ചാറ്റ് ജിപിടിയും ജെമിനയുമൊക്കെ വീണു; ഗെയിം ചേഞ്ചറായി ചൈനയുടെ 'ഡീപ്സീക്', അറിയാം
എഐ ചാറ്റ് ബോട്ടുകളായ ചാറ്റ് ജിപിടിയേയും ജെമിനിയേയുമൊക്കെ കടത്തി വെട്ടി ചൈനയുടെ സ്വന്തം 'ഡീപ്സീക്'. കഴിഞ്ഞാഴ്ച മാത്രം ചൈന പുറത്തിറക്കിയ ഈ എഐ ചാറ്റ് ബോട്ട് ഇതിനോടിനോടകം തന്നെ ടെക് ലോകത്ത് ചർച്ചയായി മാറി കഴിഞ്ഞു. പുതിയ ചൈനീസ് ആപ്പിന്റെ വരവ് യുഎസ് ടെക് ഭീമൻമാർക്കും വലിയ വെല്ലുവിളി തീർക്കുന്നുണ്ട്. തിങ്കളാഴ്ച യുഎസ് ഓഹരി വിപണിയിൽ എൻവിഡിയ, മൈക്രോസോഫ്റ്റ്, മെറ്റ തുടങ്ങിയ ടെക് ഭീമൻമാരെല്ലാം കനത്ത തിരിച്ചടിയാണ് നേരിട്ടതെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. ഡീപ്സീകിനെ കുറിച്ച് കൂടുതൽ അറിയാം

എന്താണ് ഡീപ്സീക്
ചൈനയിലെ ഹാങ്‌സൗ ആസ്ഥാനമായുള്ള എഐ റിസർച്ച് ലാബ് വികസിപ്പിച്ച എഐ മോഡലാണ് ഡീപ്സീക്ക്. എഐ ആന്റ് ക്വാണ്ടിറ്റേറ്റീവ് ഫിനാൻസ് പശ്ചാത്തലമുള്ള എഞ്ചിനീയറും സംരംഭകനുമായ ലിയാങ് വെൻഫെങ് 2023 ൽ ആണ് ഈ കമ്പനി സ്ഥാപിച്ചത്. ഡീപ്സീകിന് മുൻപ് സാമ്പത്തിക ഡാറ്റകൾ വിശകലനം ചെയ്യുന്നതിനായി എഐ ഉപയോഗിക്കുന്ന ഒരു ഹെഡ്ജ് ഫണ്ടായിരുന്നു ലിയാങ് ആരംഭിച്ചത്. ഇപ്പോൾ യുവാക്കളെ ഉൾപ്പെടുത്തിയാണ് ലിയാങ് തന്റെ പുതിയ സംരംഭത്തിന് തുടക്കം കുറിച്ചത്. ചൈനീസ് സർവ്വകലാശാലകളായ സിൻഹുവ, പെക്കിംഗ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ നിന്നും അടുത്തിടെ പഠിച്ച് പുറത്തിറങ്ങിയ ബിരുദദാരികളാണ് ഡീപ്സീക്കിന്റെ അണിയറയിൽ പ്രവർത്തിച്ചിരിക്കുന്നത്. ഡീപ്സീക് വി3 മോഡലാണ് കമ്പനി പുറത്തിറക്കിയത്. ആറ് മില്യൺ ഡോറളിനാണ് പുതിയ ചാറ്റ് ബോട്ട് വികസിപ്പിച്ചതെന്നാണ് കമ്പനി അവകാശപ്പെടുന്നത്, അതായത് എതിരാളികളുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും കുറഞ്ഞ ചെലവിൽ.
