കോണ്‍ഗ്രസിന്റെ മാത്രമായിരുന്ന ഉത്തര്‍ പ്രദേശ്; ആ പഴയ പ്രഭാവത്തിന്റെ കഥ ഇങ്ങനെ... ഒടുക്കത്തിന്റേയും
ഇന്ന് ഉത്തര്‍ പ്രദേശ് എന്ന് പറഞ്ഞാല്‍ യോഗി ആദിത്യനാഥിന്റെ ഉത്തര്‍ പ്രദേശ് ആണ്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി സര്‍ക്കാരിന് 62 എംപിമാരെ സംഭാവന ചെയ്തതും ഇതേ ഉത്തര്‍ പ്രദേശ് തന്നെയാണ്. 2014 ലെ തിരഞ്ഞെടുപ്പില്‍ ബിജെപി ഉത്തര്‍ പ്രദേശില്‍ നേടിയത് 71 സീറ്റുകളായിരുന്നു എന്ന് കൂടി ഓര്‍ത്തുവയ്ക്കണം.
എന്നാല്‍ ഇങ്ങനെ ആയിരുന്നില്ല ഉത്തര്‍ പ്രദേശ് മുമ്പ്. 2009 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 21 സീറ്റുകള്‍ നേടിയ സംസ്ഥാനമായിരുന്നു അത്. ഉത്തര്‍ പ്രദേശിന് ഇതുവരെ ഉണ്ടായ 21 മുഖ്യമന്ത്രിമാരില്‍ 11 പേരും കോണ്‍ഗ്രസ്സുകാരായിരുന്നു എന്ന് പറയുമ്പോള്‍ തന്നെ ഒരു കാര്യം വ്യക്തമാണ്. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായിരുന്നു ഉത്തര്‍ പ്രദേശ്. പിന്നെങ്ങനെ ഉത്തര്‍ പ്രദേശിലെ കോണ്‍ഗ്രസ് ഇങ്ങനെയായി? ആ ചരിത്രം കൂടി പരിശോധിക്കേണ്ടതുണ്ട്...

ആഗ്ര-ഔധ് സംയുക്ത സംസ്ഥാനം എന്നായിരുന്നു സ്വാതന്ത്ര്യം കിട്ടുമ്പോള്‍ ഉത്തര്‍ പ്രദേശിന്റെ പേര്. 1950 ജനുവരി 12 ന് ആണ് ഉത്തര്‍ പ്രദേശ് എന്ന പേര് ലഭിക്കുന്നത്. ഭരണഘടന നിലവില്‍ വന്നപ്പോള്‍ ഉത്തര്‍ പ്രദേശിന് സംസ്ഥാന പദവിയും ലഭിച്ചു. 1952 ല്‍ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ വിജയം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനായിരുന്നു. 347 മണ്ഡലങ്ങളായിരുന്നു അന്ന് ഉണ്ടായിരുന്നത്. അതില്‍ 83 ഇടത്ത് ഇരട്ട അംഗങ്ങളും. ആ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലഭിച്ചത് 388 സീറ്റുകള്‍ ആയിരുന്നു. അതായത് 90 ശതമാനത്തിന് മുകളില്‍ സീറ്റുകള്‍. ജിബി പന്ഥ് ആയിരുന്നു അന്ന് മുഖ്യമന്ത്രിയായത്. രണ്ട് വര്‍ഷത്തിന് ശേഷം സമ്പൂര്‍ണാനന്ത് മുഖ്യമന്ത്രി ദവിയില്‍ എത്തി.

1957 ല്‍ ആയിരുന്നു ഉത്തര്‍ പ്രദേശിലെ രണ്ടാം നിയമസഭാ തിരഞ്ഞെടുപ്പ്. സമ്പൂര്‍ണാനന്ദിന്റെ നേതൃത്വത്തിലായിരുന്നു കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ആദ്യ തിരഞ്ഞെടുപ്പില്‍ ലഭിച്ചത്ര ഭൂരിപക്ഷമൊന്നും രണ്ടാം തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലഭിച്ചില്ല. ഒറ്റയടിക്ക് കുറഞ്ഞത് 102 സാറ്റുകളായിരുന്നു. ബിജെപിയുടെ ആദ്യരൂപമായ ജനസംഘം അന്ന് 17 സീറ്റുകള്‍ നേടി. 91 സീറ്റില്‍ മത്സരിച്ച സിപിഐ അന്ന് 9 സീറ്റുകളില്‍ വിജയിക്കുകയും ചെയ്തു. സമ്പൂര്‍ണാനന്ദ് തന്നെ മുഖ്യമന്ത്രിയായി എത്തിയെങ്കിലും അവസാന രണ്ട് വര്‍ഷം ചന്ദ്രഭാനു ഗുപ്തയെ കോണ്‍ഗ്രസ് ആ ഉത്തരവാദിത്തം ഏല്‍പിച്ചു.

