എക്‌സ് എന്ന വന്‍മരം വീഴുന്നോ? ഇനി ബ്ലൂസ്‌കൈയുടെ കാലം! ആരാണ് പിന്നില്‍? അറിയേണ്ടതെല്ലാം
മൈക്രോ ബ്ലോഗിംഗ് ആപ്പായ എക്‌സ് സമീപകാലത്തായി വലിയ തിരിച്ചടിയാണ് നേരിടുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് പിന്നാലെ നിരവധി ഉപയോക്താക്കള്‍ കൂട്ടത്തോടെ എക്‌സ് വിട്ടിരുന്നു. എന്നാല്‍ എക്‌സിന്റെ പതനം ബ്ലൂസ്‌കൈ എന്ന പുത്തന്‍ മൈക്രോ ബ്ലോഗിംഗ് സൈറ്റിന് വലിയ നേട്ടമാണ് ഉണ്ടാക്കുന്നത്. പ്രതിദിനം ബ്ലൂസ്‌കൈയില്‍ ഒരു ദശലക്ഷത്തോളം പേരാണ് ജോയിന്‍ ചെയ്യുന്നത് എന്നാണ് വിവരം.
എക്‌സിന് സമാനമായ നിറവും ലോഗോയും ഉള്ള ബ്ലൂസ്‌കൈയുടെ പ്രവര്‍ത്തനവും ഏറെക്കുറെ സമാനമാണ്. എന്തുകൊണ്ടാണ് ബ്ലൂസ്‌കൈയ്ക്ക് ഇപ്പോള്‍ പ്രചാരം കൂടുന്നത്? ആരാണ് ബ്ലൂസ്‌കൈയുടെ പിന്നില്‍, എന്തുകൊണ്ടാണ് എക്‌സ് തിരിച്ചടി നേരിടുന്നത് എന്നിവയെല്ലാം നമുക്ക് പരിശോധിക്കാം.

എന്താണ് ബ്ലൂസ്‌കൈ?
എക്‌സിന്റെ (പഴയ ട്വിറ്റര്‍) എല്ലാ വിധ സവിശേഷതകളും ഉള്‍ക്കൊള്ളുന്ന ഒരു മൈക്രോ ബ്ലോഗിംഗ് ആപ്പാണ് ബ്ലൂസ്‌കൈ. ട്വിറ്ററിന് മുമ്പ് നീല പശ്ചാത്തലത്തില്‍ ഒരു കുരുവിയുടെ രൂപത്തോട് കൂടിയുള്ള ലോഗോ ആയിരുന്നു എങ്കില്‍ ബ്ലൂസ്‌കൈയില്‍ അത് നീല പശ്ചാത്തലത്തില്‍ പൂമ്പാറ്റയുടെ രൂപമാണ്. ബ്ലൂസ്‌കൈ ഓപ്പണ്‍ ചെയ്യുമ്പോള്‍ തന്നെ വലത് വശത്ത് ഉപയോക്താവിന്റെ ബയോയും മറ്റ് വിവരങ്ങളും കാണാം.
മധ്യഭാഗത്ത് ഫീഡ് ഓപ്ഷനാണ്. ഉപയോക്താവിന് മറ്റ് ബ്ലൂസ്‌കൈ ഉപയോക്താക്കളില്‍ നിന്നുള്ള പോസ്റ്റുകളും മറ്റും ഇവിടെ കാണാം. പേജിന്റെ ഇടതുവശത്തുള്ള ഒരു ബാര്‍ സെര്‍ച്ച് ഓപ്ഷനുള്ളതും ട്രെന്‍ഡിംഗ് ടോപ്പിക്കുകള്‍ കാണിക്കാനുള്ളതുമാണ്. മറ്റ് സോഷ്യല്‍ മീഡിയ ആപ്പുകളെ പോലെ തന്നെ ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന ആളുകള്‍ക്ക് പോസ്റ്റ് ചെയ്യാനും റീപോസ്റ്റ് ചെയ്യാനും ലൈക്ക് ചെയ്യാനും കഴിയും.
ചുരുക്കി പറഞ്ഞാല്‍ പഴയ ട്വിറ്റര്‍ പോലെ തന്നെയാണ് ബ്ലൂസ്‌കൈ എന്ന് സാരം. എന്നാല്‍ ബ്ലൂസ്‌കൈ വികേന്ദ്രീകൃതമാണ് എന്നാണ് ആപ്പിന്റെ പിന്നണിയിലുള്ളവരുടെ അവകാശവാദം. കമ്പനിയുടെ ഉടമസ്ഥതയിലുള്ളതല്ലാത്ത സെര്‍വറുകളില്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ഡാറ്റ ഹോസ്റ്റ് ചെയ്യാനാകും എന്നാണ് പറയപ്പെടുന്നത്.
ബ്ലൂസ്‌കൈയ്ക്ക് പിന്നില്‍ ആര്?
