ബാങ്ക് അക്കൗണ്ട് കാലിയാകാൻ ഒരൊറ്റ ക്ലിക്ക് മതി; പുതിയ തട്ടിപ്പുമായി സംഘം
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) തങ്ങളുടെ ഉപഭോക്താക്കൾക്ക് പുതിയ തട്ടിപ്പിനെതിരെ കർശനമായ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ബാങ്കിന്റെ ഔദ്യോഗിക കത്തുകൾ എന്ന വ്യാജേന ഉപഭോക്താക്കൾക്ക് ലഭിക്കുന്ന സന്ദേശങ്ങളും അതിലെ ആപ്പ് ലിങ്കുകളും വഴി പണം തട്ടുന്ന സംഘം സജീവമാണെന്ന് ബാങ്ക് വ്യക്തമാക്കി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് (X) ബാങ്ക് ഈ സുപ്രധാന വിവരം പങ്കുവെച്ചത്.
എന്താണ് ഈ തട്ടിപ്പ്?
ബാങ്കിൽ നിന്നുള്ള ഔദ്യോഗിക അറിയിപ്പുകൾ എന്ന രീതിയിൽ "ബാങ്ക് ലെറ്ററുകൾ", "കെവൈസി (KYC) അലേർട്ടുകൾ" എന്നിവയാണ് തട്ടിപ്പുകാർ അയക്കുന്നത്. ഇതിനൊപ്പം ഒരു ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള എപികെ (APK) ലിങ്കും ഉണ്ടാകും. പാൻ കാർഡ് അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ അക്കൗണ്ട് പ്രവർത്തനരഹിതമാകുമെന്ന തരത്തിലുള്ള ഭയപ്പെടുത്തുന്ന സന്ദേശങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. ചിലപ്പോൾ ഒരു ബ്രാഞ്ച് മാനേജരുടെ പേരിൽ വിശ്വസനീയമായ രീതിയിലും ഇത്തരം സന്ദേശങ്ങൾ വരാം.
ഒരു ക്ലിക്ക്, അക്കൗണ്ട് കാലിയാകും
ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതോടെ നിങ്ങളുടെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാർക്ക് ലഭിക്കും. ഇത് അക്കൗണ്ടിലെ പണം മുഴുവൻ നഷ്ടപ്പെടാൻ കാരണമാകും. ഇത്തരം ലിങ്കുകൾ വഴി ലഭിക്കുന്ന അജ്ഞാതമായ എപികെ ഫയലുകൾ യാതൊരു കാരണവശാലും ഇൻസ്റ്റാൾ ചെയ്യരുതെന്ന് എസ്ബിഐ നിർദ്ദേശിക്കുന്നു.

സുരക്ഷിതരാകാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഔദ്യോഗിക സ്റ്റോറുകൾ മാത്രം ഉപയോഗിക്കുക: ബാങ്കിംഗ് ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ ഗൂഗിൾ പ്ലേ സ്റ്റോർ അല്ലെങ്കിൽ ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവ മാത്രം ഉപയോഗിക്കുക.
അജ്ഞാത ലിങ്കുകൾ ഒഴിവാക്കുക: വാട്ട്‌സ്ആപ്പ്, എസ്എംഎസ് എന്നിവയിലൂടെ വരുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്.
ഡെവലപ്പറെ പരിശോധിക്കുക: ഒരു ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പ് അത് നിർമ്മിച്ചിരിക്കുന്നത് ആരാണെന്ന് പരിശോധിക്കുക. ഒറിജിനൽ ബ്രാൻഡുകളുടെ പേരിനോട് സാമ്യമുള്ള പേരുകൾ തട്ടിപ്പുകാർ ഉപയോഗിക്കാറുണ്ട്.
റിവ്യൂകളും ഡൗൺലോഡുകളും: ഔദ്യോഗിക ആപ്പുകൾക്ക് ദശലക്ഷക്കണക്കിന് ഡൗൺലോഡുകൾ ഉണ്ടാകും. എന്നാൽ വ്യാജ ആപ്പുകൾക്ക് വളരെ കുറച്ച് ഡൗൺലോഡുകളും അസ്വാഭാവികമായ റേറ്റിംഗും മാത്രമായിരിക്കും ഉണ്ടാവുക.
സൈബർ തട്ടിപ്പിന് ഇരയായാൽ എന്തുചെയ്യണം?
നിങ്ങൾ ഏതെങ്കിലും തരത്തിലുള്ള സൈബർ തട്ടിപ്പിന് ഇരയായാലോ സംശയാസ്പദമായ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാലോ ഉടൻ തന്നെ 1930 എന്ന നമ്പറിൽ വിളിച്ച് സൈബർ ക്രൈം വിഭാഗത്തിൽ റിപ്പോർട്ട് ചെയ്യുക. കൂടാതെ ബാങ്കിന്റെ ഔദ്യോഗിക ശാഖയുമായി ബന്ധപ്പെടുകയും വേണം. അനാവശ്യ ചതികുഴികളിൽ വീഴാതെ ജാഗ്രത പാലിക്കുക എന്നതാണ് ഇത്തരം തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാനുള്ള ഏക വഴി.












Click it and Unblock the Notifications