1962 ല്‍ ചന്ദ്രഭാനു ഗുപ്ത ആയിരുന്നു കോണ്‍ഗ്രസിനെ നയിച്ചത്. രണ്ടാം നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ മോശമായിരുന്നു ഇത്തവണ കോണ്‍ഗ്രസിന്റെ പ്രകടനം. സീറ്റുകളുടെ എണ്ണം 286 ല്‍ നിന്ന് 249 ആയി കുറഞ്ഞു. അതേ സമയം ജനസംഘം അവരുടെ ശക്തി പ്രകടനം ഉത്തര്‍ പ്രദേശില്‍ നടത്തുകയും ചെയ്തു. 17 സീറ്റില്‍ നിന്ന് അവര്‍ 49 ലേക്ക് ഉയര്‍ന്നു. അടിസ്ഥാന പരമായി പറഞ്ഞാല്‍, ബിജെപി ഇപ്പോള്‍ നേടിയ വളര്‍ച്ച വളരെ പെട്ടെന്ന് സൃഷ്ടിക്കപ്പെട്ട ഒന്നായിരുന്നില്ല. കോണ്‍ഗ്രസിനെ തളര്‍ത്തിക്കൊണ്ട് തന്നെയാണ് അവര്‍ ക്രമേണ വളര്‍ന്നുവന്നത്.

1963 ല്‍ ചന്ദ്രഭാനു ഗുപ്തയെ മാറ്റ് സുചേത കൃപലാനിയെ കോണ്‍ഗ്രസ് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയാക്കി. ഒരു ഇന്ത്യന്‍ സംസ്ഥാനത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തെത്തിയ ആദ്യ വനിതയായിരുന്നു സുചേത കൃപലാനി. 1967 ലെ തിരഞ്ഞെടുപ്പില്‍ ഈ ഒരു ഊറ്റം കൊണ്ട് കൂടിയായിരുന്നു കോണ്‍ഗ്രസ് മുന്നിട്ടിറങ്ങിയത്. എന്നാല്‍ സീറ്റുകളുടെ എണ്ണത്തില്‍ വീണ്ടും വലിയ ഇടിവാണ് സംഭവിച്ചത്. 249 ല്‍ നിന്ന് അത് 199 ആയി കുറഞ്ഞു. എങ്കിലും അധികാരത്തില്‍ തുടരാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. 49 സീറ്റ് മാത്രം ഉണ്ടായിരുന്ന ജനസംഘം അവരുടെ സീറ്റുകളുടെ എണ്ണം 98 ആയി അപ്പോഴേക്കും വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ചന്ദ്രഭാനു ഗുപ്തയാണ് വീണ്ടും മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയത്. 19 ദിവസം മാത്രമായിരുന്നു ആ സര്‍ക്കാരിന്റെ ആയുസ്സ്. മുന്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായ ചരണ്‍ സിങിന്റെ നേതൃത്വത്തില്‍ ഭാരതീയ ക്രാന്തി ദള്‍ സര്‍ക്കാര്‍രൂപീകരിച്ചു. ആ സര്‍ക്കാരിനും ഒരു വര്‍ഷം തികയ്ക്കാന്‍ ആയില്ല. ഒടുവില്‍ ഒരു വര്‍ഷം നീണ്ടു നിന്ന രാഷ്ട്രപതി ഭരണത്തിന് ശേഷം നിയമസഭ പിരിച്ചുവിട്ടു.

