വണ്‍പ്ലസ് ഓപ്പണിന് വിപണി അത്ര 'ഓപ്പണല്ല'; ഈ ഫോണുകളെ കീഴടക്കിയാല്‍ കഥ മാറും..!!
ചുരുങ്ങിയ കാലം കൊണ്ട് സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ തങ്ങളുടേതായ സ്ഥാനം കണ്ടെത്തിയ ബ്രാന്‍ഡാണ് വണ്‍പ്ലസ്. ഏറ്റവും ഒടുവില്‍ ഫോള്‍ഡബിള്‍ ഫോണ്‍ പുറത്തിറക്കി കൊണ്ട് തങ്ങളുടെ മുന്‍ഗാമികളുമായി നേരിട്ട് മത്സരിക്കാന്‍ തയ്യാറാണ് എന്നാണ് വണ്‍പ്ലസ് ആഹ്വാനം ചെയ്തിരിക്കുന്നത്. വണ്‍പ്ലസ് ഓപ്പണ്‍ എന്ന ഫോള്‍ഡബിള്‍ ഫോണ്‍ ഒരു പ്രീമിയം ഹൈ-എന്‍ഡ് ഫ്‌ലാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണാണ്.
തിളങ്ങുന്ന ഡിസ്‌പ്ലേ അടക്കം ആകര്‍ഷകമായ ഫീച്ചറുകളുമായാണ് വണ്‍പ്ലസ് എത്തിയിരിക്കുന്നത്. എന്നാല്‍ ഫോള്‍ഡബിള്‍ ശ്രേണിയില്‍ എല്ലാ പ്രമുഖ കമ്പനികളും തങ്ങളുടേതായ പതിപ്പ് പുറത്തിറക്കിയിരിക്കുന്നതിനാല്‍ വണ്‍പ്ലസ് ഓപ്പണിന് വിപണി കീഴടക്കുക എന്നത് അത്ര എളുപ്പമായിരിക്കില്ല. ആപ്പിളും സാംസങുമടക്കം മറ്റ് ഏതൊക്കെ ഫോണുകളായിരിക്കും വണ്‍പ്ലസ് ഓപ്പണിന് വെല്ലുവിൡസൃഷ്ടിക്കുക എന്ന് നോക്കാം.

വണ്‍പ്ലസ് ഓപ്പണിന്റെ ഏറ്റവും വലിയ മത്സരം അതിന്റെ മാതൃ കമ്പനിയായ ഓപ്പോയുമായിട്ടായിരിക്കും. അടുത്തിടെ ഓപ്പോ ഫൈന്റ് എന്‍3 പ്രഖ്യാപിച്ചിരുന്നു. വണ്‍പ്ലസ് ഓപ്പണിന് സമാനമായ ഓപ്പോ ഫൈന്‍ എന്‍3യില്‍ സോഫ്റ്റ്വെയര്‍ മാത്രമാണ് പ്രധാന വ്യത്യാസം. ഗോള്‍ഡ്, ചുവപ്പ് അടക്കമുള്ള കളര്‍ വേരിയന്റുകളിലാണ് ഓപ്പോ ഈ ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. വണ്‍പ്ലസ് ഓപ്പണുമായി താരതമ്യം ചെയ്യുമ്പോള്‍ കളര്‍ ഓപ്ഷനുകള്‍ ഇതിന് കൂടുതലാണ്.
എന്നിരുന്നാലും ഓപ്പോ ഫൈന്റ് എന്‍3 തിരഞ്ഞെടുത്ത വിപണികളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നതിനാല്‍ ഇന്ത്യ പോലുള്ള വിപണികളില്‍ വണ്‍പ്ലസ് ഓപ്പണിന് നേരിയ മുന്‍തൂക്കം അവകാശപ്പെടാം. സാസങിന്റെ ഗാലക്‌സി ഫോള്‍ഡ് 5 ആണ് വണ്‍പ്ലസ് ഓപ്പണിന് വെല്ലുവിളിയാകുന്ന മറ്റൊരു ഫോണ്‍. മറ്റ് ഫോള്‍ഡബിള്‍ ഫോണുകളേക്കാള്‍ മെച്ചപ്പെട്ട ഫീച്ചേഴ്‌സാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.