ഡീപ്സീക് വി 3 മോഡൽ ചാറ്റ് ജിടിപിയെ മറികടന്ന് യുഎസ്,യുകെ, ചൈന എന്നിവിടങ്ങളിൽ ആപ്പിൾ സ്റ്റോറിൽ ടോപ്റേറ്റഡ് ആപായി മാറി കഴിഞ്ഞു. എഐയിൽ യുഎസ് നിലനിർത്തിയിരുന്ന ആധിപത്യമാണ് ഇതോടെ ചൈനീസ് ചാറ്റ് ബോട്ട് തകർത്തിരിക്കുന്നത്. ഡീപ്സീകിന്റെ ഏറ്റവും പുതിയ റിലീസായ ആർ1 മോഡൽ ഓപ്പൺഎഐ, ആന്ത്രോപിക് എന്നിവയെ മറികടന്ന് തരംഗം തീർക്കുകയാണ്. ഓപൺ സോഴ്സ്, പരിധിയിൽ കവിഞ്ഞ ഉപയോഗം, ചെലവ് കുറവ് എന്നതെല്ലാമാണ് ഡീപ്സീകിലേക്ക് ആളുകളെ കൂടുതൽ ആകർഷിക്കുന്നത്. മനുഷ്യ ചിന്തകളെ അനുകരിക്കാനും നിർദേശങ്ങളോട് പ്രതികരിക്കുന്നതിന് മുൻപ് ന്യായവാദങ്ങൾ ഉയർത്താനുള്ള കഴിവാണ് എതിരാളികളിൽ നിന്നും ഡീപ്സീകിനെ വ്യത്യസ്തമാക്കുന്നത്.
ഓപൺ എഐ, മെറ്റ എന്നിങ്ങനെയുള്ള മുൻനിര കമ്പനികൾ ചെലവഴിച്ചതിനേക്കാൾ കുറഞ്ഞ ചെലവിലാണ് ഡീപ്സീക് മോഡൽ കമ്പനി വികസിപ്പിച്ചത്. അതുകൊണ്ട് തന്നെ എൻവിഡിയയുടെ ആക്‌സിലറേറ്ററുകൾ പോലുള്ള ഉയർന്ന നിലവാരമുള്ള എഐ ഹാർഡ്‌വെയറിൽ വൻതോതിൽ നിക്ഷേപം നടത്തേണ്ടതുണ്ടോയെന്ന ചോദ്യമാണ് ഇത് ഉയർത്തുന്നത്. പൂർണമായും സൗജന്യമാണ് എന്നതാണ് ഡീപ്സീകിനെ കൂടുതൽ സ്വീകാര്യമാക്കുന്നത്. സുതാര്യത, കാര്യക്ഷമത കൂടാതെ എല്ലാവർക്കും എഐ ആക്സസ് ചെയ്യാൻ സാധിക്കുമെന്നതും ഡീപ്സീക്കിലേക്ക് ആളുകളെ ആകർഷിക്കുന്നു.
എഐ വികസിപ്പിക്കാനുള്ള ചൈനയുടെ നീക്കത്തിന് തടയിടുക എന്ന ലക്ഷ്യത്തോടെ ചൈനയിലേക്കുള്ള അഡ്വാൻസ് സെമികണ്ടക്ടർ കയറ്റുമതിക്ക് യുഎസ് അടുത്തിടെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. അതിനിടയിലാണ് ഇപ്പോൾ യുഎസിനെ പിടിച്ചുകുലുക്കി ഡീപ്സീക് വലിയ സ്വീകാര്യത നേടിയിരിക്കുന്നത്. അതേസമയം ഡീപ്സീക്കിന്റെ സ്വീകാര്യത യുഎസ് ഓഹരിവിരണിയിൽ അമേരിക്കൻ ടെക് ഭീമൻമാർക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തിയത്.എൻവിഡിയ, മെറ്റാ, മൈക്രോസോഫ്റ്റ് എന്നിവയുൾപ്പെടെ യുഎസിലെ എഐയുമായി ബന്ധപ്പെട്ട പ്രധാന കമ്പനികളുടെയെല്ലാം ഓഹരികൾ കുത്തനെ ഇടിഞ്ഞു. വിലകുറഞ്ഞ ചൈനീസ് എഐ ബദലുകൾ നിക്ഷേപപദ്ധതികളെ തകിടം മറിക്കുകയും തങ്ങളുടെ എഐ പദ്ധതികളെ കുറിച്ച് കമ്പനികളെ പുനർവിചിന്തനത്തിന് പ്രേരിപ്പിക്കുകയും ചെയ്യുമെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.












Click it and Unblock the Notifications