1969 ല്‍ ഉത്തര്‍ പ്രദേശില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടന്നു. 211 സീറ്റില്‍ വിജയിച്ച് കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും കേവല ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. ചന്ദ്രഭാനു ഗുപ്തയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. ഒരു വര്‍ഷം തികയും മുമ്പ് ആ സര്‍ക്കാരിനെ അട്ടിമറിച്ച് വീണ്ടും ചരണ്‍സിങിന്റെ നേതൃത്വത്തില്‍ ക്രാന്തിദള്‍ സര്‍ക്കാര്‍ അധികാരത്തിലെത്തി. ഒരു വര്‍ഷം പൂര്‍ത്തിയാകും മുമ്പ് വീണ്ടും രാഷ്ട്രപതിഭരണം വന്നു. അപ്പോഴേക്കും കോണ്‍ഗ്രസിനുള്ളില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമായിരുന്നു. രാഷ്ട്രപതി ഭരണത്തിന് ശേഷം അധികാരത്തിലെത്തിയത് കോണ്‍ഗ്രസ് (ഒ) നേതാവ് ടിഎന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ആയിരുന്നു. 167 ശേഷം ഈ സര്‍ക്കാരിനെ താഴെയിറക്കി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കമലാപതി തൃപാഠിയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ വന്നു. രണ്ട് വര്‍ഷത്തിന് ശേഷം വീണ്ടും രാഷ്ട്രപതി ഭരണത്തിന് സാക്ഷിയായി ഉത്തര്‍ പ്രദേശി. അഞ്ചാം നിയമസഭയുടെ അവസാനകാലത്ത് മുഖ്യമന്ത്രി കസേരയില്‍ ഇരുന്നത് കോണ്‍ഗ്രസിന്റെ എച്ച്എന്‍ ബഹുഗുണ ആയിരുന്നു. അഞ്ച് വര്‍ഷത്തിനിടെ രണ്ട് രാഷ്ട്രപതി ഭരണവും അഞ്ച് മുഖ്യമന്ത്രിമാരും എന്നതായിരുന്നു ഉത്തര്‍ പ്രദേശിന്റെ സ്ഥിതി.

1974 ലെ തിരഞ്ഞെടുപ്പിലും ഏറ്റവും വലിയ ഒറ്റക്കക്ഷി കോണ്‍ഗ്രസ് തന്നെ ആയിരുന്നു. 215 സീറ്റുകള്‍ ആണ് നേടിയത്. എച്ച്എന്‍ ബഹുഗുണ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുകയും ചെയ്തു. ആ സര്‍ക്കാരും അധികനാള്‍ വാണില്ല. വീണ്ടും രാഷ്ട്രപതി ഭരണം നിലവില്‍ വന്നു. അതിന് ശേഷം എന്‍ഡി തിവാരിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലേറി. എന്നാല്‍ കാലാവധി പൂര്‍ത്തിയാക്കും മുമ്പ് 1977 ല്‍ ഉത്തര്‍ പ്രദേശ് അസംബ്ലി പിരിച്ചുവിടുകയും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയും ചെയ്തു.

ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിന് ആദ്യമായി ശക്തമായ തിരിച്ചടിയേറ്റ തിരഞ്ഞെടുപ്പ് കൂടിയായിരുന്നു 1977 ലേത്. അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനോടും ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിലുണ്ടായിരുന്ന കേന്ദ്ര സര്‍ക്കാരിനോടും ഉള്ള പ്രതിഷേധം ജനം ബാലറ്റ് പേപ്പറില്‍ പ്രകടിപ്പിച്ചു. 425 ല്‍ വെറും 47 സീറ്റിലേക്ക് കോണ്‍ഗ്രസ് ഒതുങ്ങി. ജനതാ പാര്‍ട്ടി അന്ന് അധികാരത്തിലേറിയ 352 സീറ്റുകളോടെ ആയിരുന്നു. രാം നരേഷ് യാദവിന്റെ നേതൃത്വത്തിലായിരുന്നു മന്ത്രിസഭ രൂപീകരിച്ചത്. ഒന്നര വര്‍ഷത്തിന് ശേഷം ബിഎന്‍ ദാസ് മുഖ്യമന്ത്രി കസേരയില്‍ എത്തി. ഒരു വര്‍ഷം തികയ്ക്കും മുമ്പേ ആ സര്‍ക്കാരും വീണു. നിയമസഭ പിരിച്ചുവിട്ട് ഉത്തര്‍ പ്രദേശ് വീണ്ടും രാഷ്ട്രപതി ഭരണത്തിന്‍ കീഴിലായി.