1 ടിബി വരെ ഇന്റേണല്‍ സ്റ്റോറേജ് വാഗ്ദാനം ചെയ്യുന്ന ഈ സാംസങ് ഗാലക്‌സി ഫോള്‍ഡ് 5 ഉയര്‍ന്ന ഇന്റേണല്‍ സ്റ്റോറേജുള്ള ഫോണ്‍ തേടുന്ന ഉപയോക്താക്കളുടെ ഫസ്റ്റ് ഓപ്ഷനായിരിക്കും. ഫോള്‍ഡബിള്‍ ഫോണിന്റെ വിപണിയില്‍ സാംസങ് വ്യക്തമായും മുന്നിലാണ്. അതിനാല്‍ തന്നെ വണ്‍പ്ലസിന് ഫോള്‍ഡബിളുകളുടെ ലോകത്ത് ട്രെന്‍ഡ് സൃഷ്ടിക്കണമെങ്കില്‍ സമാനമായ ഉപയോക്തൃ അനുഭവം നല്‍കേണ്ടതുണ്ട്.
ആപ്പിള്‍ ഐഫോണ്‍ 15 പ്രോ മാക്സ് ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ ഓളമുണ്ടാക്കിയ മുന്‍നിര പ്രീമിയം സ്മാര്‍ട്ട്ഫോണാണ്. അടുത്ത വര്‍ഷം സെപ്തംബര്‍ വരെ ആപ്പിള്‍ ഈ മെഡല്‍ നിലനിര്‍ത്താന്‍ സാധ്യതയുണ്ട്. ഫോള്‍ഡബിള്‍ ഫോണല്ലെങ്കിലും ഐഫോണ്‍ 15 പ്രോ മാക്‌സ് വണ്‍പ്ലസ് ഓപ്പണിന് കടുത്ത മത്സരം നല്‍കുന്നു. വില വെച്ച് നോക്കുമ്പോള്‍ വണ്‍പ്ലസ് ഓപ്പണ്‍ അല്‍പം കൂടി ബജറ്റ് ഫ്രണ്ട്‌ലിയാണെങ്കിലും ആപ്പിളിന്റെ ബ്രാന്‍ഡ് മൂല്യം വാഗ്ദാനം ചെയ്‌തേക്കില്ല.
ഗൂഗിള്‍ പിക്‌സല്‍ 8 പ്രോയാണ് വണ്‍പ്ലസ് ഓപ്പണിന് മറ്റൊരു തലവേദനയാകുക. ആകര്‍ഷകമായ വിലയും മെച്ചപ്പെട്ട ഫീച്ചേഴ്‌സുമാണ് ഗൂഗിള്‍ പിക്‌സല്‍ അതിന്റെ എല്ലാ പതിപ്പിലും വാഗ്ദാനം ചെയ്യുന്നത്. ഇത് തന്നെയാണ് ഗൂഗിള്‍ പിക്‌സല്‍ 8 പ്രോയിലും കാണാനാകുന്നത്. വണ്‍പ്ലസ് ഓപ്പണിന് ഹാസല്‍ബ്ലാഡ്-ട്യൂണ്‍ ചെയ്ത ക്യാമറയുണ്ടെങ്കിലും ഫോട്ടോകളും ചിത്രങ്ങളും മിഴിവേറിയതും ഉജ്ജ്വലവുമാക്കാന്‍ ഗൂഗിള്‍ പിക്‌സല്‍ 8 പ്രോ സോഫ്റ്റ്വെയര്‍ സഹായം ഉപയോഗിക്കുന്നു.












Click it and Unblock the Notifications