പഠിച്ചത് സാധാരണ കോളജില്‍; ഗൂഗിളില്‍ ജോലി; സോഷ്യല്‍ മീഡയയില്‍ വൈറലായി ഉദ്യോഗാര്‍ത്ഥിയുടെ കുറിപ്പ്
ഭോപ്പാലിലെ ഒരു സാധാരണ കോളജില്‍ നിന്ന് പഠിച്ചിറങ്ങി, പ്രതിസന്ധികളെ മറികടന്ന് ആഗോള ടെക് ഭീമനായ ഗൂഗിളില്‍ ഉന്നത പദവിയിലെത്തിയ ആര്‍ച്ചി ഗുപ്തയുടെ വിജയഗാഥയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഗൂഗിളില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ ആര്‍ച്ചി, തന്റെ കരിയറിലെ വളര്‍ച്ച ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചതാണ് ഇപ്പോള്‍ ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രചോദനമാകുന്നത്.
2017-ല്‍ ഭോപ്പാലിലെ ഒരു സാധാരണ കോളജില്‍ നിന്ന് ബിരുദം നേടിയതിനു പിന്നാലെ കഠിനാധ്വാനത്തിലൂടെയാണ് ആര്‍ച്ചിയുടെ കരിയര്‍ യാത്ര തുടങ്ങുന്നത്. കാമ്പസില്‍ നടന്ന അഭിമുഖങ്ങളില്‍ വലിയ കമ്പനികള്‍ ഒന്നും എത്താതിരുന്നിട്ടും, ആത്മവിശ്വാസം കൈവിട്ടില്ല. തുടക്കത്തില്‍ ഒരു സര്‍വീസ് അധിഷ്ഠിത കമ്പനിയില്‍ ജോലി ലഭിച്ചെങ്കിലും, ഡാറ്റാ ബേസുകളിലും പ്രോഗ്രാമിംഗിലും ശക്തമായ അടിത്തറ കെട്ടിപ്പടുക്കാതെ മുന്നോട്ടു പോകാനാകില്ലെന്നു തിരിച്ചറിഞ്ഞു. തുടര്‍ന്ന് ഡാറ്റാ സയന്‍സിലും മെഷീന്‍ ലേണിങ്ങിലും വൈദഗ്ധ്യം നേടി.

പിന്നീട് ഒരു റഫറല്‍ വഴി ഹൈദരാബാദിലെ 'ഓപ്പണ്‍ടെക്സ്റ്റ്' എന്ന കമ്പനിയില്‍ ഇന്റേണ്‍ഷിപ്പ് ലഭിച്ചു. പലതവണ നിരസിക്കപ്പെട്ടെങ്കിലും ഒടുവില്‍ അവിടെ സ്ഥിരനിയമനം നേടി. എന്നാല്‍ ആര്‍ച്ചിയുടെ ലക്ഷ്യം അവിടെയും അവസാനിച്ചില്ല.
2019-ല്‍ ആദ്യമായി ഗൂഗിളില്‍ നിന്ന് അഭിമുഖത്തിന് വിളി വന്നെങ്കിലും ആര്‍ച്ചി പരാജയപ്പെട്ടു. പക്ഷേ, ആ തോല്‍വി തളര്‍ത്തിയില്ല, മറിച്ച് കൂടുതല്‍ കഠിനാധ്വാനം ചെയ്യാന്‍ പ്രേരിപ്പിച്ചു. 2020-ല്‍ 'സര്‍വീസ്നൗ' എന്ന കമ്പനിയില്‍ ചേര്‍ന്ന അവര്‍ എല്ലാ ദിവസവും ഡാറ്റ സ്ട്രക്ചറുകളും അല്‍ഗോരിതങ്ങളും പരിശീലിക്കുന്നത് പതിവാക്കി. ഒടുവില്‍ 2022 ജൂണില്‍ ഗൂഗിള്‍ വീണ്ടും അവരെ തേടിയെത്തി. മാസങ്ങള്‍ നീണ്ട കഠിനമായ അഭിമുഖങ്ങള്‍ക്കൊടുവില്‍, ഒക്ടോബറില്‍ ആ സ്വപ്ന സന്ദേശം ആര്‍ച്ചിയെ തേടിയെത്തി, 'അഭിനന്ദനങ്ങള്‍, നിങ്ങള്‍ക്ക് ഗൂഗിളില്‍ ജോലി ലഭിച്ചിരിക്കുന്നു.' എന്നായിരുന്നു ഓഫര്‍ ലെറ്ററിലുണ്ടായിരുന്നത്.
'വിജയത്തിന് കുറുക്കുവഴികളില്ല, ഭാഗ്യവുമല്ല. നിങ്ങള്‍ക്ക് ഒരു മികച്ച തുടക്കം ലഭിക്കണമെന്നില്ല, പക്ഷേ പോരാട്ടം തുടരാന്‍ തയ്യാറാകണം,' ആര്‍ച്ചി തന്റെ എക്‌സ് പോസ്റ്റില്‍ കുറിച്ചു. സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് ഈ കുറിപ്പ് വഴിവെച്ചത്. സാധാരണ കോളേജുകളില്‍ പഠിക്കുന്ന തങ്ങള്‍ക്കും വലിയ സ്വപ്നങ്ങള്‍ കാണാമെന്ന ആത്മവിശ്വാസമാണ് ആര്‍ച്ചിയുടെ കഥ നല്‍കുന്നതെന്ന് പല ഉദ്യോഗാര്‍ത്ഥികളും കമന്റ് ചെയ്തു.












Click it and Unblock the Notifications