കോണ്‍ഗ്രസിന്റെ ഏറ്റവും ഗംഭീരമായ തിരിച്ചുവരവ് കണ്ട തിരഞ്ഞെടുപ്പായിരുന്നു 1980 ലേത്. 309 സീറ്റുകളോടെ ആയിരുന്നു അന്ന് അവര്‍ അധികാരത്തിലേറിയത്. പിന്നീട് ഇന്ത്യന്‍ പ്രധാനമന്ത്രിയായ വിപി സിങ് ആയിരുന്നു അത്തവണ ഉത്തര്‍ പ്രദേശിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായത്. വിപി സിങ് പിന്നീട് ജനദാ ദളിന്റെ ഭാഗമായി. രണ്ട് വര്‍ഷമായിരുന്നു അദ്ദേഹം മുഖ്യമന്ത്രി പദത്തിലിരുന്നത്. അതിന് ശേഷം ശ്രീപതി മിശ്രയും തുടര്‍ന്ന് എന്‍ഡി തിവാരിയും മുഖ്യമന്ത്രി കസേരയില്‍ എത്തി. കാലങ്ങള്‍ക്ക് ശേഷം കാലാവധി തികച്ച ഒരു സര്‍ക്കാര്‍ ആയിരുന്നു അത്തവണ ഉത്തര്‍ പ്രദേശില്‍ ഉണ്ടായത്. തുടര്‍ന്ന് 1985 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 269 സീറ്റുകളോടെ കോണ്‍ഗ്രസ് അധികാരത്തിലേറി. എന്‍ഡി തിവാരിയും വീര്‍ ബഹാദുര്‍ സിങും മാറിമാറി മുഖ്യമന്ത്രിമാര്‍ ആവുകയും ചെയ്തു. ആ സര്‍ക്കാരും അഞ്ച് വര്‍ഷ കാലാവധി തികച്ചു.

ഉത്തര്‍ പ്രദേശിലെ അവസാന കോണ്‍ഗ്രസ് സര്‍ക്കാര്‍ ആയിരുന്നു എന്‍ഡി തിവാരിയുടെ നേതൃത്വത്തില്‍ 1985 ല്‍ രൂപം കൊണ്ടത്. പിന്നീട് നടന്ന ഒരു തിരഞ്ഞെടുപ്പിലും 100 മുകളില്‍ സീറ്റ് നേടാന്‍ പോലും കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. രൂപീകരിക്കപ്പെടുമ്പോള്‍ ഒന്നുമല്ലായിരുന്നു ബിജെപി ഇന്ന് ഉത്തര്‍ പ്രദേശില്‍ സമസ്താധികാരങ്ങളും കൈയ്യടക്കി വച്ചിരിക്കുകയാണ്.
Recommended Video

ഇനി ലോക്‌സഭാ തിരഞ്ഞെടുപ്പുകളുടെ കണക്കുകള്‍ നോക്കാം. ഇന്ന് എങ്ങനെയാണോ ബിജെപി ഉത്തര്‍ പ്രദേശില്‍ വിജയിച്ചു നില്‍ക്കുന്നത്, അതിലും ശക്തമായിരുന്നു ലോക്‌സഭ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ സാന്നിധ്യം. അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ഒഴികെ എല്ലാ തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന് മൃഗീയ ഭൂരിപക്ഷം ആയിരുന്നു ഉത്തര്‍ പ്രദേശില്‍ ലഭിച്ചിരുന്നത്. 1984 വരെ ഇത് തുടര്‍ന്നു. ആ തിരഞ്ഞെടുപ്പില്‍ 85 ല്‍ 83 സീറ്റിലും വിജയിച്ചത് കോണ്‍ഗ്രസ് ആയിരുന്നു. പക്ഷേ, 1989 ല്‍ കോണ്‍ഗ്രസിന്റെ എംപിമാരുടെ എണ്ണം 15 ലേക്ക് കൂപ്പുകുത്തി. 1991 ല്‍ അത് വെറും അഞ്ചെണ്ണം മാത്രമായി. പിന്നീട് 1999 ല്‍ ആണ് 10 എംപിമാര്‍ എന്ന നിലയിലേക്ക് കോണ്‍ഗ്രസ് ഉത്തര്‍ പ്രദേശില്‍ ഉയര്‍ന്നത്. പിന്നീട് കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവച്ചത് 2009 ലെ ലോക്‌സഭ തിരഞ്ഞടുപ്പില്‍ ആയിരുന്നു. അത്ത് 21 സീറ്റില്‍ അവര്‍ക്ക് ജയിക്കാന്‍ ആയി. എന്നാല്‍ 2014 ല്‍ ഇത് രണ്ടിലേക്കും 2019 ല്‍ ഒന്നിലേക്കും കോണ്‍ഗ്രസ് ചുരുങ്ങി.












Click it and Unblock the Notifications