നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടോ? ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക
ലോകമെമ്പാടും സൈബർ ആക്രമണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പല പ്രധാനപ്പെട്ട രേഖകളും ബാങ്ക് അക്കൗണ്ടുകളും പാസ്സ്‌വേർഡും സ്വകാര്യമായ രേഖകളും എല്ലാം ഡിജിറ്റലായി നമ്മൾ സൂക്ഷിക്കുന്ന സ്മാർട്ഫോണിന്റെ സുരക്ഷ പ്രധാനമാണ്. ഫോൺ ഹാക്ക് ചെയ്യപ്പെട്ടാൽ പ്രകടമാകുന്ന പ്രധാന ലക്ഷണങ്ങളെക്കുറിച്ചും, ആ സാഹചര്യത്തിൽ എടുക്കേണ്ട മുൻകരുതലുകൾ എന്താണെന്നും ഈ ലേഖനത്തിൽ വായിക്കാം.
നിങ്ങളുടെ ഫോണിൽ താഴെ പറയുന്ന മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അത് ഹാക്കിംഗിന്റെ സൂചനയാകാം
*ഫോണിന്റെ വേഗത കുറയുക-മാൽവെയറുകൾ പ്രവർത്തിക്കുന്നതിന്റെ ലക്ഷണമാകാം.
*ബാറ്ററി പെട്ടെന്ന് തീരുന്നത്
*നിങ്ങൾ ഇൻസ്റ്റാൾ ചെയ്യാത്ത ആപ്പുകൾ ഫോണിൽ കാണപ്പെടുന്നത്
*കോൺടാക്റ്റിലുള്ളവർക്ക് നിങ്ങൾ അറിയാതെ സന്ദേശങ്ങൾ പോകുന്നത്
*അപ്പോഴും പോപ്പ്-അപ്പ് പരസ്യങ്ങൾ വരുന്നത്
ഇനി ഫോൺ ഹാക്ക് ചെയ്യപ്പെട്ടുവെന്ന് സംശയം തോന്നിയാൽ പരിഭ്രാന്തരാകാതെ ചില കാര്യങ്ങൾ ഉടനടി ചെയ്താൽ ഹാക്കിങ് തടയാൻ സാധിക്കും. അവ എന്തൊക്കെയെന്ന് അറിയാം.

1.ഇന്റർനെറ്റ് വിശ്ചേദിക്കുക
ഹാക്കർക്ക് നിങ്ങളുടെ ഫോണിലേക്കോ ഡാറ്റയിലേക്കോ ഉള്ള പ്രവേശനം തടയാൻ ഉടൻ തന്നെ Wi-Fi-യും മൊബൈൽ ഡാറ്റയും ഓഫ് ചെയ്യുക. ഫോൺ Airplane Mode-ലേക്ക് മാറ്റുന്നതാണ് ഏറ്റവും നല്ല മാർഗം.
2.സംശയാസ്പദമായ ആപ്പുകൾ നീക്കം ചെയ്യുക
ഫോണിൽ നിങ്ങൾ ഇൻസ്റ്റാൾ ചെയ്യാത്തതോ അല്ലെങ്കിൽ അനാവശ്യമെന്ന് തോന്നുന്നതോ ആയ ആപ്പുകൾ ഫോണിലുണ്ടോ എന്ന് പരിശോധിക്കുക. ഉണ്ടെങ്കിൽ അവ ഉടൻ തന്നെ അൺ ഇൻസ്റ്റാൾ ചെയ്യുക. നീക്കം ചെയ്യപെട്ടെന്ന് ഉറപ്പാക്കാൻ ഫോൺ റീസ്റ്റാർട്ട് ചെയ്‌ത് വീണ്ടും പരിശോധിക്കുക.
3.പാസ്‌വേഡുകൾ മാറ്റുക
മറ്റൊരു സുരക്ഷിതമായ ഉപകരണമുപയോഗിച്ച് (മറ്റൊരു ഫോണോ കമ്പ്യൂട്ടറോ) നിങ്ങളുടെ പ്രധാനപ്പെട്ട അക്കൗണ്ടുകളുടെ പാസ്‌വേഡുകൾ മാറ്റുക.
ഗൂഗിൾ/ആപ്പിൾ ഐഡി
ബാങ്കിംഗ് ആപ്പുകൾ
സോഷ്യൽ മീഡിയ
ഇവയിൽ ടു ഫാക്ടർ ഓതെന്റിക്കേഷൻ ആക്ടിവേറ്റ് ചെയ്തിട്ടില്ലെങ്കിൽ അത് ഉടൻ ചെയ്യുക.
4.ബാങ്ക് അക്കൗണ്ടുകൾ ശ്രദ്ധിക്കുക
ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് അസാധാരണമായി പണം നഷ്ടപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുക. സംശയം തോന്നിയാൽ ഉടൻ ബാങ്കുമായി ബന്ധപ്പെട്ട് കാർഡുകളോ അക്കൗണ്ടോ ബ്ലോക്ക് ചെയ്യുക.
5.ഫാക്ടറി റീസെറ്റ്
മുകളിൽ പറഞ്ഞ കാര്യങ്ങൾ ചെയ്താലും ഫോൺ സുരക്ഷിതമല്ലെന്ന് തോന്നുന്നുണ്ടെങ്കിൽ ഫോൺ ഫാക്ടറി റീസെറ്റ് ചെയ്യുക. ഇത് ഫോണിലെ എല്ലാ വൈറസുകളെയും മാൽവെയറുകളെയും നീക്കം ചെയ്യാൻ സഹായിക്കും. (ശ്രദ്ധിക്കുക: ഇത് ചെയ്താൽ ഫോണിലെ എല്ലാ വിവരങ്ങളും നഷ്ടപ്പെടും). അതിനാൽ അവസാനത്തെ ശ്രമമായി ചെയ്യാം.
6.സൈബർ സെല്ലിൽ പരാതിപ്പെടുക
സാമ്പത്തിക നഷ്ടമോ വ്യക്തിപരമായ വിവരങ്ങൾ ചോരുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഉടൻ തന്നെ www.cybercrime.gov.in എന്ന പോർട്ടലിലോ അല്ലെങ്കിൽ 1930 എന്ന ഹെൽപ്‌ലൈൻ നമ്പറിലോ വിളിച്ച് പരാതി നൽകുക.
7.ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മുന്നറിയിപ്പ് നൽകുക
നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യപ്പെട്ട വിവരം നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിലുള്ളവരെ എത്രയും വേഗം അറിയിക്കുക. നിങ്ങളുടെ നമ്പറിൽ നിന്നോ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നോ വരുന്ന സംശയാസ്പദമായ ലിങ്കുകളോ മെസേജുകളോ ക്ലിക്ക് ചെയ്യരുതെന്നും പണം ആവശ്യപ്പെട്ടുള്ള സന്ദേശങ്ങൾ അവഗണിക്കണമെന്നും അവരോട് പറയുക. ഹാക്കർമാർ നിങ്ങളെന്ന വ്യാജേന സന്ദേശങ്ങൾ അയച്ച് അവരെയും കെണിയിൽ വീഴ്ത്താൻ സാധ്യതയുണ്ട്.












Click it and Unblock the Notifications