ട്വിറ്ററിന്റെ മുന്‍ മേധാവി ജാക്ക് ഡോര്‍സിയാണ് ബ്ലൂസ്‌കൈ സൃഷ്ടിച്ചത്. ആപ്പിന്റെ ട്വിറ്റര്‍ സാമ്യതയ്ക്ക് പിന്നിലെ ഗുട്ടന്‍സ് ഇപ്പോള്‍ പിടികിട്ടിയില്ലേ? എന്നാല്‍ നിലവില്‍ ജാക്ക് ഡോര്‍സി ബ്ലൂസ്‌കൈയുടെ ഭാഗമല്ല. 2024 മെയ് മാസത്തില്‍ കമ്പനിയുടെ ബോര്‍ഡില്‍ നിന്ന് പടിയിറങ്ങിയ ഡോര്‍സി സെപ്റ്റംബറില്‍ തന്റെ അക്കൗണ്ട് പൂര്‍ണ്ണമായും ഇല്ലാതാക്കി. യുഎസ് പബ്ലിക് ബെനിഫിറ്റ് കോര്‍പ്പറേഷന്‍ എന്ന നിലയില്‍ ചീഫ് എക്സിക്യൂട്ടീവായ ജെയ് ഗ്രാബറിന്റെ ഉടമസ്ഥതയിലാണ് ബ്ലൂസ്‌കൈ നിലവില്‍ പ്രവര്‍ത്തിക്കുന്നത്.
2019 മുതല്‍ നിലവിലുണ്ടെങ്കിലും സമീപകാലത്താണ് ബ്ലൂസ്‌കൈയുടെ ജനപ്രീതി വര്‍ധിക്കാന്‍ തുടങ്ങിയത്. അതിന് പ്രധാന കാരണം അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പാണ്. ഡൊണാള്‍ഡ് ട്രംപിന് വേണ്ടി ഇലോണ്‍ മസ്‌ക് രാഷ്ട്രീയ വ്യവഹാരം രൂപപ്പെടുത്താന്‍ എക്‌സ് ഉപയോഗിച്ചു എന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് ഈ ദിവസങ്ങളില്‍ എക്‌സില്‍ നിന്ന് പടിയിറങ്ങിയത്.
അതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു ബ്രിട്ടീഷ് മാധ്യമഗ്രൂപ്പായ ദി ഗാര്‍ഡിയന്‍ ഇനി എക്‌സില്‍ പോസ്റ്റ് ചെയ്യില്ല എന്നെടുത്ത തീരുമാനം. 27 മില്യണ്‍ ഫോളോവേഴ്‌സാണ് എക്‌സില്‍ ദി ഗാര്‍ഡിയന് ഉള്ളത്. ഒരു ടോക്‌സിക് മീഡിയ പ്ലാറ്റ്‌ഫോം ആയി എക്‌സ് മാറിയെന്ന് പറഞ്ഞാണ് ഗാര്‍ഡിയന്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ഇതേ കാരണം ചൂണ്ടിക്കാട്ടി നിരവധി ഉപയോക്താക്കള്‍ എക്‌സ് ഉപേക്ഷിച്ചു.
ഇവരും മുന്‍കാലങ്ങളില്‍ എക്‌സ് ഉപേക്ഷിച്ചവരുമെല്ലാം ബ്ലൂസ്‌കൈയിലേക്ക് ചേക്കേറുകയാണ് എന്നാണ് വിവരം. പോപ്പ് ഗായിക ലിസോ മുതല്‍ ടാസ്‌ക്മാസ്റ്ററിന്റെ ഗ്രെഗ് ഡേവീസ് വരെയുള്ള നിരവധി സെലിബ്രിറ്റികള്‍ തങ്ങള്‍ ബ്ലൂസ്‌കൈയില്‍ സൈന്‍ അപ്പ് ചെയ്യും എന്ന് അറിയിച്ചിട്ടുണ്ട്. ബ്ലൂസ്‌കൈയെ സംബന്ധിച്ച് അനുകൂല സാഹചര്യമാണെങ്കിലും ലോകത്തിലെ ഒന്നാം നമ്പര്‍ മൈക്രോ ബ്ലോഗ്ലിംഗ് സൈറ്റായ എക്‌സിനെ മുട്ടുകുത്തിക്കുക എന്നത് ശ്രമകരമായ ജോലി തന്നെയായിരിക്കും എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ബ്ലൂസ്‌കൈ എങ്ങനെയാണ് പണം സമ്പാദിക്കുന്നത്?
നിക്ഷേപകരില്‍ നിന്നും വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനങ്ങളില്‍ നിന്നും ഫണ്ടിംഗ് ആരംഭിച്ചാണ് ബ്ലൂസ്‌കൈയുടെ തുടക്കം. ഇതുവഴി ദശലക്ഷക്കണക്കിന് ഡോളര്‍ കമ്പനി സമാഹരിച്ചിട്ടുണ്ട്. എന്നാല്‍ നിരവധി പുതിയ ഉപയോക്താക്കള്‍ ഉള്ളതിനാല്‍ പുതിയ വരുമാന സ്രോതസ് ബ്ലൂസ്‌കൈ തേടേണ്ടതുണ്ട്. ട്വിറ്ററിന്റെ പ്രതാപകാലത്ത് കമ്പനി ഭൂരിഭാഗം പണവും പരസ്യത്തിലൂടെയാണ് സമ്പാദിച്ചിരുന്നത്.
എന്നാല്‍ ഈ വഴി സ്വീകരിക്കില്ല എന്നാണ് ബ്ലൂസ്‌കൈയുടെ നിലപാട്. അങ്ങനെയെങ്കില്‍ സബ്സ്‌ക്രിപ്ഷന്‍ ഫീച്ചറുകള്‍ പോലുള്ള മറ്റ് ഓപ്ഷനുകളിലേക്ക് കമ്പനി തിരിയാനാണ് സാധ്യത.












Click it and Unblock the Notifications