്തെ കിട മത്സരത്തിന്റെ ഭാഗമായതോടെ ഭൂമിയില്‍ നിന്നു വിക്ഷേപിക്കുന്ന ഉപഗ്രഹങ്ങളുടെ എണ്ണവും വലിയ തോതില്‍ വര്‍ധിച്ചു.
സ്‌പേസ് ജങ്ക് എന്നറിയപ്പെടുന്ന ബഹിരാകാശ മാലിന്യങ്ങള്‍ വര്‍ധിച്ചതോടെ ഇതുയര്‍ത്തുന്ന ഭീഷണികള്‍ പല വിധത്തിലാണ് മനുഷ്യരെ ബാധിക്കുന്നത്. ഇപ്പോഴിതാ വിമാനങ്ങള്‍ക്കും ഇത്തരം 'മാലിന്യങ്ങള്‍' ഭീഷണിയാകുന്നത് ആശങ്കയോടെയാണ് വ്യോമയാന വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

വിമാനങ്ങള്‍ വൈകുന്ന സംഭവങ്ങള്‍ പതിവാണെങ്കിലും കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയന്‍ വിമാനക്കമ്പനിയായ ക്വാണ്ടസ് തങ്ങളുടെ സര്‍വീസുകള്‍ വൈകിയതിന് പറഞ്ഞ കാരണം വിചിത്രമാണ്.
സ്‌പേ്‌സ് എക്‌സിന്റെ റോക്കറ്റുകളുമായി കൂട്ടിയിടിക്കാന്‍ സാധ്യതയുണ്ടെന്ന ആശങ്കയില്‍ ക്വാണ്ടസിന്റെ നിരവധി വിമാന സര്‍വീസുകളാണ് വൈകിപ്പിച്ചത്. അമേരിക്കന്‍ ശതകോടീശ്വരനായ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ബഹിരാകാശ വിക്ഷേപണ കമ്പനിയായ സ്‌പേസ് എക്‌സിന്റെ റോക്കറ്റുകളാണ് വിമാനങ്ങള്‍ക്ക് ഭീഷണിയായി മാറിയത്.
ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ മുകളില്‍ റോക്കറ്റിന്റെ ഭാഗങ്ങള്‍ ഭൂമിയിലേക്ക് തിരിച്ചിറക്കുന്ന റീ-എന്‍ട്രി പ്രക്രിയ വിമാനങ്ങള്‍ക്ക് അപകട ഭീഷണി ഉയര്‍ത്തുമെന്ന് അമേരിക്കന്‍ സര്‍ക്കാര്‍ ക്വാണ്ടസ് എയര്‍ലൈന്‍സിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതുമൂലം സിഡ്‌നിക്കും ജൊഹന്നാസ്ബര്‍ഗിനും ഇടയിലുള്ള തങ്ങളുടെ നിരവധി വിമാന സര്‍വീസുകളാണ് അടുത്തിടെ വൈകിയതെന്ന് ക്വാണ്ടസ് അധികൃതരെ ഉദ്ധരിച്ച് 'ദി ഗാര്‍ഡിയന്‍' റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷ പരമാവധി ഉറപ്പാക്കാന്‍ ആറു മണിക്കൂര്‍ വരെയാണ് വിമാനങ്ങള്‍ വൈകിയത്.
അവസാന നിമിഷമാണ് റോക്കറ്റ് റീ-എന്‍ട്രിയെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചത്. ഇതോടെ വിമാനങ്ങള്‍ പറന്നുയരുന്നതിനു തൊട്ടുമുന്‍പാണ് മുന്‍കരുതല്‍ സ്വീകരിക്കേണ്ടി വന്നത്. വിമാനങ്ങള്‍ വൈകിയത് യാത്രക്കാരെയും വലച്ചു. സ്പേസ് എക്സ് റോക്കറ്റുകള്‍ കാരണം ദക്ഷിണാഫ്രിക്കന്‍ എയര്‍വേയ്സും സമാനമായ പ്രതിസന്ധി നേരിടുന്നുണ്ട്.
ഈ പ്രക്രിയ ഭാവിയില്‍ കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഈ രംഗത്തുള്ളവര്‍ മുന്നറിയിപ്പ് നല്‍കുന്നത്. 2018-ല്‍ സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ വിക്ഷേപണം 563 വിമാനങ്ങളെയാണ് ബാധിച്ചത്. ഭാവിയില്‍ ഇത്തരം പ്രതിസന്ധികള്‍ പരിഹരിക്കാനുള്ള വഴികളാണ് വിമാനക്കമ്പനികള്‍ തേടുന്നത്.
ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ബഹിരാകാശയാത്രികരെ ചന്ദ്രനിലേക്ക് അയ്ക്കാനും അവിടെ മനുഷ്യരുടെ കോളനി തന്നെ സ്ഥാപിക്കാന്‍ പദ്ധതിയിടുന്ന മസ്‌കിന്റെ സ്‌പേസ് എക്സ് റോക്കറ്റുകള്‍ ഭൂമിക്കു സൃഷ്ടിക്കുന്ന ഭീഷണികള്‍ ചെറുതല്ല.
കാലാവധി കഴിഞ്ഞതും ഉപയോഗ ശൂന്യവുമായ നിരവധി റോക്കറ്റുകളുടെയും ഉപഗ്രഹങ്ങളുടെയും അവശിഷ്ടങ്ങള്‍ അതിവേഗത്തിലാണ് ഭൂമിക്കു ചുറ്റും കറങ്ങുന്നത്. ഇവ ബഹിരാകാശ യാത്രികര്‍ക്കും ഭൂമിക്കും ഒരുപോലെ ഭീഷണി ഉയര്‍ത്തുന്നുണ്ട്. 2022-ല്‍ സ്‌പേസ് എസ്‌ക് ഡ്രാഗണ്‍ ബഹിരാകാശ പേടകത്തിന്റെ ഭാഗം ഓസ്‌ട്രേലിയയിലെ ആട് വളര്‍ത്തല്‍ ഫാമില്‍ വീണിരുന്നു.
പുതിയ സാങ്കേതിക വിദ്യയിലൂടെ റോക്കറ്റിന്റെ ഭാഗങ്ങള്‍ ഭൂമിയിലേക്ക് തിരിച്ചിറക്കാന്‍ കഴിയുന്നത് ആശ്വാസകരമാണ്.












Click it and Unblock the Notifications