ആദ്യം അനുരഞ്ജനം, പിന്നീട് ഭീഷണി, ഒടുവില്‍ അനുകൂല വിധി; ഫ്രാങ്കോ മുളയ്ക്കല്‍ കേസില്‍ ഇതുവരെ സംഭവിച്ചത്...

കൊച്ചി: സമീപകാലത്ത് സമാനതകളില്ലാതെ കേരളം ചര്‍ച്ച ചെയ്ത സംഭവമായിരുന്നു ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ ലൈംഗിക പീഡന ആരോപണം. രാജ്യത്തെ കത്തോലിക്ക സഭയെ നാണക്കേടിലെത്തിച്ച സംഭവമായിരുന്നു ഇത്. വിശ്വാസികളെ രണ്ട് തട്ടിലേക്ക് മാറ്റിയ കേസിലെ വിധി ഒടുവില്‍ ഫ്രാങ്കോ മുളയ്ക്കലിന് അനുകൂലമായി പുറത്തുവന്നിരിക്കുകയാണ്.

കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാര്‍ ആണ് കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയത്. കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തില്‍വെച്ച് 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ഒരു കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ 13 തവണ പീഡിപ്പിച്ചെന്നായിരുന്നു കേസ്. കേരളം ഏറെ നാള്‍ ചര്‍ച്ച ചെയ്ത ഈ കേസിന്റെ നാള്‍വഴികള്‍ എന്തൊക്കെയായിരുന്നുവെന്ന് ഒന്ന് പരിശോധിക്കാം.

1

ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ 13 തവണ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി ഉന്നയിച്ച് മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗവും കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ അന്തേവാസിയുമായ കന്യാസ്ത്രീ രംഗത്തെത്തിതോടെയാണ് സംഭവങ്ങളുടെ തുടക്കം. 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ തന്നെ ഫ്രാങ്കോ പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. കുറുവിലങ്ങാട് മഠത്തില്‍വെച്ച് പീഡനത്തിനിരയായെന്നായിരുന്നു ആരോപണം. പ്രകൃതിവിരുദ്ധ പീഡനത്തിനിരയായെന്നും ബിഷപ്പ് ഭീഷണിപ്പെടുത്തിയെന്നും ഇവരുടെ പരാതിയിലുണ്ടായിരുന്നു. കന്യാസ്ത്രീ മദര്‍ സുപ്പീരിയറിന് ഫ്രാങ്കോയ്‌ക്കെതിരെ പരാതി നല്‍കുന്നത് 2018 മാര്‍ച്ച് 26നാണ്.

2

ഇതോടെ സംഭവം ഒതുക്കി തീര്‍ക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. ജൂണ്‍ 2ന് കോടനാട് വികാരിയാണ് കേസില്‍ ആദ്യ ഇടപെടല്‍ നടത്തുന്നത്. അതേസമയം ആരോപണങ്ങളില്‍ ഉറച്ച് നിന്ന കന്യാസ്ത്രീ ജൂണ്‍ 7ന് ജില്ലാ പൊലീസ് മേധാവിയായിരുന്ന ഹരിശങ്കറിന് പരാതി നല്‍കി. എന്നാല്‍ 21 ദിവസങ്ങള്‍ക്ക് ശേഷം ജൂണ്‍ 28 നാണ് പൊലീസ് കേസില്‍ എഫ് ഐ ആര്‍ ഇടുന്നത്. ഡി വൈ എസ് പി കെ സുഭാഷിനായിരുന്നു അന്വേഷണ ചുമതല. ജൂലൈ ഒന്നിനാണ് പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴിയെടുക്കുന്നത്. 2018 ജൂലൈ 5ന് ചങ്ങനാശ്ശേരി മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരായി പരാതിക്കാരിയായ കന്യാസ്ത്രീ രഹസ്യ മൊഴി നല്‍കി.

3

പരാതി പുറത്തുവന്നതോടെ സമാനതകളില്ലാത്ത വിദ്വേഷ പ്രചരണങ്ങളാണ് കന്യാസ്ത്രീ നേരിട്ടത്. പരാതിയില്‍ നിന്ന് പിന്തിരിയാന്‍ സഹോദരനെ കേസില്‍ കുടുക്കിയെങ്കിലും ആരോപണത്തില്‍ നിന്ന് കന്യാസ്ത്രീ പിന്‍മാറിയില്ല. ഇതിനിടെ ജൂലൈ ഏഴിന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ മഠത്തിലെത്തി കന്യാസ്ത്രീയെ കണ്ടതോടെ വിഷയം ദേശീയ ശ്രദ്ധയാകര്‍ഷിച്ചു. തൊട്ടടുത്ത ദിവസം ജൂലൈ 8ന് കന്യാസ്ത്രീയുടെ ബന്ധുക്കള്‍ ബിഷപ്പിനെ ഭീഷണിപ്പെടുത്തിയെന്ന സാക്ഷി സിജോയുടെ മൊഴി പുറത്തുവന്നു. എന്നാല്‍ ഇത് വ്യാജമാണെന്ന് കണ്ടെത്തി പിന്നീട് തള്ളി. ഇതിനിടെ കന്യാസ്ത്രീ സമരവും ഉടലെടുത്തു. അനേകം സമരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കേരളത്തിലെ കന്യാസ്ത്രീ സമരത്തിനെതിരെ പി സി ജോര്‍ജ് അടക്കമുള്ള നേതാക്കള്‍ രംഗത്ത് വന്നു. എന്നാല്‍ സോഷ്യല്‍ മീഡിയ അടക്കം സമരം ഏറ്റെടുത്തതോടെ ഫ്രാങ്കോയ്‌ക്കെതിരായ വികാരവും ശക്തമായി.

