വാട്സ്ആപ്പ് ഇനി ഫ്രീ അല്ല..! ഉപയോക്താക്കൾക്ക് മെറ്റയുടെ വക മുട്ടൻ പണി
വാട്സ്ആപ്പ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്! എല്ലാവർക്കും ഞെട്ടിക്കുന്ന ഒരു പണിതരാൻ മെറ്റ പ്ലാൻ ചെയ്യുന്നുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ. പണമൊന്നും നൽകാതെ ഫ്രീയായി സ്റ്റാറ്റസുകളും ചാനലുകളും കാണുന്ന പരിപാടിക്ക് ഇനി ചെറിയൊരു 'തടസ്സം' നേരിട്ടേക്കാം. കാരണം, മറ്റൊന്നുമല്ല-വാട്സ്ആപ്പിലും പരസ്യങ്ങൾ വരാൻ പോകുകയാണ്. സ്റ്റാറ്റസുകൾക്കിടയിൽ ഇൻസ്റ്റാഗ്രാമിലെ പോലെ പരസ്യങ്ങൾ കയറ്റാനാണ് കമ്പനിയുടെ നീക്കം. ഈ പരസ്യങ്ങൾ കണ്ട് മടുക്കുന്നവർക്ക് അത് ഒഴിവാക്കാൻ ഒരു രക്ഷാമാർഗ്ഗവും വാട്സ്ആപ്പ് വെക്കുന്നുണ്ട്; മാസം തോറും നിശ്ചിത തുക സബ്‌സ്‌ക്രിപ്‌ഷനായി നൽകി 'പ്രീമിയം' മെമ്പറാകുക. ഇതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താഴെ വായിക്കാം.
എവിടെയൊക്കെയാകും പരസ്യങ്ങൾ വരിക?
നമ്മുടെ പേഴ്സണൽ ചാറ്റുകളിൽ തൽക്കാലം പരസ്യങ്ങൾ ഉണ്ടാവില്ല എന്നത് വലിയൊരു ആശ്വാസമാണ്. പക്ഷേ, വാട്സ്ആപ്പ് 'സ്റ്റാറ്റസ്' (Status), 'ചാനലുകൾ' (Channels) എന്നീ വിഭാഗങ്ങളിലാകും പരസ്യങ്ങൾ പ്രത്യക്ഷപ്പെടുക. ഇൻസ്റ്റാഗ്രാം സ്‌റ്റോറികൾക്കിടയിൽ പരസ്യങ്ങൾ വരുന്നത് പോലെ, ഓരോരുത്തരുടെയും സ്റ്റാറ്റസുകൾ കണ്ടുതീരുമ്പോൾ ഇടയ്ക്ക് ഓരോ പ്രമോഷനുകൾ വരും. അതുപോലെ നമ്മൾ ഫോളോ ചെയ്യുന്ന ചാനലുകൾക്കിടയിലും ഇത്തരം പരസ്യങ്ങൾ ഉണ്ടാകും. ഇത് ആപ്പിന്റെ സിമ്പിൾ യൂസർ ഇന്റർഫേസിനെ ബാധിക്കുമോ എന്ന പേടിയിലാണ് പല ഉപയോക്താക്കളും.

പെയ്ഡ് സബ്സ്ക്രിപ്ഷൻ
വാട്സ്ആപ്പിലെ ഈ പരസ്യങ്ങൾ കണ്ട് വെറുക്കുന്നവർക്ക് വേണ്ടിയാണ് പുതിയ 'പെയ്ഡ് സബ്സ്ക്രിപ്ഷൻ' വരുന്നത്. യൂട്യൂബ് പ്രീമിയം എടുക്കുന്നത് പോലെ ഒരു തുക നൽകിയാൽ പരസ്യമില്ലാതെ വാട്സ്ആപ്പ് ഉപയോഗിക്കാം. പണം നൽകാൻ താല്പര്യമില്ലാത്തവർക്ക് പരസ്യങ്ങൾ കണ്ടുകൊണ്ട് തന്നെ പഴയപോലെ ഫ്രീയായി തുടരാം. എക്സ് (ട്വിറ്റർ) പോലുള്ള പ്ലാറ്റ്‌ഫോമുകൾ നിലവിൽ ഇതേ രീതിയാണ് പിന്തുടരുന്നത്. സബ്സ്ക്രിപ്ഷൻ എടുക്കുന്നവർക്ക് ചിലപ്പോൾ സ്പെഷ്യൽ ഫീച്ചറുകളും വാട്സ്ആപ്പ് നൽകിയേക്കാം.
എന്തുകൊണ്ട് ഈ മാറ്റം?
ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും പരസ്യങ്ങളിലൂടെ കോടികൾ കൊയ്യുമ്പോൾ വാട്സ്ആപ്പിൽ നിന്ന് മെറ്റയ്ക്ക് വലിയ വരുമാനം ഒന്നും ലഭിക്കുന്നില്ല എന്നതാണ് ഈ മാറ്റത്തിന് പിന്നിലെ പ്രധാന കാരണം. ബിസിനസ് അക്കൗണ്ടുകളിൽ നിന്ന് പണം ഈടാക്കുന്നുണ്ടെങ്കിലും സാധാരണ ഉപഭോക്താക്കളിൽ നിന്നും ലാഭമുണ്ടാക്കാനാണ് കമ്പനി ഇപ്പോൾ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ ചില രാജ്യങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഇത് നടപ്പിലാക്കും.
ഫ്രീയായി കിട്ടിയിരുന്ന ഒന്നിലേക്ക് പണം കടന്നുവരുമ്പോൾ ഉപഭോക്താക്കൾ എങ്ങനെ പ്രതികരിക്കുമെന്നത് വലിയൊരു ചോദ്യമാണ്. പരസ്യങ്ങൾ സഹിച്ചും ഫ്രീയായി ഉപയോഗിക്കണോ അതോ പണം നൽകി സമാധാനമായി സ്റ്റാറ്റസ് കാണണോ എന്നത് ഇനി നമ്മുടെ ഇഷ്ടം.












Click it and Unblock the Notifications