ആരും അറിയാതെ ഇനി സ്റ്റോറികൾ കാണാം; ഇൻസ്റ്റാഗ്രാമിൽ വമ്പൻ സർപ്രൈസ്
സോഷ്യൽ മീഡിയ ഭീമനായ മെറ്റ തങ്ങളുടെ ഉപയോക്താക്കൾക്കായി വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരികയാണ്. ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്ന രീതിയെ തന്നെ മാറ്റിമറിക്കാൻ പോകുന്ന 'ഇൻസ്റ്റാഗ്രാം പ്ലസ്' (Instagram Plus) എന്ന പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ സേവനം ഉടൻ പുറത്തിറങ്ങും. സ്റ്റോറികൾ രഹസ്യമായി കാണാനുള്ള സൗകര്യം ഉൾപ്പെടെ സാധാരണ ഉപയോക്താക്കൾ കൊതിക്കുന്ന നിരവധി ഫീച്ചറുകളാണ് ഇതിൽ മെറ്റ ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിൽ മെക്സിക്കോ, ജപ്പാൻ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ ഈ സേവനത്തിന്റെ പരീക്ഷണം ആരംഭിച്ചു കഴിഞ്ഞു.
എന്താണ് ഇൻസ്റ്റാഗ്രാം പ്ലസ്?
നിലവിലുള്ള 'മെറ്റാ വെരിഫൈഡ്' സബ്‌സ്‌ക്രിപ്ഷനിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് ഇൻസ്റ്റാഗ്രാം പ്ലസ്. മെറ്റാ വെരിഫൈഡ് പ്രധാനമായും ബ്ലൂ ടിക് നൽകുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെങ്കിൽ, ഇൻസ്റ്റാഗ്രാം പ്ലസ് ഉപയോക്താക്കൾക്ക് കൂടുതൽ സാങ്കേതിക സൗകര്യങ്ങളും നിയന്ത്രണങ്ങളും നൽകുന്നതിനാണ് മുൻഗണന നൽകുന്നത്. സ്നാപ്ചാറ്റ് പ്ലസ് (Snapchat+), എക്സ് പ്രീമിയം (X Premium) എന്നിവയുടെ വിജയമാണ് ഇത്തരമൊരു നീക്കത്തിന് മെറ്റയെ പ്രേരിപ്പിച്ചത്.

ആരും അറിയാതെ സ്റ്റോറികൾ കാണാം
ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്കിടയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള ഒരു ഫീച്ചറാണ് മറ്റൊരാളുടെ സ്റ്റോറി അവർ അറിയാതെ കാണുക എന്നത്. നിലവിൽ ഇതിനായി മൂന്നാം കക്ഷി ആപ്പുകളെയാണ് പലരും ആശ്രയിക്കുന്നത്. എന്നാൽ ഇൻസ്റ്റാഗ്രാം പ്ലസ് വരിക്കാർക്ക് ഇനി ഔദ്യോഗികമായി തന്നെ സ്റ്റോറികൾ രഹസ്യമായി കാണാം. നിങ്ങൾ ഒരാളുടെ സ്റ്റോറി കണ്ടാൽ അത് പോസ്റ്റ് ചെയ്ത വ്യക്തിയുടെ 'വ്യൂവേഴ്സ് ലിസ്റ്റിൽ' നിങ്ങളുടെ പേര് കാണിക്കില്ല.
കൂടാതെ, നിങ്ങളുടെ സ്റ്റോറി ആരെങ്കിലും വീണ്ടും കണ്ടിട്ടുണ്ടോ എന്ന് മനസ്സിലാക്കാനുള്ള 'റീവാച്ച് കൗണ്ട്' (Rewatch Count) സൗകര്യവും ഇതിലുണ്ട്. നിങ്ങളുടെ സ്റ്റോറികൾ ആർക്കൊക്കെ കാണാം എന്ന് നിശ്ചയിക്കാൻ അൺലിമിറ്റഡ് ഓഡിയൻസ് ലിസ്റ്റുകൾ തയ്യാറാക്കാനും ഇതിലൂടെ സാധിക്കും. സാധാരണയായി ഒരു ക്ലോസ് ഫ്രണ്ട്സ് ലിസ്റ്റ് മാത്രമേ ഇപ്പോൾ ലഭ്യമാകൂ.
മറ്റ് പ്രീമിയം ഫീച്ചറുകൾ
ഇൻസ്റ്റാഗ്രാം പ്ലസ് വരിക്കാർക്ക് ലഭിക്കുന്ന മറ്റ് പ്രധാന സൗകര്യങ്ങൾ താഴെ പറയുന്നവയാണ്.
സ്‌പോട്ട്‌ലൈറ്റ് (Spotlight): ആഴ്ചയിലൊരിക്കൽ നിങ്ങളുടെ സ്റ്റോറി നിങ്ങളുടെ ഫോളോവേഴ്‌സിന്റെ ലിസ്റ്റിൽ ഏറ്റവും മുന്നിൽ വരാൻ ഇത് സഹായിക്കും.
സ്റ്റോറി കാലാവധി നീട്ടാം: സാധാരണ 24 മണിക്കൂറാണ് സ്റ്റോറിയുടെ കാലാവധി. എന്നാൽ ഇൻസ്റ്റാഗ്രാം പ്ലസ് വരിക്കാർക്ക് ഇത് അധികമായി 24 മണിക്കൂർ കൂടി നീട്ടാൻ സാധിക്കും.
സൂപ്പർ ലൈക്കുകൾ: സ്റ്റോറികളിൽ അയക്കാൻ സാധിക്കുന്ന പ്രത്യേക ആനിമേറ്റഡ് ലൈക്കുകൾ വരിക്കാർക്ക് ലഭ്യമാകും.
വ്യൂവേഴ്സ് സെർച്ച്: നിങ്ങളുടെ സ്റ്റോറി കണ്ടവരുടെ പട്ടികയിൽ നിന്ന് പ്രത്യേക വ്യക്തികളെ തിരഞ്ഞുപിടിക്കാനുള്ള (Search bar) സൗകര്യവും ഇതിലുണ്ട്.
ഇന്ത്യയിലെ വില എങ്ങനെ?
ഇൻസ്റ്റാഗ്രാം പ്ലസിന്റെ ഇന്ത്യയിലെ ഔദ്യോഗിക വില മെറ്റ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും മറ്റ് രാജ്യങ്ങളിലെ നിരക്ക് പരിശോധിച്ചാൽ ഇന്ത്യയിൽ പ്രതിമാസം 100 രൂപ മുതൽ 200 രൂപ വരെയായിരിക്കും വരിസംഖ്യ എന്ന് പ്രതീക്ഷിക്കുന്നു. മെക്സിക്കോയിൽ ഏകദേശം 200 രൂപയും ജപ്പാനിൽ 188 രൂപയുമാണ് നിലവിൽ ഈടാക്കുന്നത്. ഫിലിപ്പീൻസിൽ ഇത് 100 രൂപയോളമാണ്. പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തിന് പുറമെ വരിക്കാരിൽ നിന്നുള്ള വരുമാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാർക്ക് സക്കർബർഗ് ഈ പുതിയ പരീക്ഷണം നടത്തുന്നത്. വരും മാസങ്ങളിൽ തന്നെ ഇന്ത്യയുൾപ്പെടെയുള്ള കൂടുതൽ രാജ്യങ്ങളിലേക്ക് ഈ സേവനം വ്യാപിപ്പിക്കും.












Click it and Unblock the Notifications