4

ജൂലൈ 14ന് അന്വേഷണസംഘം പാലാ ബിഷപ്പിന്റെ മൊഴിയെടുത്തു. എന്നാല്‍ കന്യാസ്ത്രീ വാക്കാല്‍ പരാതി പറഞ്ഞെന്നായിരുന്നു മാര്‍ ജോസ് കല്ലറങ്ങാട്ടിന്റെ മൊഴി. സഭയുടെ ഭാഗത്ത് നിന്ന് കേസില്‍ നിന്ന് പിന്മാറാന്‍ കന്യാസ്ത്രീയ്ക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമായ നാളുകളായിരുന്നു പിന്നീട്. 2018 ജൂലൈ 25ന് കേസില്‍ നിന്ന് പിന്‍മാറാന്‍ രൂപത അധികാരികള്‍ അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന കന്യാസ്ത്രീയുടെ സഹോദരന്റെ വെളിപ്പെടുത്തല്‍ വലിയ വാര്‍ത്തയായി. ജൂലൈ 30ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ മൊഴി രേഖപ്പെടുത്തിയ അന്വേഷണസംഘം ഓഗസ്റ്റ് 13നാണ് ബിഷപ്പ് ഫ്രാങ്കോയെ ചോദ്യം ചെയ്യാന്‍ എത്തിയത്. എന്നാല്‍ ജലന്ധറിലെത്തിയ പൊലീസിന് ഒരു സംഘം വിശ്വാസികളുടെ പ്രതിഷേധത്തെ നേരിടേണ്ടി വന്നു. ഇതോടെ ഫ്രാങ്കോയെ കേരളത്തിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യാന്‍ നോട്ടീസ് അയച്ചു.

5

ഓഗസ്റ്റ് 28ന് കേരളത്തെ ഞെട്ടിച്ചുകൊണ്ട് തന്നെ വധിക്കാന്‍ ശ്രമിച്ചതായി കന്യാസ്ത്രീയുടെ പരാതി വന്നു. സെപ്റ്റംബര്‍ പത്തിന് കേസിലെ പുരോഗതി വിശദീകരണിക്കണെന്നാവശ്യപ്പെട്ട് ഹൈക്കോടതിയുടെ ഇടപെടലുണ്ടായി. വിവാദങ്ങള്‍ ശക്തമായതോടെ സെപ്റ്റംബര്‍ 15ന് ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ചുമതലകളില്‍ നിന്ന് താല്‍ക്കാലികമായി ഒഴിഞ്ഞു. അധികം വൈകാതെ സെപ്റ്റംബര്‍ 19ന് തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യലിനായി ഫ്രാങ്കോ ഹാജരായി. ഹൈ ടെക് മുറിയൊരുക്കിയായിരുന്നു പൊലീസിന്റെ ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യുന്നതിനിടയിലെ ഫ്രാങ്കോയുടെ മുഖഭാവങ്ങള്‍ ഒപ്പിയെടുക്കാന്‍ മൂന്ന് ക്യാമറകളാണ് മുറിയില്‍ സജ്ജീകരിച്ചത്. ചോദ്യം ചെയ്യുമ്പോള്‍ വീഡിയോ ദൃശ്യങ്ങളിലൂടെ മേലുദ്യോഗസ്ഥര്‍ സൂക്ഷ്മ നിരീക്ഷണം നടത്തി.

6

എന്നാല്‍ കന്യാസ്ത്രീയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചായിരുന്നു ഫ്രാങ്കോ മുളയ്ക്കല്‍ ചോദ്യം ചെയ്യലിനെ നേരിട്ടത്. എന്നാല്‍ കന്യാസ്ത്രീ മഠത്തിലെ ബിഷപ്പിന്റെ സന്ദര്‍ശനങ്ങളും മൊബൈല്‍ സന്ദേശങ്ങളും പൊലീസ് വിവരിച്ചതോടെ ഫ്രാങ്കോ പതറി. സെപ്തംബര്‍ 21-ാം തീയതി എട്ട് മണിയോടെയാണ് ഫ്രാങ്കോയുടെ അറസ്റ്റ് രേഖപ്പെടുത്തി. രണ്ട് ദിവസത്തിന് ശേഷം സെപ്റ്റംബര്‍ 23ന് ഫ്രാങ്കോയെ കുറുവിലങ്ങാട് മഠത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി. സെപ്റ്റംബര്‍ 24ന് ഫ്രാങ്കോ മുളയ്ക്കലിനെ റിമാന്‍ഡ് ചെയ്തു. 25 ദിവസം നീണ്ട ജയിലില്‍ കിടന്ന ഫ്രാങ്കോയ്ക്ക് ഒക്ടോബര്‍ 15ന് ഹൈക്കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഇതിനിടെ കന്യാസ്ത്രീയ്ക്ക് സമൂഹത്തിന്റെ ഒരു വിഭാഗത്തില്‍ നിന്ന് പിന്തുണ ഏറിയിരുന്നു. 2019 ഏപ്രില്‍ 9 നാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

7

മേലധികാരം ഉപയോഗിച്ച് ലൈംഗിക പീഡനം, ആവര്‍ത്തിച്ചുള്ള ബലാല്‍സംഗം, അധികാര ദുര്‍വിനിയോഗത്തിലൂടെ ലൈംഗിക ചൂഷണം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, അന്യായമായ തടഞ്ഞുവെയ്ക്കല്‍ ,സ്ത്രീകള്‍ക്കെതിരായ അതിക്രമം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഫ്രാങ്കോയ്ക്ക് മേല്‍ ചുമത്തിയിരുന്നത്. 83 സാക്ഷികളാണ് കേസിലുണ്ടായിരുന്നത്. ബിഷപ്പിന്റെ ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍, മഠത്തിലെ സന്ദര്‍ശക രജിസ്റ്റര്‍ അടക്ക ആകെ 122 തെളിവുകളാണുണ്ടായിരുന്നത്. ഫ്രാങ്കോയുടെ വിടുതല്‍ ഹര്‍ജി അഡീഷണല്‍ സെഷന്‍സ് കോടതിയും പിന്നീട് ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളി. 2020 സെപ്റ്റംബര്‍ 16ന് കോട്ടയം അഡിഷനല്‍ സെഷന്‍സ് കോടതിയിലാണ് അടച്ചിട്ട മുറിയില്‍ വിചാരണ തുടങ്ങിയത്.

8

14 ദിവസം വിചാരണക്ക് ഹാജരാകാതിരുന്ന ബിഷപ്പ് ഫ്രാങ്കോക്ക് കോട്ടയത്തെ കോടതി ജാമ്യമില്ലാ വാറന്റും പുറപ്പെടുവിച്ചു. ഒടുവില്‍ വിചാരണക്ക് നേരിട്ട് ഹാജരാകാമെന്ന് ബിഷപ്പ് നേരിട്ടെത്തി അറിയിച്ചതോടെയാണ് ജാമ്യം നല്‍കിയത്. ഇതിനിടെ നവംബര്‍ അഞ്ചിന് ഫ്രാങ്കോയുടെ വിടുതല്‍ പുനഃപരിശോധന ഹര്‍ജിയും സുപ്രീംകോടതി തള്ളി. ആത്മീയ ശക്തി കോടതിക്കുമേല്‍ പ്രയോഗിക്കാനാണോ ശ്രമം എന്ന് ബിഷപ്പ് ഫ്രാങ്കോയോടു ചോദിച്ചു കൊണ്ടാണ് സുപ്രീംകോടതി ഹരജി തളളിയത്. 2021 ഡിസംബര്‍ 29നാണ് കേസില്‍ വാദം പൂര്‍ത്തിയായത്. ഒടുവില്‍ 2022 ജനുവരി 14 ന് ഫ്രാങ്കോ മുളയ്ക്കലിനെ കേസില്‍ കുറ്റവിമുക്തനാക്കി.

Recommended Video

cmsvideo
    ഫ്രാങ്കോ കുറ്റവിമുക്തൻ, വിധി കേട്ട് പൊട്ടിക്കരണഞ്ഞു..
    9

    ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായി വിചാരണ നേരിട്ട രാജ്യത്തെ ആദ്യത്തെ കത്തോലിക്കാ ബിഷപ്പാണ് ഫ്രാങ്കോ മുളക്കല്‍. സിസ്റ്റര്‍ അഭയ കേസിന് ശേഷം ക്രിസ്ത്യന്‍ സമൂഹത്തിനിടയില്‍ ഏറെ കോളിളക്കമുണ്ടായ കേസായിരുന്നു ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ്. മേല്‍ക്കോടതികളിലേക്ക് കേസ് പോയാല്‍ വിധിയെന്താകുമെന്ന് നിശ്ചയമില്ലെങ്കിലും വിചാരണ കോടതി വിധിയോടെ ഫ്രാങ്കോയ്ക്ക് താല്‍ക്കാലികമായി ആശ്വസിക്കാം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+
    q